2012-11-17 15:37:04

ഐവറി കോസ്റ്റിന്‍റെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


17 നവംബര്‍ 2012, വത്തിക്കാന്‍
പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റിന്‍റെ പ്രസിഡന്‍റ് അലസ്സനെ ക്വത്തരെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. നവംബര്‍ 16ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് മാര്‍പാപ്പ അലസ്സനെ ക്വത്തരെയുമായി കൂടിക്കാഴ്ച്ച നടത്തിയത്. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും ഐവറി കോസ്റ്റിന്‍റെ പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഐവറി കോസ്റ്റും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ചും, മനുഷ്യാവകാശ സംരക്ഷണത്തിനും, രാജ്യത്ത് സമാധാനവും ഐക്യവും അനുരജ്ഞനവും വളര്‍ത്തുന്നതിനും സഭ നല്‍കുന്ന സംഭാവനകളെക്കുറിച്ചും പ്രസിഡന്‍റ് അലസ്സനെ ക്വത്തരെ കൂടിക്കാഴ്ച്ചയില്‍ പരാമര്‍ശിച്ചു. ഐവറി കോസ്റ്റിലെ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും രാജ്യത്ത് കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകള്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും ആതുര സേവനരംഗത്തും സഭയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ആഫ്രിക്കയിലെ ചില പ്രാദേശിക പ്രതിസന്ധികളെക്കുറിച്ചും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. ഐവറി കോസ്റ്റും പരിശുദ്ധ സിംഹാസനവും തമ്മില്‍ ഒരു ഉടമ്പടി എത്രയും വേഗം ഉണ്ടാകുമെന്ന് ഇരുക്കൂട്ടരും പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.