2012-11-08 20:00:41

പുഞ്ചിരിക്കുന്ന ആത്മീയ വിസ്മയമായിരുന്നു
പാപ്പ അല്‍ബീനോ ലൂച്ചിയാന്നിയെന്ന്


8 നവംമ്പര്‍ 2012, വത്തിക്കാന്‍
പുഞ്ചിരിക്കുന്ന ആത്മീയ പ്രതിഭയായിരുന്നു പാപ്പ അല്‍ബീനോ ലൂച്ചിയാന്നി, ജോണ്‍പോള്‍ ഒന്നാമനെന്ന്, ജന്മശതാബ്ദിയാഘോഷ സമ്മേളനം അഭിപ്രായപ്പെട്ടു.

പുണ്യശ്ലോകനായ അല്‍ബീനോ ലൂച്ചിയാന്നിയുടെ 100-ാം പിറന്നാള്‍ അനുബന്ധിച്ചാണ് നവംമ്പര്‍ 8-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ചേര്‍ന്ന സമ്മേളനമാണ് പാപ്പായെ പുഞ്ചിരിക്കുന്ന ആത്മീയ വിസ്മയമായിട്ട് പ്രഖ്യാപിച്ചത്.

പാപ്പ ലൂച്ചിയാന്നി രചിച്ചതും സെന്‍റ് ആന്‍റെണി മെസ്സെഞ്ചര്‍ മാസികയില്‍ 1971-1974 കാലയളവില്‍ പ്രസിദ്ധീകരിച്ചതുമായ കാലംചെയ്ത മഹത്തുക്കള്‍ക്കുള്ള ഭാവനയിലെ കത്തുകളുടെ ശേഖരം പുസ്തകരൂപത്തില്‍ സമ്മേളനം പ്രകാശനംചെയ്തു.

പാപ്പാ ലൂച്ചിയാന്നി രചിച്ച കത്തുകള്‍ ഇറ്റാലിയന്‍ ഭാഷയില്‍ ‘ഇല്ലസ്ട്രീസ്സിമി’ എന്നപേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വെനീസിലെ പാത്രിയര്‍ക്കിസ്, ആര്‍ച്ചുബിഷപ്പ് ഫ്രാഞ്ചേസ്ക്കോ മൊറാലിയ ഗ്രന്ഥം പ്രകാശനംചെയ്തു. ഗ്രന്ഥകര്‍ത്താവിന്‍റെ ബുദ്ധികൂര്‍മ്മതയും, രചനയുടെ തെളിവും സാഹിത്യശൈലിയും ശ്രദ്ധേയമാണെന്നും, കാലംചെയ്ത മഹത്തുക്കളുമായി ഗ്രന്ഥകര്‍ത്താവ് ഭാവനയില്‍ ചര്‍ച്ചചെയ്യുന്ന
ആനുകാലിക പ്രശ്നങ്ങളും പ്രതിവിധികളും ഗ്രന്ഥത്തെ ക്രൈസ്തവ മാനവികതയുടെ അവതരണമായും ആത്മീയ കൃതിയായും ഉയര്‍ത്തുന്നുവെന്നും പ്രകാശനവേളയില്‍ ആര്‍ച്ചുബിഷപ്പ് മൊറാലിയ പ്രസ്താവിച്ചു.

വത്തിക്കാനിലെ സിനഡുഹാളില്‍ ചേര്‍ന്ന ശതാബ്ദി ആഘോഷ സമ്മേളനം വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യും ‘സെന്‍‍റ് ആന്‍റെണി മെസ്സെഞ്ചര്‍’ മാസികയും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു.









All the contents on this site are copyrighted ©.