2012-11-05 15:51:12

അന്താരാഷ്ട്ര മത-സാംസ്ക്കാരിക സംവാദവേദിയില്‍ പരിശുദ്ധ സിംഹാസനം പ്രഥമ നിരീക്ഷക അംഗം


05 നവംബര്‍ 2012, വത്തിക്കാന്‍
സൗദി അറേബ്യയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര മത സാംസ്ക്കാരിക സംവാദവേദിയില്‍ (King Abdullah bin Abdulaziz International Centre for Interreligious and Intercultural Dialogue-KAICIID)പരിശുദ്ധ സിംഹാസനം സ്ഥാപക – നിരീക്ഷക – അംഗത്വം (Founding Observer) സ്വീകരിച്ചു. യു.എന്നിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ അന്താരാഷ്ട്ര സമിതിയില്‍ സൗദി അറേബ്യയെക്കൂടാതെ സ്പെയിന്‍, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സ്ഥാപക അംഗങ്ങളാണ്. നിരവധി അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന വിയന്ന കേന്ദ്രമാക്കി തന്നെയാണ് സമിതിയും പ്രവര്‍ത്തിക്കുക. 2011 ഒക്ടോബര്‍ മാസത്തില്‍ രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സമിതി 2012 നവംബര്‍ 26ന് വിയന്നയില്‍ ഉദ്ഘാടനം ചെയ്യപ്പെടും.
മത-സാംസ്ക്കാരിക സംവാദത്തിനായുള്ള അന്താരാഷ്ട്ര സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇസ്ലാംമതം, ഹിന്ദുമതം, യഹൂദമതം, ബുദ്ധമതം തുടങ്ങിയ, പ്രമുഖ ലോകമതങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ട്. സമിതിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്നത് മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ സെക്രട്ടറി ഫാ.മിഖല്‍ ആങ്ഹേല്‍ അയുസോ ഗ്വിക്സോട് ആണ്.
വിഭിന്ന മതസംസ്ക്കാരങ്ങള്‍ക്കിടയില്‍ സൗഹൃദവും സഹകരണവും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നവരോട് താല്‍പര്യം പ്രകടിപ്പിക്കുന്ന കത്തോലിക്കാ സഭ, അത്തരം സംരംഭങ്ങളെ സഹായിക്കാന്‍ സന്നദ്ധയുമാണ്. സഭയുടെ ഈ നിലപാടാണ് അന്താരാഷ്ട്ര മത സാംസ്ക്കാരിക സംവാദവേദിയില്‍ സ്ഥാപക – നിരീക്ഷക – അംഗത്വം സ്വീകരിച്ചതിലൂടെ പരിശുദ്ധ സിംഹാസനം വെളിപ്പെടുത്തുന്നതെന്ന് ഫാ. ഗ്വിക്സോട് അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.