2012-10-31 16:02:59

മറ്റൊരു മൈക്കിളാഞ്ചലോയെ
കാലം ഇനിയും കണ്ടിട്ടില്ലെന്ന്


31 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
മറ്റൊരു മൈക്കിളാഞ്ചലോയെ കാലം ഇനിയും കണ്ടിട്ടില്ലെന്ന് നിരൂപകന്മാര്‍ പ്രസ്താവിച്ചു.
വിശ്വത്തര ചിത്രരചനകളും അമൂല്യ കലാശേഖരങ്ങളുമുള്ള വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയുടെ
500-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ഒക്ടോബര്‍ 30-ന് റോമില്‍ സമ്മേളിച്ച കലാകാരന്മാരുടെയും കലാസാങ്കേതിക വിദഗ്ദ്ധരുടെയും പഠനശിബരമാണ് ഇങ്ങനെ ഏകകണ്ഠേന അഭിപ്രായപ്പെട്ടത്.

1508 മുതല്‍ നീണ്ട നാലു വര്‍ഷക്കാലത്തെ അവിശ്വാസനീയവും അശ്രാന്തവുമായ പരിശ്രമത്തിന്‍റെ അന്ത്യത്തിലാണ് ആയിരക്കണക്കിന് ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സിസ്റ്റൈന്‍ കപ്പേളയിലെ തന്‍റെ ചിത്രരചനകളുടെ ശേഖരം, 1512 ഒക്ടോബര്‍ 31-ാം തിയതി ജൂലിയസ് രണ്ടാമന്‍ പാപ്പായ്ക്ക് മൈക്കിളാഞ്ചലോ സമര്‍പ്പിച്ചതെന്ന് കലാകാരന്മാര്‍ സമ്മേളനത്തില്‍ അനുസ്മരിച്ചു.

സൃഷ്ടി, അന്ത്യവിധി തുടങ്ങിയ അനശ്വര ചുവര്‍ചിത്രങ്ങളും; പിയെത്താ, ഡേവിഡ്, മോസസ് തുടങ്ങിയ അമൂല്യ ശില്പങ്ങളും, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കപോലുള്ള വാസ്തുശില്പങ്ങളുംകൊണ്ട് ലോകത്തെ ദൃശ്യവിസ്മൃതിയിലാഴ്ത്തിയ മൈക്കളാഞ്ചലോ ബുവനരോത്തി ഇറ്റലിയിലെ ഫ്ലോറന്‍സുകരാനാണ്.

1564 ഫെബ്രുവരി 18-ന് കാലംചെയ്യുമ്പോഴും അദ്ദേഹം രൂപകല്പന ചെയ്ത വിശുദ്ധ പത്രോസിന്‍റെ ബസിലിക്കാ സൗധം പണിതീര്‍ന്നിട്ടില്ലായിരുന്നുവെന്ന ചരിത്രവസ്തുതയും കലാകാരന്മാര്‍ പഠനശിബരത്തില്‍ അനുസ്മരിച്ചു.

അനുദിനം പതിനായിരത്തിലേറെ പേരാണ് മൈക്കിളാഞ്ചലോയുടെ 500 വര്‍ഷം പഴക്കുമുള്ള സിസ്റ്റൈന്‍ കപ്പേളയിലെയും വത്തിക്കാനിലെയും അനശ്വരസൃഷ്ടികള്‍ കണ്ടാസ്വദിക്കാന്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള സന്ദര്‍ശകരും തീര്‍ത്ഥാടകരും വത്തിക്കാനിലെത്തുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഡയറക്ടര്‍ അന്തോണിയോ പാവ്ളൂച്ചി കലാകാരന്മാരുടെ സംഗമത്തെ അറിയിച്ചു.










All the contents on this site are copyrighted ©.