2012-11-07 20:32:06

നിയമപാലകര്‍ ‘നോക്കുകുത്തി’കളാവരുതെന്ന്
ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി


7 നവംമ്പര്‍ 2012, റോം
സര്‍ക്കാരുകള്‍ നീതി-സുരക്ഷാ സംവിധാനങ്ങളുടെ ഉത്തരവാദിത്വമുള്ള പാലകരാകണമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി പ്രസ്താവിച്ചു.
രാജ്യന്തര കുറ്റാന്വേഷണ സംഘടനയായ INTERPOL നവംമ്പര്‍ 6-ാം തിയതി ചൊവ്വാഴ്ച റോമില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് വത്തിക്കാനെ പ്രതിനിധീകരിച്ച് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ക്രമസമാധാനവും ധാര്‍മ്മിക മൂല്യങ്ങളുമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ ലോകത്ത് നീതിയും സുരക്ഷയുമുള്ള പൊതുജനശക്തിയുടെ പ്രതീകമായിരിക്കുമ്പോള്‍, അഴിമതിയും അക്രമങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനഹിതവും ആത്മവിശ്വാസവും നഷ്ടപ്പെട്ട നിയമസ്ഥാപനത്തിന്‍റെ അല്ലെങ്കില്‍ അരാജകത്വത്തിന്‍റെ നോക്കുകുത്തികളായി മാറുമെന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി കുറ്റപ്പെടുത്തി.

തിന്മകള്‍ പെരുകുന്ന ആനുകാലികവും നവവുമായ സമൂഹ്യ പ്രതിഭാസത്തില്‍ ക്രമസമാധാന രംഗത്ത് പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും വെല്ലുവിളികള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും, നീതിയിലും സത്യത്തിലും അധിഷ്ഠിതമായ നിയമ നടപടിക്രമങ്ങള്‍ അധികാരത്തിലുള്ളവര്‍ പാലിച്ചില്ലെങ്കില്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ പോലുള്ള അധിക്രമങ്ങളും ക്രൂരതയും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുമെന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി സമ്മേളനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.