2012-11-15 19:58:57

രോഗീപരിചരണം സുവിശേഷസ്നേഹമെന്ന്
കര്‍ദ്ദിനാള്‍ ബര്‍ത്തോണെ


15 നവംമ്പര്‍ 2012, വത്തിക്കാന്‍
ആശുപത്രികള്‍ സുവിശേഷവത്ക്കരണത്തിനുള്ള വേദികളാണെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. വത്തിക്കാനില്‍ സമ്മേളിച്ചിരുക്കുന്ന ആരോഗ്യപരിപാലകരുടെ 27-ാമത് അന്തര്‍ദേശിയ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി നവംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇങ്ങനെ പ്രസ്താവിച്ചത്.

ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്സിലിന്‍റെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ഭൂമിയില്‍ വീണൊരു വിത്ത് വളരെ നിശ്ശബ്ധമായി മുളച്ചു വളര്‍ന്ന് വൃക്ഷമായി ഫലമണിയുവാന്‍ ദൈവം ഇടയാക്കുന്നതുപോലെ,
നിശ്ശബ്ദ സേവനത്തിലൂടെ രക്ഷയുടെ ദൈവരാജ്യ അനുഭവം മനുഷ്യകുലത്തിനു നല്കാന്‍ ആശുപത്രികള്‍ക്കും ആതുരാലയങ്ങള്‍ക്കും സാധിക്കുമെന്ന് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.

സഭയില്‍ ക്രിസ്തു തുറന്ന രക്ഷണീയ പാതയുടെ കൈവഴികളായി രോഗികള്‍ക്ക് സൗഖ്യവും സാന്ത്വനവും പകരുന്ന ആശുപത്രികളെ കണക്കാക്കാമെന്നും, അവ ദൈവരാജ്യത്തിന്‍റെ സ്നേഹവും കാരുണ്യവും പ്രഘോഷിക്കുവാനുള്ള വേദികളാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വചനപ്രഘോഷണമദ്ധ്യേ സമര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.