2012-10-21 20:28:53

പാപ്പ ബനഡിക്‍ട് ഏഴ് വാഴ്ത്തപ്പെട്ടവരെ
വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തി


21 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
പ്രശാന്തമായ ഞായര്‍ പ്രഭാതം. മിഷന്‍ ഞായര്‍ ദിനാഘോഷത്തോടൊപ്പം നവവിശുദ്ധരുടെ നാമകരണ നടപിടികള്‍ക്കായ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം അണിഞ്ഞൊരുങ്ങി നിന്നു. പതിവുള്ള ഞായറാഴ്ചകളിലെ വത്തിക്കാനിലെ തീര്‍ത്ഥാടക സമൂഹത്തിനു പുറമേ, നവവിശുദ്ധരുടെ നാടുകളില്‍‍നിന്നുമെത്തിയ വിശ്വാസ സമൂഹത്തെക്കൊണ്ട് ചത്വരവും പരിസരവും തിങ്ങി നിറഞ്ഞിരുന്നു. ഈ ദിവസങ്ങളില്‍ വത്തിക്കാനില്‍ സമ്മേളിച്ചിരുക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനത്തിലെ അംഗങ്ങളും കര്‍ദ്ദിനാളന്മാരും മെത്രാന്മരും വൈദികരും സന്ന്യസ്ഥരും പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് തിരുക്കര്‍മ്മങ്ങള്‍ക്കായി ഒരുങ്ങിനിന്നു. പ്രാദേശിക സമയം കൃത്യം 9.30 ന് പാപ്പാമോബീലില്‍ പാപ്പാ വേദിയിലേയ്ക്ക് ആനീതനായപ്പോള്‍ ജനം ആനന്ദാരവും മുഴക്കി.
ഗായക സംഘം വിശുദ്ധരുടെ നാമകരണനടപടികള്‍ക്കുള്ള പ്രവേശന പ്രഭണിതം ആലപിച്ചു.

ഈ നവവിശുദ്ധരില്‍ ആദ്യത്തെ രണ്ടുപേര്‍ - ഫ്രഞ്ചുകാരനായ വൈദികന്‍ ഷാക്ക് ബെര്‍ച്യുവും, ഫിലിപ്പീന്‍കാരനായ മതാദ്ധ്യാപകന്‍ പേദ്രോ കലുങ്സോഡും രക്തസാക്ഷികളാണ്.
ഏഷ്യയില്‍നിന്നുമുള്ള പേദ്രോ കലിങ്സോഡിനു പുറമേ, നാലുപേര്‍ യൂറോപ്യന്‍സാണ്. ഇറ്റലിക്കാരനായ വൈദികനും സാമൂഹ്യസമുദ്ധരകനുമായ ഫാദര്‍ ജോണ്‍ ബാപ്റ്റിസ്റ്റ് പിയമാര്‍ത്ത, സ്പെയിന്‍കാരി വിദ്യാഭ്യാസ പ്രവര്‍ത്തകയും സന്ന്യസ സഭാസ്ഥാപകയുമായ കാര്‍മ്മെന്‍ സാല്യെസ് ബരെന്‍ഗ്വേരസ് എന്നിവരാണ് യൂറോപ്പില്‍നിന്നു നവവിശുദ്ധര്‍, മറ്റു രണ്ടു പേര്‍ അവിഭക്ത പുരാതന അമേരിക്ക ഭൂഖണ്ഡത്തില്‍ ജീവിച്ചവരാണ്. ജെര്‍മ്മനിയില്‍ ജനിച്ചെങ്കിലും അമേരിക്കയില്‍ വളര്‍ന്ന പരിത്യക്തരുടെ അമ്മ, മദര്‍ മരിയാന്ന (ബാര്‍ബരാ കോപ്), കന്യകയായ അമേരിക്കന്‍ വംശജ ക്യാതെറിന്‍ തെക്കക്വീത്താ എന്നവരെയാണ് പാപ്പാ സഭയുടെ മിഷന്‍ ഞായര്‍ ദിനത്തില്‍ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

തിരുക്കര്‍മ്മങ്ങള്‍ക്ക് രണ്ടു ഭാഗമുണ്ടായിരുന്നു. ആദ്യം വിശുദ്ധരുടെ നാമകരണനടപടി ക്രമവും തുടര്‍ന്ന് ദിവ്യബലിയും.

സകല വിശുദ്ധരുടെ ലൂത്തീനിയ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയോടെയാണ് വിശുദ്ധരുടെ നാമകരണ നടപടി ക്രമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ, സഭയിലെ 7 വാഴ്ത്തപ്പെട്ടവരുടെ പേരുകള്‍ വായിച്ചുകൊണ്ട് അവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തണമെന്നുള്ള ഔദ്യോഗിക അഭ്യര്‍ത്ഥന പാപ്പായുടെ മുന്നില്‍ നടത്തി. പാപ്പ അഭ്യര്‍ത്ഥന സ്വീകരച്ചശേഷം നിശ്ശബ്ദമായി പ്രാര്‍ത്ഥിക്കുകയും പരിശുദ്ധാത്മാവിന്‍റെ അനുഗ്രങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഏവരെയും ക്ഷണിക്കുകയും ചെയ്യുന്നു. ഗായക സംഘം veni creator എന്ന പരിശുദ്ധാത്മഗീതം ആലപിച്ചു.

തുടര്‍ന്ന പാപ്പ സഭയിലെ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന പ്രാര്‍ത്ഥന ചൊല്ലി. പാപ്പായുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ സ്വീകരിക്കുമാറ് ദൈവജനം ഒന്നടങ്കം ആമേന്‍ എന്ന പ്രഘോഷണം മൂന്നു തവണ ഗായസംഘത്തോടു ചേര്‍്ന്നു ഏറ്റുപാടുന്നു. നവവിശുദ്ധാത്മക്കളുടെ പേരു പറഞ്ഞുകൊണ്ടുള്ള ഈ പ്രാഖ്യാപന പ്രാര്‍ത്ഥനയിലാണ് സഭയിലെ പുണ്യാത്മാക്കളെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. തുടര്‍ന്ന് ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് എല്ലാവരും ചേര്‍ന്ന്
Te Deum എന്ന സ്തോത്രഗീതം ആലപിച്ചതോടെ നവവിശുദ്ധരുടെ നാമകരണ നടപടികള്‍ സമാപിച്ചു.
തുടര്‍ന്ന് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി അര്‍പ്പിക്കപ്പെട്ടു.









All the contents on this site are copyrighted ©.