2012-10-26 09:25:57

വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും
തീര്‍ത്ഥാടനമാണ് കുടിയേറ്റം


25 ഒക്ടോബര്‍ 2012, വത്തിക്കാന്‍
പ്രവാസികളുടെ ആഗോള ദിനത്തിനുള്ള ബനഡിക്ട് 16-ാമന്‍ പാപ്പയുടെ സന്ദേശം ഒക്‍ടോബര്‍ 29-ന് പുറത്തിറക്കുമെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അറിയിച്ചു. ‘വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും തീര്‍ത്ഥാടനമാണ് കുടിയേറ്റം,’ എന്ന പ്രസ്താവം ശീര്‍ഷകമാക്കിക്കൊണ്ടാണ് ആഗോള സഭയുടെ വിശ്വാസവത്സരത്തില്‍ പാപ്പ സന്ദേശം പുറപ്പെടുവിക്കുന്നതെന്ന്, വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍
ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

ആഗോളവത്ക്കരണത്തിന്‍റെ ഭാഗമായി അരങ്ങേറുന്ന അതിരില്ലാത്ത കുടിയേറ്റ പ്രതിഭാസത്തില്‍ അജപാലനപരമായ കരുതലും സാമൂഹ്യ പ്രതിബദ്ധതയും ജനങ്ങളില്‍ വളര്‍ത്തുവാനാണ് സഭ അനുവര്‍ഷം പ്രവാസിദിനം ആചരിക്കുന്നതെന്നും, പാപ്പയുടെ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും
ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി. 2013 ജനുവരി 13-ാം തിയതിയാണ് ആഗോള സഭയില്‍ 99-ാമത് പ്രവാസി ദിനം ആചരിക്കുന്നത്.

ഒക്ടോബര്‍ 29-ാം തിയതി വത്തിക്കാനില്‍ നടത്തപ്പെടുന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇംഗ്ലിഷ്, ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ് എന്നീ ഭാഷകളില്‍ പാപ്പായുടെ സന്ദേശം മാധ്യമങ്ങളള്‍ക്കു ലഭ്യമാക്കുമെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ അറിയിച്ചു.








All the contents on this site are copyrighted ©.