2012-10-16 18:12:07

പ്രത്യാശപകരുന്ന ‘യൂറോപ്യന്‍ മണിനാദം’


16 ഒക്ടോബര്‍ 2012, വത്തിക്കാന്‍
യൂറോപ്യന്‍ സംസ്ക്കാരവും ക്രൈസ്തവികതയും തമ്മിലുള്ള ഗാഡബന്ധത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ‘യൂറോപ്യന്‍ മണിനാദം’ (Bells of Europe) എന്ന ചലച്ചിത്രം നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡുസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. യൂറോപ്പിന്‍റെ സാംസ്ക്കാരിക പാരമ്പര്യത്തെയും ഭാവിപ്രതീക്ഷകളെയും കുറിച്ച് മാര്‍പാപ്പയടക്കമുള്ള വിവിധ മത – സാംസ്ക്കാരിക നേതാക്കളുടെ അഭിമുഖ സംഭാഷണം ഉള്‍ച്ചേര്‍ത്തിരിക്കുന്ന ചലച്ചിത്രം തിങ്കളാഴ്ച വൈകീട്ടാണ് സിനഡു സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്.
യൂറോപ്പിന് പ്രത്യാശ പകരുന്ന മൂന്ന് പ്രധാന ഘടകങ്ങളാണ് മാര്‍പാപ്പ അഭിമുഖത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഒന്നാമതായി എല്ലാ മനുഷ്യ മനസ്സും ദൈവത്തിനായി ദാഹിക്കുന്നുണ്ട്. ദൈവാന്വേഷണം ഇന്നിന്‍റേയും ഒരു യാഥാര്‍ത്ഥ്യമാണ്. വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞതുപോലെ ദൈവത്തില്‍ വിശ്രമിക്കുന്നതു വരെ മനുഷ്യ മനസ്സ് അസ്വസ്തമായിരിക്കും. മനുഷ്യന്‍ വീണ്ടും ദൈവത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രത്യാശ നല്‍കുന്ന യാഥാര്‍ത്ഥ്യമാണതെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. രണ്ടാമത്തെ ഘടകം യേശുക്രിസ്തു നല്‍കിയ സുവിശേഷത്തിലുള്ള വിശ്വാസമാണ്. ഒരിക്കലും അസ്തമിക്കാത്ത ഈ വിശ്വാസം ചരിത്ര ഗതിയില്‍ നൂതന ഭാവങ്ങളിലും രൂപങ്ങളിലും പ്രകടമാകുന്നുണ്ട്. അതുകൊണ്ടു തന്നെ യൂറോപ്പില്‍ ക്രൈസ്തവികതയുടെ ഒരു നവ വസന്തത്തിനു സാധ്യതയേറെയാണ്.
മൂന്നാമതായി, സമകാലിക യൂറോപ്പിന് പ്രതീക്ഷ നല്‍കുന്നത് അസ്വസ്തരായ യുവജനങ്ങളാണ്. അനശ്വരതയ്ക്കായി സൃഷ്ടിക്കപ്പെട്ട മനുഷ്യനെ സംതൃപ്തനാക്കാന്‍ നശ്വരമായ ഒന്നിനുമാകില്ല. അസ്വസ്തരായ യുവജനത്തിന്‍റെ യാത്ര ക്രൈസ്തവികതയുടെ മനോഹാരിതയിലേക്ക് അവരെ നയിച്ചേക്കാം. ഇപ്രകാരമുള്ള നരവംശശാസ്ത്ര നിരീക്ഷണങ്ങള്‍ ക്രൈസ്തവികതയുടെ നവോദയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
ആഗോള സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ രംഗത്ത് യൂറോപ്പിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. അത് വലിയൊരു ഉത്തരവാദിത്വം കൂടിയാണ്. സ്വന്തം അസ്തിത്വം കണ്ടെത്തിക്കൊണ്ടു മാത്രമേ പ്രസ്തുത ഉത്തരവാദിത്വം നിറവേറ്റാന്‍ യൂറോപ്പിന് സാധിക്കൂവെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കു പുറമേ, എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമെയോ പ്രഥമന്‍, കാന്‍റര്‍ബറിയിലെ ആഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്ലൃംസ്, ജര്‍മ്മനിയിലെ ഇവാന്‍ജെലിക്കല്‍ സഭാക്കൂട്ടായ്മയുടെ തലവന്‍ ഹബര്‍ തുടങ്ങി നിരവധി മത, സാംസ്ക്കാരിക നേതാക്കളുടെ വീക്ഷണങ്ങളും ഉള്‍ക്കാഴ്ച്ചകളും ചലച്ചിത്രത്തില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.









All the contents on this site are copyrighted ©.