2012-11-13 16:12:33

ആയുധ നിരോധന – നിയന്ത്രണ ഉടമ്പടികള്‍ പൗരസുരക്ഷ ഉറപ്പുവരുത്തണമെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി


13 നവംബര്‍ 2012, ജനീവ
അന്താരാഷ്ട്ര തലത്തിലുള്ള ആയുധ നിരോധന – നിയന്ത്രണ ഉടമ്പടികള്‍ ആഗോളതലത്തില്‍ പൗരസുരക്ഷ ഉറപ്പുവരുത്തണമെന്ന് യു.എന്നിലും ഇതര അന്താരാഷ്ട്ര സംഘടനകളിലും വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി പ്രസ്താവിച്ചു. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ നിരോധനത്തെയും നിയന്ത്രണത്തെയും സംബന്ധിച്ച ഉടമ്പടിയുടെ പുനഃപരിശോധനാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധാനന്തരം സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കുന്ന ഉടമ്പടിയിലെ അഞ്ചാം വകുപ്പാണ്
നവംബര്‍ 12,13 തിയതികളില്‍ ജനീവയിലെ യു.എന്‍ ആസ്ഥാനത്തു നടന്ന സമ്മേളനം പുനരവലോകനം ചെയ്തത്. ഈയടുത്ത കാലത്തുണ്ടായ ചില സംഘര്‍ഷങ്ങളിലും കലാപങ്ങളിലും സാധാരണപൗരന്‍മാര്‍ സംരക്ഷിക്കപ്പെട്ടില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് നിരക്കാത്തവയായിരുന്നു പ്രസ്തുത ആക്രമണങ്ങളെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കലാപങ്ങള്‍ ഉണ്ടാകുമ്പോഴും അവ അവസാനിച്ചതിനുശേഷവും പൗരസുരക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ ഉടമ്പടിയുടെ അഞ്ചാം വകുപ്പ് പുനര്‍ക്രമീകരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.