2012-11-16 18:17:54

ഏറ്റവും ആപത്ക്കരമായ തൊഴില്‍
പരമ്പരാഗത മത്സ്യബന്ധനമെന്ന് വത്തിക്കാന്‍


16 നവംമ്പര്‍ 2012, റോം
ഏറ്റവും ആപത്ക്കരമായ തൊഴില്‍ മത്സ്യബന്ധനമാണെന്ന്,
പ്രവാസി കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ വേല്യോ പ്രസ്താവിച്ചു. നവംമ്പര്‍ 19-മുതല്‍ 23-വരെ തിയതികളില്‍ റോമില്‍ സമ്മേളിക്കുവാന്‍ പോകുന്ന കടിലില്‍ ജോലിചെയ്യുന്നവരുടെയും യാത്രചെയ്യുന്നവരുടെയും അജപാലന ശുശ്രൂഷ്യ്ക്കുള്ള ആഗോള സംഘടന, Apostolatus Maris-ന്‍റെ 23-ാമത് അന്തര്‍ദേശീയ സമ്മേളനത്തിന് ഒരുക്കമായി നടത്തിയ
മാധ്യമ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇപ്രകാരം പ്രസ്താവിച്ചത്.

ഫിഷിങ് ബോട്ടുകളിലും വന്‍ ട്രോളറുകളിലും ജോലിചെയ്യുന്ന മത്സത്തൊഴിലാളികളെക്കാള്‍, പരമ്പരാഗത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വന്‍ തൊഴിലാളി സമൂഹമാണ് ജീവന്‍ പണയംവച്ചും കടലിനോടു മല്ലടിച്ചും, വളരെ അപകടകരമായ സാഹചര്യങ്ങളില്‍ അദ്ധ്യാനിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വേല്യോ വെളിപ്പെടുത്തി. കടലില്‍ വ്യത്യസ്ത തലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ അപകട–മരണ നിരക്കുകളുടെ ആഗോളതലത്തിലുള്ള സ്ഥിതിവിവിരക്കണക്കുകളുടെ വെളിച്ചത്തിലാണ് കര്‍ദ്ദിനാള്‍ വേല്യോ ഇങ്ങനെ പ്രസ്താവിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍ സാദ്ധ്യതകളും ജീവിതചുറ്റുപാടുകളും നല്കുക മാത്രമല്ല, അവരുടെ ജീവന്‍റെയും ആരോഗ്യത്തിന്‍റെയും സംരക്ഷണം, വിശ്രമം, തൊഴില്‍ സമയം, പ്രായപരിധി എന്നിവയും അന്താരാഷ്ട്ര തലത്തില്‍ നിര്‍ണ്ണയിച്ച് ഈ മേഖലയിലുള്ള തൊഴിലാളികളുടെ അന്തസ്സും സുരക്ഷയും ഉറപ്പുവരുത്തുവാന്‍ സമ്മേളനം പരിശ്രമിക്കുമെന്നും, കര്‍ദ്ദിനാള്‍ വേല്യോ അഭിമുഖത്തില്‍ പങ്കുവച്ചു. കടല്‍ യാത്രികരുടെയും തൊഴിലാളികളുടെയും ഇടയിലെ സുവിശേഷവത്ക്കരണം, അവരനുഭവിക്കുന്ന സാമ്പത്തിക മാന്ദ്യം, കടല്‍ക്കൊള്ള എന്നീ വിഷയങ്ങളും Apostolatus Maris-ന്‍റെ
സമ്മേളനം ചര്‍ച്ചാ വിഷയമാക്കുമെന്നും കര്‍ദ്ദിനാള്‍ വേല്യോ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.