2012-10-18 17:09:51

പാപ്പാ വോയ്ത്തീവയുടെ ജീപ്പ്
പ്രദര്‍ശനത്തിനെത്തി


18 ഒക്ടോബര്‍ 2012, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വെടിയേറ്റ സമയത്ത് സഞ്ചരിച്ച വെളുത്ത തുറന്ന ജീപ്പ് വത്തിക്കാന്‍ മ്യൂസിയം പ്രദര്‍ശനത്തിനെത്തിച്ചു. 1981 മെയ് 13-ാം തിയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനായി ജനങ്ങളെ ആശിര്‍വ്വദിച്ചും അഭിവാദ്യംചെയ്തും ‘പാപ്പാമൊബീലില്‍’ നീങ്ങവെയാണ്, മൊഹമ്മദ് അലി ആഖാ എന്ന അജ്ഞാതന്‍ ജനമദ്ധ്യത്തില്‍നിന്നും പാപ്പയെ വെടിവച്ചത്.

ആകസ്മികമെങ്കിലും ഫാത്തിമാ നാഥയുടെ തിരുനാള്‍ ദിനത്തിലെ സംഭവത്തില്‍ തന്നെ രക്ഷിച്ചത് കന്യകാ നാഥയാണെന്ന് പാപ്പ വിശ്വസിച്ചു. അതിനു നന്ദിയായി പോര്‍ച്ചുഗലില്‍പ്പോയി വെടിയുണ്ടകള്‍ പാപ്പാ കന്യകാനാഥയുടെ കിരീടത്തില്‍ ചാര്‍ത്തുകയുണ്ടായി. നെഞ്ചിലും ഉദരഭാഗത്തുമായി നാലുവെടിയുണ്ടകള്‍ ഏറ്റ് പാപ്പ കുഴഞ്ഞുവീണ് രക്തക്കറപുരണ്ട വാഹനമാണ്
30 വര്‍ഷങ്ങള്‍ക്കുശേഷം വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ അധികൃതര്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

പാപ്പായുടെ സ്ഥാനോരോഹണത്തിന്‍റെ 34-ാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ 16-ാം തിയതിയാണ് ചരിത്രസ്മരണകള്‍ ഉയര്‍ത്തുന്ന പാപ്പയുടെ ഫിയറ്റ് കമ്പഞ്ഞോളാ മോഡല്‍ ജീപ്പ് പ്രദര്‍ശനത്തിന് എത്തിച്ചതെന്ന് മ്യൂസിയം ഡയറക്ടര്‍, അന്തോണിയോ പാവുളൂച്ചി വാര്‍ത്താക്കുറിപ്പിലൂടെ പ്രസ്താവിച്ചു.
ചരിത്രത്തില്‍ പാപ്പമാര്‍ ഉപയോഗിച്ചിരുന്ന പല്ലക്കുമുതല്‍ വിവിധ മോഡലുകളിലുള്ള കാറുകളും ആധുനിക യുഗത്തിലെ വാഹനങ്ങളും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ പ്പോമൊബീലിനോടൊപ്പം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

ശസ്ത്രക്രിയകള്‍ക്കുശേഷം അത്ഭുതകരമായി സൗഖ്യംപ്രാപിച്ച പാപ്പ, ജയില്‍ സന്ദര്‍ശിച്ച് തന്‍റെ ഘാതകന് മാപ്പുനല്കി. ഇറ്റാലിയന്‍ കോടതി ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്ക് വിധിച്ച അലി ആഖായ്ക്ക് പാപ്പായുടെ അഭ്യര്‍ത്ഥന പ്രകാരം ക്രിസ്തു ജയന്തി - ജൂബിലി വര്‍ഷത്തില്‍ ഇറ്റാലിയന്‍ പ്രസഡന്‍റ് കാര്‍ലോ കാമ്പിയും മാപ്പു നല്കി, ജന്മനാടായ തുര്‍ക്കിയിലേയ്ക്ക് വിട്ടയച്ചു. 2005-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അന്തിമോപചാര ശുശ്രൂയില്‍ പങ്കെടുക്കാന്‍ അലി ആഖ അഭ്യര്‍ത്ഥിച്ചെങ്കിലും തുര്‍ക്കി സര്‍ക്കാര്‍ അഭ്യര്‍ത്ഥന നിഷേധിക്കുകയാണുണ്ടായത്.









All the contents on this site are copyrighted ©.