2012-10-16 17:52:05

വിശ്വാസം നിത്യാനന്ദത്തിന്‍റെ മുന്നാസ്വാദനം


16 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നിത്യാനന്ദത്തിന്‍റെ മുന്നാസ്വാദനം നല്‍കുന്ന അതിവിശിഷ്ടമായ ദൈവിക ദാനമാണ് വിശ്വാസമെന്ന് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍. ഒക്ടോബര്‍ 16ാം തിയതി ചൊവ്വാഴ്ച കമ്മീഷന്‍ പുറത്തിറക്കിയ
വിശ്വാസവര്‍ഷാചരണ സന്ദേശത്തിലാണ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. നവസുവിശേഷവല്‍ക്കരണം നല്‍കുന്ന മാനസാന്തരത്തിനുള്ള ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് സഭാ ശുശ്രൂഷയില്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധതമായി പ്രവര്‍ത്തിക്കുമെന്നും കമ്മീഷന്‍ പ്രഖ്യാപിച്ചു. 2012 ഡിസംബര്‍ 6ന് മേരി മേജ്ജര്‍ പേപ്പല്‍ ബസിലിക്കയില്‍ വച്ച് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശുദ്ധ മറിയത്തിന് സമര്‍പ്പിക്കുമെന്നും സന്ദേശം വെളിപ്പെടുത്തി. അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍റെ അദ്ധ്യക്ഷനും വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനുമായ കര്‍ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍ എല്ലാ കത്തോലിക്കാ ദൈവശാസ്ത്രജ്ഞരേയും പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തില്‍ സമര്‍പ്പിക്കും.
പരിശുദ്ധാത്മാവിന്‍റെ പ്രചോദനം സൂക്ഷമതയോടെ ശ്രവിച്ചുകൊണ്ട്, ദൈവജനത്തിന്‍റെ വിശ്വാസവും സഭയുടെ സുവിശേഷവല്‍ക്കരണ ദൗത്യവും പരിപോഷിപ്പിക്കുകയാണ് ദൈവശാസ്ത്ര പണ്ഡിതരുടെ കര്‍ത്തവ്യമെന്ന് കമ്മീഷന്‍ സന്ദേശത്തില്‍ അനുസ്മരിച്ചു. സാര്‍വ്വത്രിക സഭ ആരംഭിച്ചിരിക്കുന്ന വിശ്വാസ വര്‍ഷത്തില്‍ തനതായ സംഭാവനകള്‍ നല്‍കാന്‍ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനു സാധിക്കുമെന്നും സന്ദേശം പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.