2012-11-22 17:13:15

വിശ്വാസത്തിന്‍റെ മനോഹാരിതയ്ക്ക്
നിറക്കൂട്ടായ് വിശ്വാസവത്സരം


22 നവംമ്പര്‍ 2012, വത്തിക്കാന്‍
കലാകാരന്‍റെ ചാതുരിയോടെ വിശ്വാസത്തിന്‍റെ മനോഹാരിതയ്ക്ക് നിറക്കൂട്ടു പകരുവാന്‍ സഭ പരിശ്രമിക്കുന്ന അവസരമാണ് വിശ്വാസവത്സരമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു.
നവംമ്പര്‍ 21-ാം തിയതി റോമില്‍ സംഗമിച്ച പൊന്തിഫിക്കല്‍ അക്കാഡമികളുടെ 17-ാമത് പൊതുസമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ഇന്നിന്‍റെ വിപുലവും പ്രകടവുമായ സാംസ്ക്കാരിക പശ്ചാത്തലത്തില്‍ സഭയുടെ സാംസ്ക്കാരിക പൈതൃകം നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന കലാകാരന്മാരുടെ സംഗമത്തെ പാപ്പ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവ ജീവിതത്തിന്‍റെ ‘ഉച്ചവും ഉറവു’മായ (liturgy the source and summit of Christian life, sc.10) ആരാധനക്രമത്തിലും ദേവാലയങ്ങളിലുമാണ് വിശ്വസത്തിന്‍റെ മനോഹാരിത കലാകരാന്മാര്‍ പ്രകടിപ്പിക്കേണ്ടതെന്ന് പരാമര്‍ശിച്ച പാപ്പ, വിശ്വാസ ജീവിതത്തില്‍ കലയ്ക്കുള്ള പ്രസക്തിയും പ്രാധാന്യവും സന്ദേശത്തില്‍ സമര്‍ത്ഥിച്ചു .

വിശ്വാസത്തിന്‍റെയും കലാപ്രതിഭയുടെയും ഫലവത്തായ സംഗമമാണ് ക്രൈസ്തവ കലയെന്നും, സഭയുടെ അനിതര സാധാരണമായ കലാ-സാംസ്ക്കാരിക പൈതൃകത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കുവാനും ഈ മേഖലയില്‍ ഏറെ മൗലികമായ ഉദ്ഗ്രഥനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും, അത് പൊന്അക്കാഡമിയുടെ ലക്ഷൃം ആയിരിക്കണമെന്നും പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.

ധാരണയും ഭാവനയും സംഗമിച്ച് രൂപമെടുക്കുന്ന കാലാസൃഷ്ടിപോലെ, അകവും പുറവും, ആത്മാവും ശരീരവും, ദൈവവും മനുഷ്യനും ഒന്നുചേരുന്ന ദൈവമഹത്വത്തിന്‍റെ പ്രതിച്ഛായയായ ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെ ശ്രേഷ്ഠമായ ദൃശ്യാവിഷ്ക്കരണമായിരിക്കണം ക്രൈസ്തവ കലയെന്നും
പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. അക്കാഡിയുടെ കലാസാംസ്ക്കാരിക മേഖലയിലുള്ള ഈ വര്‍ഷത്തെ പുരസ്ക്കാരങ്ങള്‍ പോളിഷ് ശില്പി അന്നാ ഗുലാക്കിനും, സ്പാനിഷ് ചിത്രകാരന്‍ ഡേവിഡ് റൈബ്സ് ലോപ്പസിനും, മികവിന്‍റെ അംഗീകാരവും പ്രോത്സഹനവുമായി പേപ്പല്‍ മെഡല്‍, ഇറ്റാലിയന്‍ യുവശില്പി ജക്കോപ്പോ കര്‍ദീല്ലോയ്ക്കും സമ്മാനിക്കുന്നതായി പാപ്പ സന്ദേശത്തില്‍ പ്രഖ്യാപിച്ചു.









All the contents on this site are copyrighted ©.