2012-11-09 15:24:15


വിശ്വാസവര്‍ഷം : ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍റെ ജീവിത മാതൃക
ഭാഗം 1: RealAudioMP3 ഭാഗം 2 : RealAudioMP3
വിശുദ്ധിയിലേക്കുള്ള സാര്‍വ്വതിക വിളിയെ സംബന്ധിച്ച അതിവിശിഷ്ടമായ പ്രഖ്യാപനം നടത്തിയ
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലി വേളയിലാണ് സാര്‍വ്വത്രിക സഭ വിശ്വാസവര്‍ഷം ആരംഭിച്ചത്. വിശ്വാസവര്‍ഷാചരണത്തെ സംബന്ധിച്ച പോര്‍ത്താ ഫീദെയി അഥവാ വിശ്വാസത്തിന്‍റെ കവാടം എന്ന അപ്പസ്തോലിക ലേഖനത്തില്‍ വിശ്വാസത്തിന്‍റെ തങ്ങളുടെ ജീവിത സാക്ഷൃം വഴി വിശ്വാസത്തിന്‍റെ മാതൃക നല്‍കിയ വിശുദ്ധാത്മാക്കളെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പരാമര്‍ശിക്കുന്നുണ്ട്. വൈദികരും സന്ന്യസ്തരും മാത്രമല്ല, മാമ്മോദീസ സ്വീകരിച്ച എല്ലാ കത്തോലിക്കരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന സഭാ പ്രബോധനത്തിന്‍റെ നേര്‍സാക്ഷൃമാണ് ദൈവദാസന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന്‍റെ ജീവിതം.

എടത്വ പുത്തന്‍പറമ്പില്‍ ഫിലിപ്പോസിന്‍റേയും ചമ്പക്കുളം കല്ലൂര്‍ക്കാട് കറുകയില്‍ ത്രേസ്യാമ്മയുടേയും മകനായി 1836 ജൂണ്‍ 8ന് ജനിച്ച തൊമ്മച്ചന് രണ്ടര വയസുള്ളപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് മരണമടഞ്ഞു. പിന്നീട് അമ്മയുടെ സംരക്ഷണയിലാണ് അദ്ദേഹം വളര്‍ന്നത്. ആത്മീയതയുടേയും പുണ്യജീവിതത്തിന്‍റേയും ആദ്യപാഠങ്ങള്‍ സ്വന്തം അമ്മയില്‍ നിന്ന് അദേഹം സ്വായത്തമാക്കി. ക്രമേണ വൈദികാന്തസ് സ്വീകരിക്കാനുള്ള ആഗ്രഹം തൊമ്മച്ചനില്‍ അങ്കുരിച്ചു. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള ദൈവിക പദ്ധതി വ്യത്യസ്ഥമായിരുന്നു. 20ാം വയസില്‍ അദ്ദേഹം വിവാഹിതനായി.

തൊമ്മച്ചന്‍ ചെറുപ്പം മുതല്‍ കാത്തു സൂക്ഷിച്ചിരുന്ന ആത്മീയതയും വിശ്വാസ തീക്ഷണതയും കൂടുതല്‍ പ്രത്യക്ഷവും വ്യത്യസ്തവുമായ രൂപം സ്വീകരിച്ചത് അദ്ദേഹത്തിന്‍റെ 28ാം വയസിലായിരുന്നു. സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ സഹായത്തോട‍െ ഒരു ആത്മീയ സംഘത്തിന് അദ്ദേഹം രൂപം നല്‍കി. അന്നത്തെ കേരള സാഹചര്യത്തിന് അന്യമായിരുന്ന ആ താപസ സംഘത്തെ ‘കയറുകെട്ടിയവരുടെ സംഘം’ എന്നാണ് പരിഹാസത്തോടെ ആളുകള്‍ വിളിച്ചിരുന്നത്. അക്കാലത്താണ് താന്‍ സ്വപ്നം കാണുന്ന വിശുദ്ധിയുടെ ജീവിത പാത തനിക്കു മുന്‍പേ പ്രാവര്‍ത്തികമാക്കിയ ഒരു വിശുദ്ധനെക്കുറിച്ച് തൊമ്മച്ചന്‍ അറിയുന്നത്, അസ്സീസിയിലെ വി.ഫ്രാന്‍സിസ്.

1896 ഡിസംബര്‍ 6ന് വിശുദ്ധ എസ്തപ്പാനോസിന്‍റെ തിരുനാള്‍ ദിനത്തില്‍ കുറുമ്പനാടം പള്ളിയില്‍ വച്ച് പാലാക്കുന്നേല്‍ മത്തായി മറിയം അച്ചന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചന് നീണ്ട സഭാ വസ്ത്രവും ചരടും നല്‍കി. അങ്ങനെ, തൊമ്മച്ചന്‍ ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയില്‍ അംഗമാവുകയും കേരളത്തില്‍ ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭയുടെ തുടക്കകാരനാകുകയും ചെയ്തു.

വി.ഫ്രാന്‍സിസിന്‍റെ പാത പൂര്‍ണ്ണമായും പിന്‍ചെല്ലാന്‍ സന്നദ്ധനായ തൊമ്മച്ചന്‍ ഫ്രാന്‍സിസ്ക്കന്‍ ജീവിത ശൈലി മൂന്നാം സഭയിലൂടെ കേരളമൊട്ടാകെ പ്രചരിപ്പിക്കുന്നതിലും ദത്ത ശ്രദ്ധനായിരുന്നു. ഫ്രാന്‍സിസ്ക്കന്‍ ആത്മീയതയുടെ സന്ദേശവുമായി അന്നത്തെ വരാപ്പുഴ വികാരിയാത്തിലുടനീളം സഞ്ചരിച്ച തൊമ്മച്ചന്‍ അനേകരെ ആ ജീവിത ശൈലിയിലേക്ക് ആകര്‍ഷിച്ചു.

കേരളത്തിലെ സുപ്രധാനങ്ങളായ രണ്ട് സന്ന്യസ്ത സമൂഹങ്ങളുടെ രൂപീകരണത്തിലും നിര്‍ണ്ണായകമായ പങ്കുവഹിക്കാന്‍ പുത്തന്‍ പറമ്പില്‍ തൊമ്മച്ചനു നിയോഗമുണ്ടായി. വേദനാജനകമായ നിരവധി അനുഭവങ്ങളിലൂടെയും അദ്ദേഹം കടന്നു പോകേണ്ടി വന്നു. “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിന്‍. ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.” (മത്താ. 7 :13-14) ഈ സുവിശേഷവാക്യം ആ പുണ്യജീവിതത്തില്‍ അന്വര്‍ത്ഥമായി. എന്നാല്‍ ഏതു പ്രതികൂല സാഹചര്യത്തെയും അടിയുറച്ച വിശ്വാസത്തോടെ നേരിട്ട ദൈവദാസന്‍ തൊമ്മച്ചന്‍ സഭാധികാരികളോട് എന്നും വിധേയത്വം പുലര്‍ത്തി.

പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിന്‍റെ ആധ്യാത്മിക – സാമൂഹ്യ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച ആ പുണ്യപുരുഷന്‍ 1908 നവംബര്‍ ഒന്നാം തിയതി തന്‍റെ സ്വര്‍ഗീയ ഭവനത്തിലേക്കു യാത്രയായി.

എടത്വ സെന്‍റ് ജോര്‍ജ്ജ് പള്ളിയിലെ സെമിത്തേരിയില്‍ ഇന്നും അനേകര്‍ക്ക് ആശ്വാസമായി തൊമ്മച്ചന്‍റെ കബറിടം നിലകൊള്ളുന്നു. ഒരു നൂറ്റാണ്ട് മുന്‍പ് മണ്‍മറഞ്ഞ ഈ പുണ്യപുരുഷന്‍റെ നാമകരണ നടപടികള്‍ 2012 ജൂണ്‍ 28ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉത്ഘാടനം ചെയ്തു.








All the contents on this site are copyrighted ©.