2012-11-01 19:26:04

ദൈവമനുഷ്യ ബന്ധം യാഥാര്‍ത്ഥ്യമാക്കുന്ന
പുണ്യസ്മരണാ ദിനങ്ങള്‍


1 നവംമ്പര്‍ 2012, വത്തിക്കാന്‍
സകല വിശുദ്ധരെയും പരേതാത്മാക്കളെയും അനുസ്മരിച്ച് ബനിഡിക്ട് 16-ാമന്‍ പാപ്പ സന്ദേശം നല്കി.
നവംമ്പര്‍ 1-ാം തിയതി വ്യാഴാഴ്ച രാവിലെ സകല വിശുദ്ധരുടെ അനുസ്മരണ ദിനത്തില്‍, വത്തിക്കാനിലുള്ള അപ്പസ്തോലിക അരമനയില്‍ തന്‍റെ പഠനമുറിയുടെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്, അവിടെ സമ്മേളിച്ച ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും ലോകത്തിനുമായി
പാപ്പ സന്ദേശം നല്കിയത്.

സകല വിശുദ്ധരുടെയും പരേതാത്മാക്കളുടെയും അനുസ്മരണം ജീവിത യാഥാര്‍ത്ഥ്യങ്ങളായ
ആത്മ-ഭൗമ ചക്രവാളങ്ങളുടെ അനുസ്മരണവും ആഘോഷവുമാണെന്ന് ധ്യാനിച്ചുകൊണ്ടാണ് പാപ്പ പ്രഭാഷണം ആരംഭിച്ചത്. മനുഷ്യന്‍റെ ഈ ലോക ജീവിത യാത്രയെ ഭൂമിയും, നിത്യതയുടെ തീരങ്ങള്‍ തേടിയുള്ള പ്രയാണത്തെ സ്വര്‍ഗ്ഗവും അനുസ്മരിപ്പിക്കുന്നുവെന്നും, രണ്ടും മനുഷ്യ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളാണെന്നും പാപ്പ പ്രസ്താവിച്ചു. നിത്യതയുടെ സ്വര്‍ഗ്ഗീയ ജരൂസലേമിലേയ്ക്ക് അനുയാത്രചെയ്യുന്ന ചരിത്രത്തിലെ വിശ്വാസ സമൂഹമെന്ന നിലയില്‍, ജീവിതത്തിന്‍റെ ഈ രണ്ടു മേഖലകളും സഭ ഉള്‍ക്കുള്ളുന്നുണ്ടെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

സകലവിശുദ്ധരുടെയും പരേതാത്മാക്കളുടെയും അനുസ്മരണാ ദിനങ്ങള്‍
മനുഷ്യന്‍റെ ഈ ജീവിതത്തിലെ ആത്മ-ഭൗമ ചക്രവാളങ്ങളുടെ ഐക്യം പ്രതിഫലിപ്പിക്കുന്നുവെന്നും,
ഈ ജീവിതത്തില്‍ ആരംഭിക്കേണ്ട സാഹോദര്യ ഐക്യം സ്വര്‍ഗ്ഗീയ ഐക്യത്തില്‍ ആര്‍ജ്ജിക്കേണ്ട ആത്മീയ ഐക്യത്തിന്‍റെ നാന്ദിയാണെന്നും പാപ്പ അനുസ്മരിപ്പിച്ചു.

ആത്മ-ഭൗമ യാഥാര്‍ത്ഥ്യങ്ങളുടെ ബലതന്ത്രം മനുഷ്യകുലത്തിന് സുവ്യക്തമാക്കി തന്നത് ദൈവപുത്രനായ ക്രിസ്തുവാണെന്നും, ക്രിസ്തുവിലൂടെ അത് സഭ സ്വായത്തമാക്കുവാനും പ്രഘോഷിക്കുവാനും നിരന്തരമായി പരിശ്രമിക്കുന്നുവെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

ദൈവ-മനുഷ്യ ബന്ധത്തിന്‍റെ കൂട്ടായ്മ യാഥാര്‍ത്ഥ്യമാക്കുന്ന സ്വര്‍ഗ്ഗീയ ഐക്യത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും മനുഷ്യന്‍ പ്രവേശിക്കുന്നത് മരണത്തിലൂടെയാണെന്നും, ആകയാല്‍ മരണത്തെക്കുറിച്ചു ചിന്തിക്കുന്നതും പരേതരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്നത് പ്രസക്തമാണെന്നും പാപ്പ പ്രസ്താവിച്ചു. സ്വാര്‍ത്ഥതയുടെയും തിന്മയുടെയും ഭൗമിക ചക്രവാളം താണ്ടി നാം ആത്മ-സ്വര്‍ഗ്ഗ തീരം, നിത്യതയുടെ തീരം പുല്‍കാന്‍ തക്കവിധം ഈ ജീവിതം നന്മയില്‍ നയിക്കുവാന്‍ സകല വിശുദ്ധരുടെയും പരേതാന്മാക്കളുടെയും അനുസ്മരണം സഹായിക്കട്ടെയെന്നും ഉദ്ബോധിപ്പിച്ച പാപ്പ, ഏവര്‍ക്കും അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.








All the contents on this site are copyrighted ©.