2012-11-09 15:53:25


നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച സിനഡു സമ്മേളനം: ഒരവലോകനം

ഒക്ടോബര്‍ 7ാം തിയതി ഞായറാഴ്ച, മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സാഘോഷ ദിവ്യബലിയോടെയാണ് ‘നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസ പ്രചരണത്തിന്’ എന്ന പ്രമേയം കേന്ദ്രമാക്കി മെത്രാന്‍മാരുടെ സിനഡിന്‍റെ 13ാമത് സാധാരണ പൊതു സമ്മേളനം ആരംഭിച്ചത്. മൂന്നാഴ്ച്ചക്കാലം നീണ്ടു നിന്ന സിനഡു സമ്മേളനം
28ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സിനഡു പിതാക്കന്മാര്‍ക്കൊപ്പം ബനഡിക്ട് 16-ാമന്‍ പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെ സമാപിച്ചു.

ഒക്ടോബര്‍ 7ാം തിയതി ഞായറാഴ്ച, സിനഡിന്‍റെ ഉദ്ഘാടന ദിവ്യബലിയില്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ വെളിച്ചത്തില്‍, നവസുവിശേഷവത്ക്കരണമെന്ന സഭയുടെ പുതിയ പ്രേഷിതപദ്ധതിയെക്കുറിച്ച് തദവസരത്തില്‍ പാപ്പ വിശദീകരിച്ചു. നവജീവന്‍റെ
വറ്റാത്ത സ്രോതസ്സായ ക്രിസ്തുവില്‍ അവസാനം എത്തിച്ചേരുന്ന വിശുദ്ധിയുടെ സവിശേഷതയായ സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ഭാഷ്യമാണ് നവസുവിശേഷവല്‍ക്കരണ പ്രക്രിയയ്ക്കു ശക്തിപകരുകയെന്ന വ്യക്തമായ സന്ദേശം നല്‍കിക്കൊണ്ടാണ് സിനഡുസമ്മേളനം പാപ്പ ഉദ്ഘാടനം ചെയ്തത്.

“ക്രൈസ്തവ ജീവിതത്തിന്‍റെ പരമ ലക്ഷൃമായ ജീവിതവിശുദ്ധി നമ്മുടെ മാനുഷിക ബലഹീനതകളെ എളിമയോടെ ഏറ്റുപറയാന്‍ അനുവദിക്കണം. നവസുവിശേഷവത്ക്കരണത്തില്‍ ദൈവിക ശക്തിയെ വിശ്വാസതലത്തില്‍ നേരിടുമ്പോള്‍, പ്രതിബന്ധമായി നില്ക്കുന്നത് നമ്മുടെ മാനുഷിക ബലഹീനതകളാണ്. എങ്കില്‍ മാനസാന്തരത്തിനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമില്ലാതെ നവസുവിശേഷവത്ക്കരണത്തെക്കുറിച്ച് പ്രതിപാദിക്കുകതന്നെ അസാദ്ധ്യമാണ്”.

ഒക്ടോബര്‍ 7 മുതല്‍ 28വരെ നീണ്ടു നിന്ന ഈ സിനഡു സമ്മേളനത്തില്‍ നവസുവിശേഷവല്‍ക്കരണമെന്ന സഭയുടെ നൂതന പ്രേഷിതദൗത്യത്തെക്കുറിച്ച് ഏറെ പഠനങ്ങളും വിശകലനങ്ങളും നടന്നു. ലോകമെമ്പാടും നിന്നുള്ള 262 സിനഡ് പിതാക്കന്‍മാര്‍ക്കു പുറമേ 45 വിദഗ്ദരും (Esperti) 49 പ്രത്യേക നിരീക്ഷകരും (Uditori) സിനഡു സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു, കൂടാതെ, കത്തോലിക്കാ സഭക്കൂട്ടായ്മയില്‍ ഉള്‍പ്പെടാത്ത ഇതര ക്രൈസ്തവ സഭകളുടെ 15 പ്രതിനിധികളും 3 പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തില്‍ തനതായ സംഭാവനകള്‍ നല്‍കി.

ഇന്ത്യന്‍ സാന്നിദ്ധ്യം :

ഇന്ത്യയില്‍ നിന്നുള്ള സിനഡു പിതാക്കന്‍മാര്‍, മുമ്പൈ അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ തെലിസ്ഫോര്‍ തോപ്പോ, സീറോ-മലബാര്‍ സഭായുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും തിരുവനന്തപുരം മലങ്കര അതിരൂപത മെത്രാപ്പോലീത്തയുമായ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവാ, മദ്രാസ്-മൈലാപ്പൂര്‍ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ചിന്നപ്പ മാലയപ്പ എസ്.ഡി.ബി, ഗോവാ-ഡാമന്‍ അതിരൂപതാ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് ഫിലിപ്പ് നേരി അന്തോണിയോ, കൊല്ലം രൂപതാ മെത്രാന്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍, പാലാ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സി.എം.ഐ സഭാ പ്രിയോര്‍ ജനറല്‍ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ എന്നിവരായിരുന്നു അതിനു പുറമേ ഷില്ലോങ്ങിലെ തിയളോജിക്കല്‍ കോളെജ് പ്രഫസര്‍ ഫാദര്‍ തോമസ് മഞ്ഞളി ദൈവശാസ്ത്ര വിദഗ്ദരിലൊരാളായും മിഷണറീസ് ഓഫ് ചാരിറ്റി സന്ന്യസ്ത സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമാ പിയെറിക്ക് എം.സി, പൂനെ പൊന്തിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപിക സിസ്റ്റര്‍ രേഖാ ചേന്നാട്ട്, ആര്‍. എ, ജീസസ് യൂത്ത് മൂവ്മെന്‍റ് ഡയറക്ടര്‍ മനോജ് സണ്ണി എന്നിവര്‍ നിരീക്ഷകരായും സിനഡു സമ്മേളനത്തില്‍ പങ്കെടുത്തു.

സിനഡു സമ്മേളനത്തിന്‍റെ ഉള്ളടക്കം :

മൂന്ന് ആഴ്ച്ച നീണ്ടു നിന്ന സിനഡില്‍ 23 പൊതുസമ്മേളനങ്ങളും ഭാഷാടിസ്ഥാനത്തിലുള്ള 8 ചര്‍ച്ചായോഗങ്ങളും നടന്നു. സിനഡു സമ്മേളനത്തിനു മുന്നൊരുക്കമായി നല്‍കിയിരുന്ന മാര്‍ഗ്ഗ നിര്‍ദേശത്തിന്‍റേയും(Lineamenta), കര്‍മ്മരേഖയുടേയും (Instrumentum laboris), വെളിച്ചത്തില്‍ പ്രാദേശിക സഭകളുടെ ജീവിത പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും നിര്‍ദേശങ്ങളും സിനഡില്‍ അവതരിപ്പിക്കപ്പെട്ടു.

വിശ്വാസപ്രചരണം സഭയുടെ സത്താഭാവമാണെങ്കില്‍ അതില്‍ ജീവിത സാക്ഷൃവും സ്നേഹവും നെടുംതൂണുകളായിരിക്കണമെന്ന കരുത്തുറ്റ ആഹ്വാനമാണ് സിനഡു സമ്മേളനത്തിന്‍റെ ഒന്നാം പൊതുയോഗത്തില്‍ മാര്‍പാപ്പ നല്‍കിയത്. വ്യക്തിയെ തീക്ഷ്ണമതിയാക്കുന്ന സ്നേഹാഗ്നിയായ വിശ്വാസത്തില്‍ അടിയുറച്ച ജീവിത സാക്ഷൃം എന്ന ആശയം സിനഡുസമ്മേളനത്തില്‍ ഉടനീളം ആവര്‍ത്തിക്കപ്പെട്ടു. സിനഡു സമ്മേളനത്തിന്‍റെ കര്‍മ്മരേഖയില്‍ തെളിഞ്ഞു നിന്നിരുന്ന നിരന്തരമായ മാനസാന്തരത്തിനുള്ള ആഹ്വാനവും സമ്മേളനത്തിലുടനീളം പ്രതിഫലിച്ചു. ആന്തരിക നവീകരണത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന പ്രേഷിത തീക്ഷണത, സിനഡു സമ്മേളനം ശക്തമായി പിന്തുണച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു.

നവസുവിശേഷവല്‍ക്കരണത്തിന്‍റെ വിവിധ മാനങ്ങളെക്കുറിച്ച് മൂന്ന് ആഴ്ച്ചക്കാലം ഗൗരവമായ പഠനങ്ങളും ആഴമാര്‍ന്ന വിശകലനങ്ങളും ചര്‍ച്ചകളും നടത്തിയ സിനഡു സമ്മേളനം നാലു ഭാഗങ്ങളിലായി 58 ഇന നിര്‍ദേശങ്ങളുടെ ഒരു പട്ടികയ്ക്ക് രൂപം നല്‍കി മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. പ്രസ്തുത നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി മാര്‍പാപ്പ പ്രസിദ്ധീകരിക്കുന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധന രേഖ സ്വീകരിക്കാന്‍ ഒരുക്കത്തിലാണ് ഇനി സാര്‍വ്വത്രിക സഭ.

സിനഡാനന്തര പ്രബോധന രേഖ പ്രസിദ്ധീകരിക്കാന്‍ ഇനിയുമേറെ സമയമെടുക്കുമെങ്കിലും നവസുവിശേഷവല്‍ക്കരണത്തെക്കുറിച്ച് നൂതനമായ ഉള്‍ക്കാഴ്ച്ചകള്‍ പങ്കുവയ്ക്കുന്ന സമാപന സന്ദേശം സിനഡു സമ്മേളനം ആഗോള സഭയ്ക്കു നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ 26ാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ഇരുപതാം പൊതുയോഗത്തില്‍ സിനഡുപിതാക്കന്‍മാര്‍ ദീര്‍ഘ നേരം നീണ്ട കരഘോഷത്തോടെയാണ് സന്ദേശം അംഗീകരിച്ചത്.

പതിനാലു ഭാഗങ്ങളുള്ള സന്ദേശത്തില്‍ സഭയുടെ നവസുവിശേഷവല്‍ക്കരണ ദൗത്യത്തെക്കുറിച്ചുള്ള നൂതനമായ ഉള്‍ക്കാഴ്ച്ചകളാണ് സിനഡുപിതാക്കന്‍മാര്‍ ദൈവജനത്തോടു പങ്കുവയ്ക്കുന്നത്.
ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തില്‍ അടിയുറച്ച ജീവിതസാക്ഷൃം, സുവിശേഷവല്‍ക്കരണം നടത്തുന്നവരുടെ ആന്തരീക പരിവര്‍ത്തനവും നിരന്തരമായ മാനസാന്തരവും, ആധുനിക യുഗത്തില്‍ സുവിശേഷവല്‍ക്കരണത്തിനായുള്ള നൂതന മാര്‍ഗ്ഗങ്ങള്‍, നവസുവിശേഷവല്‍ക്കരണത്തില്‍ വിവിധ സഭാ സമൂഹങ്ങള്‍ക്കുള്ള പങ്ക്, യുവജനപ്രേഷിതപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, നവസുവിശേഷവല്‍ക്കരണത്തിന്‍റെ ഇതര മേഖലകള്‍, അന്യ മതങ്ങളോടും സംസ്ക്കാരങ്ങളോടുമുള്ള സുവിശേഷാധിഷ്ഠിതമായ സംവാദം, വിശ്വാസവര്‍ഷാചരണത്തിന്‍റെ പ്രസക്തി, ആത്മീയതയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാണ് സമാപന സന്ദേശത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നവസുവിശേഷവല്‍ക്കരണത്തിന്‍റെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാതൃകയേയും സംരക്ഷണത്തേയുംക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടാണ് സന്ദേശം സമാപിക്കുന്നത്. ലോകത്തിന്‍റെ ഓരോ ഭൂവിഭാഗത്തിലുമുളള കത്തോലിക്കര്‍ക്ക് നല്‍കുന്ന പ്രത്യേകമായുള്ള സന്ദേശങ്ങള്‍ ഈ സിനഡു സമ്മേളനം ദൈവജനത്തിനു നല്‍കുന്ന സന്ദേശത്തിന്‍റെ ഒരു സവിശേഷതയാണ്.

സിനഡു സമ്മേളനത്തോടനുബന്ധിച്ചു നടന്ന സുപ്രധാന സംഭവങ്ങള്‍ :

സിനഡു സമ്മേളനം നടന്ന ഇക്കഴിഞ്ഞ മൂന്ന് ആഴ്ച്ചകളില്‍ സുപ്രധാനമായ മറ്റു ചില സംഭവങ്ങള്‍ക്കുകൂടി ആഗോള സഭ സാക്ഷൃം വഹിച്ചു.
നവ വേദപാരംഗതര്‍:
സിനഡു സമ്മേളനത്തിന്‍റെ ഉദ്ഘാടന കര്‍മ്മത്തില്‍ തന്നെയാണ് ആഗോള സഭയിലെ രണ്ടു വിശുദ്ധാത്മാക്കളെ ബനഡിക്ട് 16-ാമന്‍ പാപ്പ വേദപാരംഗതരുടെ (Doctors of the Church) പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. സഭാ പിതാവായ വിശുദ്ധ അത്തനാസ്സിയൂസ് (+373) മുതല്‍ ആധുനിക യുഗത്തിലെ വിശുദ്ധ കൊച്ചുത്രേസ്സ്യ (+1897) വരെയുള്ള 33 വേദപാരംഗതരുടെ പട്ടികയിലേയ്ക്ക് ജര്‍മ്മനിയിലെ വിശുദ്ധ ഹില്‍ഡേഗാര്‍ഡ് ബെങ്കനെയും ആവിലായിലെ വിശുദ്ധ ജോണിനെയും പാപ്പ ഉയര്‍ത്തി.

രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലി, വിശ്വാസവത്സരം

സിനഡിന്‍റെ ആദ്യവാരത്തില്‍ തന്നെ, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലിയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്‍റെ 20ാം വാര്‍ഷികാഘോഷവും സാര്‍വ്വത്രിക സഭ കൊണ്ടാണ്ടി. അതോടൊപ്പം ഒക്ടോബര്‍ 11ാം തിയതി വ്യാഴാഴ്ച വിശ്വാസവര്‍ഷത്തിനും തിരിതെളിഞ്ഞു, ഒക്ടോബര്‍ 21ന് സഭയിലെ ഏഴ് വാഴ്ത്തപ്പെട്ടവരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

നവ വിശുദ്ധര്‍

1. മഡഗാസ്ക്കറിലെ ധീരനായ രക്തസാക്ഷി ഷാക്ക് ബര്‍ച്യൂ (1838-1896),
2. ഫിലിപ്പീന്‍സിലെ രക്തസാക്ഷിയായ മതാദ്ധ്യാപകന്‍ പേദ്രോ കലുങ്സോഡ് (1655-1672)
3. ബ്രേഷ്യായിലെ വിശുദ്ധനായ സാമൂഹ്യ സമുദ്ധാരകന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് പിയമാര്‍ത്താ (1841-1913)
4. സ്പെയിനിലെ വിദ്യാഭ്യാസ പ്രേഷിതയും സന്ന്യാസസഭാ സ്ഥാപകയും ആയിരുന്ന കാര്‍മ്മെന്‍ സാല്യെസ് ബാരെന്‍ഗ്വേരസ് (1848-1911)
5. പരിത്യക്തരുടെ അമ്മ എന്നറിയപ്പെടുന്ന മൊളോക്കോയിലെ മദര്‍ മരിയാന്ന ബാര്‍ബരാ കോപ് (1838-1918)
6. പ്രഥമ റെഡ് ഇന്ത്യന്‍ വംശജയായ വിശുദ്ധ ക്യാതെറീന്‍ തെക്കക്വീത്ത (1656-1680)
7. സഹനദാസിയും ദിവ്യകാരുണ്യ പ്രേഷിതയുമായ ജര്‍മ്മന്‍കാരി അന്നാ ഷാഫര്‍ (1882-1925)

ഒക്ടോബര്‍ 24-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തില്‍ സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ക്ലീമിസ് മാര്‍ ബസേലിയോസ് തോട്ടുങ്കല്‍ തിരുമേനി അടക്കം 6 നവകര്‍ദിനാള്‍മാരുടെ പേര് മാര്‍പാപ്പ വെളിപ്പെടുത്തി.

സാര്‍വ്വത്രിക സഭയിലെ പുതിയ കര്‍ദിനാള്‍മാര്‍

നവംമ്പര്‍ 24-ാം തിയതി വത്തിക്കാനില്‍ വിളിച്ചുകൂട്ടപ്പെടുന്ന കര്‍ദ്ദിനാള്‍
സംഘത്തില്‍, Consistroy ഔദ്യോഗികമായി കര്‍ദ്ദിനാള്‍ പദവിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ആറുപേര്‍
1. സീറോ മലങ്കര സഭയുടെ പരാമധ്യക്ഷനും തിരുവനന്തപുരം സീറോ മലങ്കര അതിരൂപാതാധ്യക്ഷനുമായ ക്ലീമിസ് മാര്‍ ബസേലിയോസ് കാതോലിക്കാ ബാവ,
2. വത്തിക്കാനിലെ പേപ്പല്‍ അരമനയുടെ പ്രീഫേക്ടും, റോമന്‍ ചുവിരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ പുരാതന ബസിലിക്കയുടെ പ്രധാന പുരോഹിത സ്ഥാനം ആലങ്കരിക്കുന്നതുമായ ബിഷപ്പ് മൈക്കിള്‍ ജെയിംസ് ഹാര്‍വി,
3. ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബേച്ചരാ ബൗത്രോസ് റായ്,
4. നൈജീരിയയിലെ അബൂജയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലെരൂണ്‍ഫേമി ഒനായ്ക്കേന്‍,
5. കൊളംമ്പിയായിലെ ബഗോട്ടോയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് റൂബെന്‍ സാലസ്സര്‍ ഗോമെസ്,
6. ഫിലിപ്പീന്‍സിലെ മനിലാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലൂയിസ് അന്തോണിയോ തഗാലെ എന്നിവരാണ്.

അജപാലനപരവും വിശ്വാസസമൂഹത്തെ സംബന്ധിച്ചതുമായ കാര്യങ്ങള്‍ക്കു പുറമേ ലോകസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ സാഹചര്യങ്ങളും സിനഡില്‍ വിശകലന വിധേയമായിരുന്നു.

സിറിയ

ആഭ്യന്തര യുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിക്കുന്ന സിറിയയിലേയ്ക്ക് സാന്ത്വനത്തിന്‍റെ ആത്മീയ സാമീപ്യവും സഹാനുഭാവവുമേകാന്‍ ഒരു സമാധാന സംഘത്തെ അയയ്ക്കുവാനുള്ള പാപ്പായുടെ തീരുമാനം സിനഡു സമ്മേളനത്തിടയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. സിനഡു സമ്മേളനത്തിന്‍റെ സമാപന ദിവ്യബലിയില്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കിടയില്‍ അറബിഭാഷയില്‍ സിറിയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥയും ഉള്‍പ്പെടുത്തിയിരുന്നു.

പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സന്ദേശം അറബി ഭാഷയില്‍

കൂടാതെ, പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണ സന്ദേശം അറബി ഭാഷയില്‍ അദ്യമായി പ്രഘോഷിക്കപ്പെട്ടതും ഈ സിനഡു സമ്മേളനം നടക്കുന്ന കാലയളവിലാണെന്നതും (ഒക്‍ടോബര്‍ 10-ാം തിയതി ബുധനാഴ്ച) ഈയവസരത്തില്‍ സ്മരണീയമാണ്.

സമാപനം :

നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസ പ്രചരണത്തിന്’ എന്ന പ്രമേയം കേന്ദ്രമാക്കി ഒക്ടോബര്‍ 7ന് ആരംഭിച്ച മെത്രാന്‍മാരുടെ സിനഡിന്‍റെ 13ാമത് സാധാരണ പൊതു സമ്മേളനം അങ്ങനെ സംഭവ ബഹുലമായ 3 ആഴ്ച്ചകള്‍ക്കു ശേഷം 28ാം തിയതി ഞായറാഴ്ച പരിസമാപിച്ചു.

28ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സിനഡു പിതാക്കന്മാര്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തില്‍ സിനഡു സമ്മേളനത്തിന്‍റെ മൂന്ന് പ്രധാന ആശയങ്ങള്‍ മാര്‍പാപ്പ പങ്കുവയ്ച്ചു.
1. കൗദാശിക ജീവിതത്തിന്‍റെ പ്രധാന്യം. പ്രാരംഭ കൂദാശകള്‍ സ്വീകരിക്കാനായുള്ള മികച്ച പരിശീലനവും കൗദാശിക ജീവിതത്തില്‍ അടിയുറച്ച ജീവിത വിശുദ്ധിയും നവസുവിശേഷവല്‍ക്കരണത്തിന്‍റെ പ്രഥമ പടിയാണ്.
2. നവസുവിശേഷവല്‍ക്കരണം സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഇനിയും ക്രിസ്തുവിനെ അറിയാത്ത ജനസമൂഹങ്ങള്‍ക്കിടയില്‍ ക്രിസ്തു സന്ദേശം എത്തിക്കുക എന്ന സുവിശേഷവല്‍ക്കരണ ദൗത്യത്തോടൊപ്പം തന്നെയാണ് നവസുവിശേഷവല്‍ക്കരണ ദൗത്യവും നിറവേറ്റേണ്ടത്. സഭയില്‍ ആകമാനം നവമായൊരു പ്രേഷിത തീക്ഷണത അതിനാവശ്യമാണ്.
3. ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും കത്തോലിക്കാ വിശ്വാസപ്രകാരം ജീവിക്കാത്തവരെ വിശ്വാസത്തിന്‍റെ ആനന്ദത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ശ്രമം. അതിന് പരമ്പരാഗതമായ അജപാലന ശുശ്രൂഷകള്‍ക്കു പുറമേ നൂതനമായ കര്‍മ്മ സരണികള്‍ സഭ സ്വീകരിക്കേണ്ടിയിരിക്കുന്നു.

അന്ധ യാചകനായ ബര്‍തിമേയൂസിന്‍റെ (മാര്‍ക്കോസ് 10: 46)അവസ്ഥയിലാണ് വിശ്വാസത്തിന്‍റെ പ്രകാശം നഷ്ടപ്പെട്ട ജനം. ക്രിസ്തുവില്‍ നിന്ന് സൗഖ്യം പ്രാപിച്ച ബര്‍തിമേയൂസ് ആനന്ദത്തോടെ അവിടുത്തെ അനുഗമിച്ചതുപോലെ കര്‍ത്താവായ യേശുക്രിസ്തു വഴി ദൈവത്തില്‍ നിന്നു സൗഖ്യം പ്രാപിച്ചവര്‍ നവസുവിശേഷവല്‍ക്കണത്തിനായി ഇറങ്ങിത്തിരിക്കുന്നു. ........

സിനഡു സമ്മേളനം ദൈവജനത്തിനു നല്‍കിയ സന്ദേശത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നതുപോലെ പ്രശാന്തമായ ധീരതയോടെ നവസുവിശേഷവല്‍ക്കരണ ദൗത്യം ഏറ്റെടുക്കാന്‍ ഏവര്‍ക്കും സാധിക്കട്ട!










All the contents on this site are copyrighted ©.