2012-10-25 20:12:40

സഭൈക്യത്തിന്‍റെ പൊന്‍നാമ്പ് തെളിയിക്കണമെന്ന്
നിയുക്ത കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്


25 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
വിസ്തൃതമായ വീക്ഷണവും ആഴമാര്‍ന്ന അജപാലന സ്നേഹവുമാണ് സഭ നല്കുന്ന പദവി തന്‍റെ മനസ്സില്‍ ഉണര്‍ത്തുന്നതെന്ന് നിയുക്ത കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് പ്രസ്താവിച്ചു.
ഒക്ടോബര്‍ 25-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്, മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും തിരുവനന്തപുരം അതിതൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ ഇപ്രകാരം പ്രസ്താവിച്ചത്.

എട്ടു പതിറ്റാണ്ടു മുന്‍പ് കേരളക്കരയില്‍ മാര്‍ ഇവാനിയോസ് തിരുമേനി കൊളുത്തിയ സഭൈക്യത്തിന്‍റെ പൊന്‍നാമ്പ് ഇനിയും ഭാരത സഭയില്‍ തെളിയിക്കുവാനും, ബഹുഭൂരിപക്ഷം
വരുന്ന അക്രൈസ്തവ സഹോദരങ്ങള്‍ക്കൊപ്പമുള്ള ഭാരതത്തിലെ ജീവിതം ക്രിസ്തു സ്നേഹത്തിലും ഐക്യത്തിലും നവീകരിക്കാന്‍ തന്നെ മാത്രമല്ല, മലങ്കര സഭാമക്കളെ മുഴുവനായും ദൈവം വിളിക്കുന്നതിന്‍റെ പ്രതീകമാണ് തന്‍റെ ഈ കര്‍ദ്ദിനാള്‍ സ്ഥാനലബ്ധിയെന്ന് മാര്‍ ക്ലീമിസ് തിരുമേനി അഭിമുഖത്തില്‍ എടുത്തുപറഞ്ഞു.

വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായിട്ട് പങ്കെടുക്കവെയാണ്, ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍, ബസീലോയോസ് മാര്‍ ക്ലീമിസ് ബാവയ്ക്ക് കര്‍ദ്ദിനാള്‍ പദവി നല്കിക്കൊണ്ടുള്ള പ്രഖ്യാപനം വത്തിക്കാനില്‍ പാപ്പ നടത്തിയത്. മേജര്‍ ആര്‍ച്ചുബിഷപ്പ്, ബസീലിയോസ് മാര്‍ ക്ലീമിസ് തീരുമേനിക്കു പുറമേ, ആഗോള സഭയിലെ മറ്റ് അഞ്ച് മെത്രാന്മാരെക്കൂടി പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.

1. വത്തിക്കാനിലെ പേപ്പല്‍ അരമനയുടെ പ്രീഫെക്ടും, റോമന്‍ ചുവിരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ പുരാതന ബസിലിക്കയുടെ പ്രധാന പുരോഹിത സ്ഥാനം ആലങ്കരിക്കുന്നതുമായ ബിഷപ്പ് മൈക്കിള്‍ ജെയിംസ് ഹാര്‍വി,

2. ലെബനോണിലെ മാരനൈറ്റ് പാത്രിയര്‍ക്കിസ് ബേച്ചരാ ബൂത്രോസ് റായ്,

3. നൈജീരിയയിലെ അബൂജയുടെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലെരൂണ്‍ഫേമി ഒനായ്ക്കേന്‍,

4. കൊളംമ്പിയായിലെ ബഗോട്ടോയുടെ മെത്രാപ്പോലീത്ത,
ആര്‍ച്ചുബിഷപ്പ് റൂബെന്‍ സാലസ്സര്‍ ഗോമെസ്,

5. ഫിലിപ്പീന്‍സിലെ മനിലാ അതിരൂപതാദ്ധ്യക്ഷന്‍,
ആര്‍ച്ചുബിഷപ്പ് ലൂയിസ് അന്തോണിയോ തഗാലെ എന്നിവരാണ്
പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയ മെത്രാന്മാര്‍.

നവംമ്പര്‍ 24-ാം തിയതി വത്തിക്കാനില്‍ വിളിച്ചുകൂട്ടപ്പെടുന്ന കര്‍ദ്ദിനാള്‍
സംഘത്തിന്‍റെ കൂട്ടായ്മയില്‍വച്ച്, കണ്‍സിസ്ട്രിയില്‍വച്ച് Consistory ഇന്ത്യയില്‍നിന്നുമുള്ള ക്ലീമിസ് മാര്‍ ബസീലോസ് തിരുമേനി ഉള്‍പ്പെടെ ആറുപേരെ ഔദ്യോഗികമായി കര്‍ദ്ദിനാള്‍ പദവിലേയ്ക്ക് ഉയര്‍ത്തുമെന്നും പൊതുകൂടിക്കഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പ പ്രഖ്യാപിക്കുകയുണ്ടായി.

ഇതോടെ ആഗോള സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 211- ആയി ഉയരുകയാണ്. അതില്‍ 122 പേര്‍
80 വയസ്സിനു താഴെ ഉള്ളവരാകയാല്‍ വേട്ടവകാശം ഉള്ളവരും 89-പേര്‍ സഭാ നിയമപ്രകാരമുള്ള പ്രായപരിധി കഴിഞ്ഞതിനാല്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.








All the contents on this site are copyrighted ©.