2012-10-17 18:55:05

സിറിയയിലെ കലാപ ഭൂമിയിലേയ്ക്ക്
പാപ്പയുടെ സമാധാന ദൂതര്‍


17 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
സിറിയയിലേയ്ക്ക് സമാധാന സംഘത്തെ അയയ്ക്കുവാനുള്ള പാപ്പായുടെ തീരുമാനം ഒക്ടോബര്‍ 16-ാം തിയതി ചൊവ്വാഴ്ചയാണ് വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
കണ്‍മുന്‍പില്‍ നടക്കുന്ന കലാപം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും, ഭീകരമായ മനുഷ്യക്കുരുതിയുടെയും യാതനകളുടെയും മുന്നില്‍ രാഷ്ട്രീയ തന്ത്രമല്ല, ആത്മീയ സാമീപ്യവും സഹാനുഭാവവുമാണ് ആവശ്യമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ സിനഡിലെ മെത്രാന്‍ സംഘത്തെ അറിയിച്ചു.

സിറിയായിലേയ്ക്കുള്ള വത്തിക്കാന്‍റെ സമാധാനം സംഘം, അടുത്ത ആഴ്ചയില്‍ത്തന്നെ പുറപ്പെടുമെന്നും, പ്രസിഡന്‍്‍ ബാഷാര്‍ അല്‍ ആസാദുമായും, ഭരണപക്ഷത്തെയും എതിര്‍പക്ഷത്തെയും നേതാക്കളുമായും സമാധാന ചര്‍ച്ചയില്‍ സംഘം ഏര്‍പ്പെടുമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, സിനഡ് അംഗങ്ങളോട് പ്രസ്താവിച്ചു. പാപ്പ നാമനിര്‍ദ്ദേശം ചെയ്ത് സമാധാന സംഘത്തിലെ അംഗങ്ങളെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ തുടര്‍ന്ന് വെളിപ്പെടുത്തി:

+ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്
കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍,
+ ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍,
+ ആഫ്രിക്കന്‍ കോങ്കോയിലെ കിന്‍ഷാസാ അതിരൂപതാദ്ധ്യക്ഷന്‍
കര്‍ദ്ദിനാള്‍ ലൗറെന്‍് മൊസേങ്കോ,
+ വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി,
ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി
+ കൊളംമ്പിയായിലെ മിലിട്ടറി ചാപ്ലിന്‍, ബിഷപ്പ് ഫാബിയോ മൂത്തിസ്,
+ വിയറ്റ്നാമിലെ ഫാത്തീം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജോസഫ് നുവെന്‍ നാങ്ങ്
എന്നിവരാണ്.

50 വര്‍ഷത്തിലേറെ പഴക്കമുള്ള പ്രസിഡന്‍റ് ബാഷാര്‍ ആസ്സാദിന്‍റെ നേതൃത്വലുള്ള ബാത്ത് പാര്‍ട്ടിയുടെ ഭരണകൂടവും ജനാധിപത്യനയങ്ങളുമായി ഉയര്‍ന്നു വരുന്ന അറബ് സ്പ്രിങ്ങ്, തുടങ്ങിയ വിമത സംഘടകളുമായിട്ടുള്ള സംഘട്ടനത്തിലാണ് സിറിയയുടെ മണ്ണില്‍ ആയിരങ്ങള്‍ മരിച്ചു വീഴുകുയും, മുറിപ്പെടുകയും, പതിനായിരങ്ങള്‍ നാടുവിട്ടു പോവുകയും ചെയ്യുന്നത്.









All the contents on this site are copyrighted ©.