2012-11-15 19:52:58

രോഗിക്ക് പ്രാധാന്യം നല്കുന്ന
ആശുപത്രി ഭരണക്രമം അനിവാര്യം


15 നവംമ്പര്‍ 2012, റോം
ചികിത്സയുടെയും പരിചരണത്തിന്‍റെയും മേഖലകളില്‍ സത്യസന്ധമായ സംവേദനം അനിവാര്യമെന്ന്, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡിന്‍റ്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി പ്രസ്താവിച്ചു.

നവംമ്പര്‍ 15-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ആരംഭിച്ച ആരോഗ്യ പരിപാലകരുടെ 27-ാമത് അന്തര്‍ദേശീയ സമ്മേളനത്തില്‍ നല്കിയ ആമുഖ പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ഇപ്രകാരം പ്രസ്താവിച്ചത്.

ആശുപത്രികളുടെയും രോഗീപരിചരണ സംവിധാനങ്ങളുടെയും ആധുനീക- വത്ക്കരണ പ്രക്രിയയില്‍ രോഗിയെക്കാള്‍, സ്ഥാപനത്തിന്‍റെ ഭരണവും നടത്തിപ്പുക്രമങ്ങള്‍ക്കും അമിത പ്രാധാന്യം നല്കുന്ന രീതി വളര്‍ന്നു വന്നിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി ചൂണ്ടിക്കാട്ടി.

വ്യക്തി എന്ന നിലയില്‍ അസ്തിത്വപരമായ സഹാനുഭാവവും പരിചരണയുമാണ് രോഗി അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമെന്നും, ആകയാല്‍ രോഗിയും പരിചാരകനും തമ്മിലുള്ള വ്യക്തിബന്ധമാണ് ആരോഗ്യ പരിപാലന മേഖലയുടെ പൊതുസ്വഭാവവും മുഖ്യഘടകവുമായി വളര്‍ത്തിയെടുക്കേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് സിമോസ്ക്കി സമ്മേളനത്തിന് ആമുഖമായി അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.