2012-11-01 19:36:10

ചരിത്രസ്മരണകള്‍ ഉണര്‍ത്തിയ
സിസ്റ്റൈന്‍ കപ്പേളയിലെ സായാഹ്നപ്രാര്‍ത്ഥന


1 നവംമ്പര്‍ 2012, വത്തിക്കാന്‍
ചരിത്രസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് ബനഡിക്ട് 16-ാമന്‍ പാപ്പ വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയില്‍ സായാഹ്ന പ്രാര്‍ത്ഥന നയിച്ചു. സിസ്റ്റൈന്‍ കപ്പേളയുടെ 500-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടും, നവംമ്പര്‍ ഒന്നിന് ആഘോഷിച്ച സകല വിശുദ്ധരുടെ തിരുനാളിന് ഒരുക്കമായിട്ടും ആയിരുന്നു ഒക്ടോബര്‍ 31-ാം തിയതി വൈകുന്നേരം അപ്പസ്തോലിക അരമനയുടെ ചരിത്ര പുരാതനമായ കപ്പേളയില്‍
പാപ്പ സായാഹ്ന പ്രാര്‍ത്ഥന നയിച്ചത്.

സിസ്റ്റൈന്‍ കപ്പേളയുടെ മേല്‍ത്തട്ടിയില്‍ ഇന്നും തെളിഞ്ഞു നില്ക്കുന്ന അനശ്വര ചിത്രീകരണങ്ങളുടെ
പണി പൂര്‍ത്തിയാക്കി, വിശ്വത്തര കലാകാരന്‍ മൈക്കിളാഞ്ചലോ അവ ജൂലിയസ് രണ്ടാമന്‍ പാപ്പയ്ക്ക് സമര്‍പ്പിച്ചത് 1512-ാമാണ്ടിലെ ഒക്ടോബര്‍ 31-ാം തിയതിയായിരുന്നുവെന്നും പ്രഭാഷണമദ്ധ്യേ പാപ്പാ അനുസ്മരിച്ചു.

ലോക ജനതയെ ഇന്നും ആകര്‍ഷിക്കുന്ന ഈ അപൂര്‍വ്വ ചുവര്‍ചിത്രങ്ങളില്‍ തെളിഞ്ഞു നില്ക്കുന്ന ദിവ്യപ്രകാശം എവിടെയും തിന്മയുടെ അന്ധകാരം അകറ്റുന്നതും, സൃഷ്ടിയിലും രക്ഷാകര്‍മ്മത്തിലും ഒരുപോലെ ജീവന്‍ പ്രദാനംചെയ്യുന്നതുമാണെന്നും പ്രഭാഷണമദ്ധ്യേ പാപ്പ ചൂണ്ടിക്കാട്ടി.
സൃഷ്ടി മുതല്‍ അന്ത്യവിധിവരെയുള്ള രക്ഷാകര ചരിത്രസംഭവങ്ങളുടെ ചുവര്‍ചിത്രങ്ങളില്‍ തിങ്ങിനില്ക്കുന്ന പ്രകാശം, ദൈവ-മനുഷ്യ ബന്ധത്തില്‍ പ്രതിഫലിക്കുന്ന ദൈവിക തേജസ്സും, അതുനല്കുന്ന രക്ഷയുടെ സ്വാതന്ത്ര്യത്തിന്‍റെ തെളിച്ചവുമാണെന്നും പാപ്പ പ്രഭാഷണത്തില്‍ വ്യാഖ്യാനിച്ചു.

കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും സന്ന്യസ്തരുടെയും വൈദികരുടെയും സമൂഹവും, റോമിലെ വിശ്വാസികളുടെ വന്‍ കൂട്ടവുംകൊണ്ട് സായാഹ്നപ്രാര്‍ത്ഥനാ വേദിയായ സിസ്റ്റെന്‍ കപ്പേള നിറഞ്ഞു കവിഞ്ഞിരുന്നു. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പായ്ക്കും ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുത്ത ഏവര്‍ക്കും വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജോസഫ് ബര്‍ത്തേല്ലോ പ്രത്യേകം നന്ദിപ്രകാശിപ്പിച്ചു.








All the contents on this site are copyrighted ©.