2012-11-04 19:46:54

മനുഷ്യജീവിതത്തിന്‍റെ മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമാണ്
മരണമെന്ന് പാപ്പ ബനഡിക്ട്


3 നവംമ്പര്‍ 2012, വത്തിക്കാന്‍
കഴിഞ്ഞ വര്‍ഷത്തില്‍ അന്തരിച്ച സഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി ദിവ്യബലിയര്‍പ്പിച്ച് പാപ്പ പ്രാര്‍ത്ഥിച്ചു. മനുഷ്യന്‍ എപ്രകാരം മരണത്തെ അഭിമുഖീകരിക്കണമെന്നാണ് വചനപ്രഘോഷണത്തില്‍ പാപ്പ ഉദ്ബോധിപ്പിച്ചത്. പാപ്പായുടെ വചനപ്രഘോഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടേ ചേര്‍ക്കുന്നു.

മരണത്തിനുപോലും വേര്‍പെടുത്താനാവാത്ത ആത്മബന്ധവും ഐക്യവും പരേതാത്മാക്കളോട് ജീവിക്കുന്നവര്‍ക്കുണ്ടെന്ന അനുഭവമാണ് സകല വിശുദ്ധരുടേയും മരിച്ചവരുടേയും ഓര്‍മ്മ നമ്മില്‍ വളര്‍ത്തുന്നത്. സമൃതിമണ്ഡപങ്ങള്‍ സന്ദര്‍ശിച്ച് പരേതരെ അനുസ്മരിച്ചു നടത്തുന്ന പ്രാര്‍ത്ഥനകള്‍ നമ്മെ അഭൗമമായൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുന്നു. പച്ചയായ ജീവിതത്തിന്‍റെ സുഖദുഃഖങ്ങളിലൂടെയും ആശകളിലൂടെയും പ്രത്യാശകളിലൂടെയും കടന്നുപോയ നമ്മുടെ പ്രിയപ്പെട്ടവരുമായി ഒരാത്മീയ ഐക്യം പ്രാപിക്കുന്ന വികാര നിര്‍ഭരമായ സന്ദര്‍ഭമാണ് പരേതസ്മരണാദിനം.

മരണമെന്ന യാഥാര്‍ത്ഥ്യം മനുഷ്യജീവിതത്തിന്‍റെ ഭാഗവും, എക്കാലത്തെയുംപോലെ ഇന്നും മനുഷ്യന്‍ അംഗീകരിക്കേണ്ട സത്യവുമാണ്. കാലചക്രം ഉരുളുമ്പോള്‍ പലതും
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകുന്നു. പലതിനും മാറ്റങ്ങള്‍ വരുന്നു. പലരേയും നാം മറന്നു പോകുന്നു. എന്നാല്‍ മാറ്റമില്ലാത്ത യാഥാര്‍ത്ഥ്യമായി മരണം മനുഷ്യജീവിതത്തില്‍ ഇന്നു നിലനില്ക്കുന്നു. ജീവിതയാത്രയില്‍ മരണമെത്തിക്കുന്ന ദുഃഖത്തിന്‍റെ ഇരുള്‍ മറയ്ക്കു മുന്നില്‍ നിസ്സഹായനായി നില്ക്കുന്ന മനുഷ്യന്‍, പ്രത്യാശ പകരുന്ന ദൈവിക വെളിച്ചത്തിനായി എക്കാലത്തും വെമ്പല്‍കൊണ്ടിട്ടുണ്ട്. ക്രിസ്തുവിന്‍റെ കുരിശുമരണവും തിരുവുത്ഥാനവുംവഴി വിശ്വാസപൂര്‍വ്വം ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നവര്‍ക്ക് മരണത്തിലൂടെ നിത്യജീവന്‍റെ കവാടം തുറന്നുകിട്ടുന്നു. മരണാനന്തരം പരേതര്‍ക്കു ലഭിക്കുന്ന ദൈവിക ജീവിനിലുള്ള പങ്കാളിത്തം ജീവന്‍റെ പൂര്‍ണ്ണിമയാണ്. കിനിഞ്ഞിറങ്ങുന്ന മൂടല്‍മഞ്ഞിലൂടെ ദൃശ്യമാകുന്ന നീലാകാശംപോലെ അവ്യക്തമായ ഒരെത്തിനോട്ടമേ നിത്യതയെക്കുറിച്ചു നമുക്കിപ്പോള്‍ സാധിക്കൂ.


പരലോകത്തുവച്ചുള്ള ഈ ജീവിതത്തിന്‍റെ അനന്തമായ പുനഃരാവിഷ്ക്കരണമായി നിത്യതയെ കാണരുത്. കാരണം, അതു തികച്ചും വ്യത്യസ്തമാണ്. ജീവിക്കുന്ന ദൈവവുമായുള്ള പരിപൂര്‍ണ്ണവും ആത്മീയവുമായ ഐക്യമാണ് നിത്യത എന്ന് നമ്മുടെ വിശ്വാസം പഠിപ്പിക്കുന്നു. നിത്യതയെന്നാല്‍ ദൈവകരങ്ങളില്‍, അവിടുത്തെ സ്നേഹത്തില്‍ അമരുന്നതും അവിടുന്നുമായും, അവിടുന്ന് സൃഷ്ടിച്ച് രക്ഷിച്ച് വീണ്ടെടുത്ത എല്ലാ മനുഷ്യരും, സകല സൃഷ്ടികളും ഈ പ്രപഞ്ചവും തമ്മിലുള്ള രമ്യപ്പെടലാണ്. ദൈവസ്നേഹത്തില്‍ ഊന്നിനില്ക്കുന്ന വിശ്വാസം ക്രിസ്തുവിന്‍റെ കുരിശില്‍ പ്രത്യാശ വയ്ക്കുന്നു. അങ്ങനെയെങ്കില്‍ ക്രിസ്തു കുരിശില്‍ക്കിടന്നുകൊണ്ട് തന്‍റെ വലതു ഭാഗത്തുണ്ടായിരുന്ന നല്ല കള്ളനോട് അരുള്‍ചെയ്ത, “ഇന്നു നീ എന്‍റെകൂടെ പറുദീസയിലായിരിക്കും” എന്ന വാക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ ഇന്നും മാറ്റൊലിക്കൊള്ളണം” (ലൂക്കാ 23, 43).

നമുക്കു മുന്നേ കടുന്നുപോയ ഈ ശ്രേഷ്ഠാന്മാക്കള്‍ സുവിശേഷ ദീപ്തിയാല്‍ നിറഞ്ഞ് ക്രിസ്തുവിന്‍റെ വിനീത ഹൃദയരും കാരുണ്യമുള്ളവരും ഹൃദയ വിശുദ്ധിയുള്ളവരും സമാധാന പാലകരുമാണ്
(മത്തായി 5, 1-12). ജീവിത ക്ലേശങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമിടയില്‍ കര്‍ത്താവിന്‍റെ ഒരിക്കലും പതറാത്ത പ്രേഷിതരും സ്നേഹിതരുമായിരുന്നു സഭയില്‍ സ്തുത്യര്‍ഹ സേവനം ചെയ്തു കടന്നുപോയവര്‍. കര്‍ത്താവിന്‍റെ ഭവനത്തില്‍ എന്നേയ്ക്കും ആയിരിക്കുന്ന അവര്‍, നിത്യസമ്മാനത്തിന് അര്‍ഹരായി സ്വര്‍ഗ്ഗീയ മഹത്വം ആസ്വദിച്ച്, ദൈവിക കൃപയും സന്തോഷവും നിറഞ്ഞ് ജീവിക്കുന്നു.

ഈ ജീവിതയാത്രയില്‍ കര്‍ത്താവിന്‍റെ വിരുന്നു മേശയില്‍ വിശ്വാസപൂര്‍വ്വം പങ്കുചേരുകയും തിരുപ്പാഥേയം പങ്കുവയ്ക്കുകയും ചെയ്തവര്‍ സ്വര്‍ഗ്ഗീയ ജരൂസലേമിലെ നിത്യവരുന്നിലും പങ്കുചേരും എന്നതില്‍ സംശയമില്ല. ഇത് നമ്മുടെയും ഭാഗധേയമാണ്. പ്രത്യാശയുള്ള പ്രാര്‍ത്ഥന നമ്മെ ഒരിക്കലും നിരാശരാക്കുകയില്ല (റോമ. 5, 5). ക്രിസ്തു വാഗ്ദാനം ചെയ്തതനുസരിച്ച്, നമ്മുടെ ശാരീരിക മരണം അവിടുത്തെ പുനരുത്ഥാനത്താല്‍ അത്ഭുതകരമാംവിധം രൂപാന്തരപ്പെട്ട് മഹത്വീകൃതമാകും. കാലം ഇനിയും കൈമാറുന്ന ക്രിസ്തുവിന്‍റെ ശൂന്യമായ കല്ലറ യുഗാന്തരങ്ങളിലൂടെ മനുഷ്യകുലത്തിന്‍റെയും നമ്മുടെയും പ്രത്യാശയ്ക്കു നിദാനമായിത്തീരുന്നു. “നിങ്ങളെന്തിനാണ് ജീവിക്കുന്നവനെ മൃതരുടെ ഇടയില്‍ അന്വേഷിക്കുന്നത്? ക്രിസ്തു ഉത്ഥാനംചെയ്തു,” (ലൂക്കാ 24, 5) എന്നാണ് മരണാന്തരം അവിടുത്തെ കല്ലറയില്‍ ചെന്ന ശിഷ്യന്മാര്‍ക്കു കിട്ടിയ ആദ്യസന്ദേശം. ശൂന്യമായ കല്ലറയുടെ ഉത്ഥാനപ്പുലരിയിലെ പ്രഥമ സന്ദേശം യുഗങ്ങളിലൂടെ മനുഷ്യകുലത്തിന്‍റെ പ്രത്യാശയ്ക്ക് ആധാരമാവുകയാണ്. “ക്രിസ്തുവിനോടുകൂടെ മരിച്ചെങ്കില്‍ നാം ക്രിസ്തുവിനോടുകൂടെ ജീവിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു” (റോമ. 6, 8). ‘ഈ പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കില്ല കാരണം, ജ്ഞാനസ്നാനത്തിലൂടെ നമുക്കു ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവു വഴി ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് സമൃദ്ധമായി ചൊരിയപ്പെട്ടിരിക്കുന്നു.’ (റോമ. 5, 6). ഒരു നല്ല മനുഷ്യനുവേണ്ടി ആരെങ്കിലും ജീവന്‍ സമര്‍പ്പിച്ചെന്നുവരാം, എന്നാല്‍ നാം പാപികളായിരിക്കെ ദൈവം തന്‍റെ അനന്തമായ സ്നേഹത്താല്‍ നമ്മെ വീണ്ടെടുത്തു. പാപികളായ നമുക്കുവേണ്ടി ക്രിസ്തു മരണം കൈവരിച്ചു (റോമ. 5, 8). അങ്ങനെ നമ്മുടെ നന്മയ്ക്കും ധാര്‍മ്മികതയ്ക്കും അടിസ്ഥാനം ക്രിസതുവിലുള്ള വിശ്വാസമാണ്. ദൈവമഹത്വം ലോകത്തിനു ദൃശ്യമാക്കിയ ക്രിസ്തുവിന്‍റെ പെസഹാ രഹസ്യങ്ങളാണ് മരണപാശം മറികടക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതും അവിടുത്തെ തിരുമുഖ ദര്‍ശനത്തിന് യോഗ്യരാക്കുന്നതും (ജോബ് 19, 27).

ദൈവപുത്രന്‍റെ ഈ ഭൂമിയിലെ അസ്തിത്വത്തിന് കാരണക്കാരിയായ കന്യകാനാഥ സകല സൃഷ്ടികളിലും മഹത്വീകൃതയും അമലോത്ഭവയും കൃപാപൂര്‍ണ്ണയുമാണ്. നമ്മുടെ സകല പരേതരായ പ്രിയപ്പെട്ടവരെയും പരിശുദ്ധ കന്യകാനാഥയ്ക്കു സമര്‍പ്പിക്കാം. സ്വര്‍ഗ്ഗീയ ഭവനത്തിലേയ്ക്കും പിതൃസന്നിധിയിലേയ്ക്കും പരിശുദ്ധ അമ്മേ, ഞങ്ങളുടെ പരേതാത്മാക്കളെ നയിക്കണമേ. പ്രത്യാശയുടെ പിന്‍ബലത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, ഞങ്ങളുടെ പ്രിയപ്പെട്ടവരെ നിത്യാനന്ദത്തില്‍ ഒരുനാള്‍ കാണുവാനും, എന്നേയ്ക്കും അവരോടൊത്തു വസിക്കാനും ഞങ്ങള്‍ക്കും ഭാഗ്യമരുളണമേ. ആമ്മേന്‍.









All the contents on this site are copyrighted ©.