2012-11-13 16:09:43

സിറിയന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ ഹൃദയഭേദകമെന്ന് കര്‍ദിനാള്‍ സറാ


13 നവംബര്‍ 2012, വത്തിക്കാന്‍
സിറിയയിലെ ആഭ്യന്തര കലാപം മൂലം ലെബനോണിലേക്കു കൂട്ടപലായനം ചെയ്യുന്ന സിറിയന്‍ അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച്ച ഹൃദയഭേദകമായിരുന്നുവെന്ന് ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റൊബര്‍ട്ട് സറാ. പ്രത്യേക പേപ്പല്‍ പ്രതിനിധിയായി ലെബനോണിലെത്തി സിറിയന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച കര്‍ദിനാള്‍ സറാ വത്തിക്കാനില്‍ തിരിച്ചെത്തിയ ശേഷം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സിറിയന്‍ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥയെക്കുറിച്ച് വിവരിച്ചത്.

നവംമ്പര്‍ 7-മുതല്‍ മുതല്‍ 10-വരെ കര്‍ദ്ദിനാള്‍ റൊബര്‍ട്ട സാറാ ലെബനോണില്‍ ചിലവഴിച്ചു. മദ്ധ്യപൂര്‍വ്വദേശത്തെ സഭാ തലവന്മാരും, സന്നദ്ധ സംഘടനാ പ്രതിനിധികളും, സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ തലവന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച്ചകള്‍ നടത്തി.

ഭക്ഷണവും, വെള്ളവും വസ്ത്രവുമടക്കമുള്ള അടിസ്ഥാനാവശ്യങ്ങള്‍ പോലും ലഭിക്കാതെ വലയുകയാണ് അഭയാര്‍ത്ഥികളെന്ന് അദ്ദേഹം വെളിപ്പെടുത്തി. സഹായധനമായി മാര്‍പാപ്പ നല്‍കിയ പത്തുലക്ഷം ഡോളര്‍ അഭയാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ വളരെ പരിമിതമാണെങ്കിലും മാര്‍പാപ്പയുടെ സഹായത്തില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ കൃതജ്ഞരാണ്. രണ്ടു ലക്ഷത്തിലധികം വരുന്ന അഭയാര്‍ത്ഥികളെ സഹായിക്കാന്‍ കാരിത്താസിന്‍റെ നേതൃത്വത്തില്‍ ധനസമാഹരണം തുടരുകയാണെന്നും കര്‍ദിനാള്‍ അറിയിച്ചു.

സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസദും വിമതരും വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകാതെ ആക്രമണം തുടരുന്നത് സ്ഥിതിഗതികള്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. അത് പ്രശ്നപരിഹാരത്തിനു സഹായിക്കില്ല. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം അടിയന്തരമാണെന്ന് കര്‍ദിനാള്‍ സറ അഭിപ്രായപ്പെട്ടു. സിറിയയില്‍ പുതിയതായി രൂപവത്കരിച്ച പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ചു പരാമര്‍ശിച്ച കര്‍ദിനാള്‍ സിറിയന്‍ സംഘര്‍ഷം അനുരജ്ഞനചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ അനുകൂല സാഹചര്യമൊരുക്കാന്‍ അതിനു സാധിക്കട്ടെയെന്നും പ്രത്യാശപ്രകടിപ്പിച്ചു. പ്രക്ഷോഭകരും പ്രതിപക്ഷ സംഘടനകളും ഭിന്നിച്ചു പ്രവര്‍ത്തിക്കുന്നത് സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തടസ്സമായിരുന്നു. പ്രതിപക്ഷ സംഘടനകള്‍ ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നത് സന്ധിസംഭാഷണങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
അനുരജ്ഞനചര്‍ച്ചകളിലൂടേയും സന്ധിസംഭാഷണങ്ങളിലൂടെയും സംഘര്‍ഷം അവസാനിപ്പിച്ച് സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദിനാള്‍ സറാ അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.