2012-11-21 19:19:33

വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള
മനുഷ്യന്‍റെ പ്രതികരണമാണ് വിശ്വാസം


21 നവംമ്പര്‍ 2012, റോം
വിശ്വാസം ദൈവത്തെ അറിയാനുള്ള മാര്‍ഗ്ഗമല്ല, വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രതികരണമാണെന്ന്, വത്തിക്കാന്‍റെ ദൈവശാസ്ത്ര പണ്ഡിതന്‍, ഫാദര്‍ ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു.

വിശ്വാസവത്സരാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കുന്ന ദൈവശാസ്ത്ര പഠന പരമ്പരയിലാണ് ഫാദര്‍ കൊവാല്‍സിക്ക് ഇങ്ങനെ വ്യാഖ്യാനിച്ചത്.
ഈശ്വരാസ്തിത്വത്തെ സമന്വിയിപ്പിക്കുന്ന വാദമുഖങ്ങള്‍ ഉന്നയിക്കാനും,
അവ ലഭ്യമാക്കാനും മനുഷ്യന് സാധിക്കുമെങ്കിലും, അവയ്ക്ക് പരിമിതികളുണെ്ടെന്ന് ഫാദര്‍ കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു.

എല്ലാ വസ്തുക്കളുടെയും ആദി കാരണവും പരമാന്ത്യവുമായ ദൈവത്തെ, സ്വാഭാവികമായ ബുദ്ധി പ്രകാശത്തിലൂടെയും, സൃഷ്ട വസ്തുക്കളെക്കുറിച്ചുള്ള പരിചിന്തനത്തിലൂടെയും അറിയുന്നതിനു മനുഷ്യനു നിസ്സംശയം സാധിക്കുമെങ്കിലും, ബലഹീനതകളുള്ള മനുഷ്യന്‍റെ ബുദ്ധിയും വിശ്വാസവും മാത്രം അതിനു പോരെന്നും റോമിലെ ഗ്രിഗോരിന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ഫാദര്‍ കൊവാല്‍സിക്ക് അഭിപ്രായപ്പെട്ടു.

വിശ്വാസം ദൈവത്തെ അറിയാനുള്ള മാര്‍ഗ്ഗമല്ല, മറിച്ച് സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രതികരണമാണതെന്നും, സഭയുടെ വിശ്വാസത്തില്‍ ത്രിത്വം, മനുഷ്യാവതാരം, കൃപ അല്ലെങ്കില്‍
പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്നീ ത്രിയേക ഭാവത്തിലാണ് ദൈവം തന്നെത്തന്നെ ലോകത്ത് വെളിപ്പിടുത്തുന്നതെന്നും ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.

ദൈവത്തിന്‍റെ അസ്തിത്വം അംഗീകരിക്കുന്നതല്ല, മറിച്ച് നിത്യമായ ദൈവിക ജീവനിലുള്ള പങ്കുചേരലാണ് വിശ്വാസമെന്നും, വിശ്വാസസത്യങ്ങള്‍ മാത്രമല്ല വെളിപാടെന്നും, പ്രഥമവും പ്രധാനവുമായി മനുഷ്യനായി അവതരിച്ച പുത്രനായ ക്രിസ്തുവുമായുള്ള ആത്മബന്ധമാണ് വെളിപാടെന്നും, ദൈവം മനുഷ്യാനായത് മനുഷ്യന്‍ ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ വളരുന്നതിനാണെന്നും ഫാദര്‍ കൊവാല്‍സിക്ക് തന്‍റെ നാലാമത്തെ പ്രബോധനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.