2012-11-07 20:18:09

സാന്ത്വന സന്ദേശവുമായി പാപ്പായുടെ
പ്രതിനിധി സിറിയിലേയ്ക്ക്


7 നവംമ്പര്‍ 2012, വത്തിക്കാന്‍
സിറിയയുടെ സമാധാന ശ്രമത്തിനായിട്ടാണ് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രതിനിധിയെ അയച്ചതെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റൊബര്‍ട്ട് സറായെയാണ് സിറിയയുടെ സമാധാന ശ്രമത്തിനായി പാപ്പ ഡമാസ്ക്കസ്സിലേയ്ക്ക് അയച്ചിരിക്കുന്നതെന്ന്, നവംമ്പര്‍ 7-ാം തിയതി രാവിലെ റോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ബുധനാഴ്ച ചേര്‍ന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ സിറിയിലെ ജനങ്ങളുടെ സമൂഹ്യകലാപത്തിന്‍റെയും യാതനയുടെയും നീറുന്ന അന്തരീക്ഷത്തെക്കുറിച്ച് വീണ്ടും പാപ്പാ ആശങ്ക പ്രകടിപ്പിക്കുകയും കര്‍ദ്ദിനാള്‍ സറായെ അവിടേയ്ക്ക് അയച്ചതായും അറിയിക്കുകയുണ്ടായി.

കര്‍ദ്ദിനാള്‍ റൊബര്‍ട്ട സാറാ നവംമ്പര്‍ 7-മുതല്‍ മുതല്‍ 10-വരെ തിയതികളില്‍ ലെബനോണില്‍ ഉണ്ടെന്നും, മദ്ധ്യപൂര്‍വ്വദേശത്തെ സഭാ തലവന്മാരും, സന്നദ്ധ സംഘടനാ പ്രതിനിധികളും, വിശിഷ്യ സിറിയിയുടെ അഭയാര്‍ത്ഥികള്‍ക്കും മുറിപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ തലവന്മാരുമായും കൂടിക്കഴ്ചകള്‍ നടത്തിക്കൊണ്ട്, അവിടത്തെ രാഷ്ട്രീയ സമാധനത്തിനും സുസ്ഥിതിക്കുമായി പരിശ്രമിക്കുവാന്‍ പാപ്പാ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി.

സഹായ ധനമായി പാപ്പ ഉടനെ സിറിയയില്‍ എത്തിച്ച 6 കോടി രൂപ, അവിടത്തെ വേദനിക്കുന്ന ജനങ്ങളോടുള്ള സഹാനുഭാവത്തിന്‍റെ പ്രതീകമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ അറിയിച്ചു. ആയുധങ്ങള്‍ അടിയറവച്ച് സമാധാനത്തിന്‍റെ പാതപുല്‍ക്കുന്നതില്‍ സര്‍ക്കാരിന്‍റെയും വിമതരുടെയും വിഭാഗങ്ങളെ ഒരുപോലെ പ്രേരിപ്പിക്കുവാനുള്ള പരിശ്രമത്തിന്‍റെ ഭാഗമായിട്ടാണ് കര്‍ദ്ദിനാള്‍ സറയെ പാപ്പ മദ്ധ്യപൂര്‍വ്വദേശത്തേയ്ക്ക് അയച്ചിരിക്കുന്നതെന്നും, സിറിയയെ നീതിയുള്ള രാഷ്ട്രീയ സംവിധാനത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ സന്മനസ്സുള്ള ഏവരും കൂട്ടിയിണക്കാന്‍ ഈ ഉദ്യമം ഉപകരിക്കുമെന്നും പാപ്പ പ്രത്യാശപ്രകടപ്പിച്ചു.








All the contents on this site are copyrighted ©.