2012-11-05 15:53:48

ബിഷപ്പ് തെവാദ്രോസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍


05 നവംബര്‍ 2012, കെയ്റോ
ബിഷപ്പ് തെവാദ്രോസ് (60) അലക്സാന്‍ഡ്രിയായിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ നാലാം തിയതി ഞായറാഴ്ച കെയ്റോയിലെ‍ സെന്‍റ് മാര്‍ക്‌സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കണ്ണ് മൂടിക്കെട്ടിയ ഒരു കൊച്ചുകുട്ടിയാണ് നറുക്കെടുപ്പിലൂടെ ബിഷപ്പ് തെവാദ്രോസിന്‍റെ പേര് തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള കോപ്ടിക് മെത്രാന്‍മാരും വൈദികരും അല്‍മായരും ചേര്‍ന്നു നടത്തിയ സുദീര്‍ഘമായ തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ തയ്യാറാക്കിയ അവസാന മൂന്നംഗ പട്ടികയില്‍ നിന്നായിരുന്നു നറുക്കെടുപ്പ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന ഷെനൗദ മൂന്നാമന്‍ മാര്‍ച്ചില്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
1952ല്‍ ജനിച്ച ബിഷപ്പ് തെവാദ്രോസ് 1989ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1997ല്‍ മെത്രാനായി അഭിക്ഷിതനായി. ബെഹറായുടെ സഹായ മെത്രാനായി ശുശ്രൂഷചെയ്തു വരവേയാണ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
നവംബര്‍ 18ന് വി. മാര്‍ക്കോസിന്‍റെ കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ബിഷപ്പ് തെവാദ്രോസ് അലക്സാഡ്രിയായിലെ പോപ്പും വി. മാര്‍ക്കോസിന്‍റെ സിംഹാസനത്തിന്‍റെ 118ാമത് പാത്രിയാര്‍ക്കീസുമായി സ്ഥാനാരോഹണം ചെയ്യും.








All the contents on this site are copyrighted ©.