2012-11-06 16:10:38

മധ്യപൂര്‍വ്വദേശത്ത് സഭയ്ക്ക് ശക്തിപകരുന്ന അല്‍മായ ചൈതന്യം


06 നവംബര്‍ 2012, കിര്‍ക്കുക്ക്
മധ്യപൂര്‍വ്വദേശത്ത് കത്തോലിക്കാ സഭ അല്‍മായ ശാക്തീകരണത്തിന് കൂടുതല്‍ ശ്രദ്ധനല്‍കുമെന്ന് കിര്‍ക്കുക്ക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലൂയിസ് സാക്കോ. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സെപ്തംബര്‍ മാസത്തില്‍ ലെബനോന്‍ പര്യടന വേളയില്‍ പ്രകാശനം ചെയ്ത മധ്യപൂര്‍വ്വദേശത്തെ സഭ ("Ecclesia in Medio Oriente") എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ പ്രസക്തിയെക്കുറിച്ച് ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം സഹോദരങ്ങളോട് സത്യത്തിലും ഉപവിയിലുമധിഷ്ഠിതമായ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും സ്വന്തം വിശ്വാസത്തിനു ധൈര്യപൂര്‍വ്വം സാക്ഷൃം നല്‍കാനും അദ്ദേഹം അല്‍മായസമൂഹത്തെ ആഹ്വാനം ചെയ്തു. അല്‍മായ വിശ്വാസികളുടെ സാക്ഷൃവും ചൈതന്യവും സഭയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. അല്‍മായര്‍ സഭാജീവിതത്തില്‍ പൂര്‍ണ്ണമായി പങ്കുചേരണം. സുവിശേഷത്തിന്‍റെ വെളിച്ചത്തില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിക്കുമെന്ന് ആര്‍ച്ചുബിഷപ്പ് സാക്കോ പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാക്കില്‍ അറബികളും തുര്‍ക്കികളും കുര്‍ദുകളും തമ്മിലുണ്ടാകുന്ന മതപരവും വംശീയവുമായ പ്രശ്നങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ആര്‍ച്ചുബിഷപ്പ്, ആത്മാര്‍ത്ഥമായ സംവാദത്തിന്‍റെ അനിവാര്യതയെക്കുറിച്ചും തദവസരത്തില്‍ പ്രതിപാദിച്ചു.








All the contents on this site are copyrighted ©.