2012-11-14 17:55:18

നവസുവിശേഷവത്ക്കരണം
മാനസാന്തരത്തിനുള്ള മാര്‍ഗ്ഗം


14 നവംമ്പര്‍ 2012, ബാള്‍ട്ടിമൂര്‍
നവസുവിശേഷവത്ക്കരണം മാനസാന്തരത്തിനുള്ള മാര്‍ഗ്ഗമാണെന്ന്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ പ്രസ്താവിച്ചു. ബാള്‍ട്ടിമൂറില്‍ സമ്മേളിച്ചിരിക്കുന്ന ദേശീയ മെത്രാന്‍ സമിതിയുടെ ശരത്ക്കാല സംഗമത്തെ അഭിസംബോധനചെയ്യവേയാണ് ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഡോലന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

അനുരഞ്ജനത്തിന്‍റെ കൂദാശയായ കുമ്പസാരത്തെ വിശ്വാസവത്സരത്തിലെ മുഖ്യ ഇനമായി പ്രഖ്യാപിച്ചുകൊണ്ട്, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ജീവിത നവീകരണത്തിന്‍റെ പാത പ്രത്യേകമായി തുറന്നുകൊടുക്കാമെന്ന് കര്‍ദ്ദിനാള്‍ ഡോലന്‍ അഭിപ്രായപ്പെട്ടു. സഭ സ്വയം സുവിശേഷവത്കൃതയാണെങ്കിലേ മറ്റുള്ളവരെ സുവിശേഷ പാതിയില്‍ നയിക്കാനും, വിശ്വാസത്തിന്‍റെ സമൃദ്ധമായ വിളവെടുപ്പു നടത്തുവാന്‍ സാധിക്കുകയുള്ളൂ എന്നും, കര്‍ദ്ദിനാള്‍ ഡോലന്‍ പ്രസ്താവിച്ചു.
ക്രിസ്തുവുമായി നിരന്തരം സംവദിക്കുന്ന വ്യക്തിക്കേ, മറ്റുള്ളവരോട് ക്രിസ്തുവിനെക്കുറിച്ച് സംവാദിക്കാന്‍ കരുത്തുണ്ടാവുകയുള്ളൂ എന്നത് സാമാന്യ യുക്തിയാണെന്നും കര്‍ദ്ദിനാള്‍ ഡോലന്‍ മെത്രാന്‍ സംഘത്തെ ഉദ്ബോധിപ്പിച്ചു.

അടുത്തകാലത്ത് അമേരിക്കയിലുണ്ടായ വന്‍ കൊടുങ്കാറ്റിന്‍റെ കെടുതിയെയും, ജീവന്‍റെ സംരക്ഷണം, വൈവാഹിക ജീവിതത്തിന്‍റെ ഭദ്രത, പാവങ്ങളുടെ മനുഷ്യാന്തസ്സു സംരക്ഷണം, കുടിയേറ്റ പ്രതിഭാസം, ലോകത്ത് നടമാടുന്ന യുദ്ധവും അഭ്യന്തരകലാപങ്ങളും, മതസ്വാതന്ത്ര്യത്തിനായുള്ള മുറവിളി എന്നിവയെ ആസന്നമായ വിശ്വാസവത്സരത്തിന്‍റെയും നവസുവിശേഷവത്ക്കരണ പദ്ധതിയുടെയും പശ്ചാത്തലത്തില്‍ കാണണമെന്ന് കാര്‍ദ്ദിനാള്‍ ഡോളന്‍ തന്‍റെ സഹോദര മെത്രാന്മാരോട് ആഹ്വാനംചെയ്തു.

ബാള്‍ട്ടിമൂറിലെ സെമിനാരിയില്‍ നവംമ്പര്‍ 12-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച മെത്രാന്‍ സമിതിയുടെ സമ്മേളനം 17-ാം തിയതി ശനിയാഴ്ച സമാപിക്കും.









All the contents on this site are copyrighted ©.