2012-11-13 16:10:05

‘ആശുപത്രികള്‍ സുവിശേഷവല്‍ക്കരണ വേദികള്‍’ അന്താരാഷ്ട്ര സമ്മേളനം റോമില്‍


13 നവംബര്‍ 2012, വത്തിക്കാന്‍
ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന 27ാമത് അന്താരാഷ്ട്ര സമ്മേളനം നവംബര്‍ 15ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ആരംഭിക്കും. ‘ആശുപത്രികള്‍ സുവിശേഷവല്‍ക്കരണ വേദികള്‍ - ശാരീരികവും ആത്മീയവുമായ ശുശ്രൂഷാമേഖല’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനം നവസുവിശേഷവല്‍ക്കരണത്തിനു ഊന്നല്‍ നല്‍കുമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കി അറിയിച്ചു. സാര്‍വ്വത്രിക സഭ ആചരിക്കുന്ന വിശ്വാസവര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്തുത ചിന്താവിഷയം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ആതുരസേവന മേഖലയില്‍ വിശ്വാസസാക്ഷൃം നല്‍കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകരുടെ അജപാലന ശുശ്രൂഷാരംഗത്തെ വെല്ലുവിളികളെക്കുറിച്ചും സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമ്മേളനം നവംബര്‍ 17ാം തിയതി ശനിയാഴ്ച സമാപിക്കും.









All the contents on this site are copyrighted ©.