2012-10-16 17:52:17

നവസുവിശേഷവല്‍ക്കരണത്തില്‍ ചെറിയ ക്രൈസ്തവ സമൂഹങ്ങളുടെ പങ്ക്


16 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ചെറിയ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നവസുവിശേഷവല്‍ക്കരണ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഗോവ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫെലിപ്പെ നേരി ഫെറോ. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡുസമ്മേളനത്തിന്‍റെ പതിനൊന്നാം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ ഒക്ടോബര്‍ പതിനഞ്ചാം തിയതി തിങ്കളാഴ്ച രാവിലെയാണ് സിനഡുസമ്മേളനത്തിന്‍റെ പതിനൊന്നാം പൊതു യോഗം നടന്നത്.
വിശ്വാസികള്‍ക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും ദൈവവചനം വായിച്ചു ധ്യാനിക്കാനും അവസരമൊരുക്കുന്ന ക്രൈസ്തവ കൂട്ടായ്മകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അല്‍മായ പ്രേഷിതര്‍ക്ക് പരിശീലനം നല്‍കാന്‍ ഇടവകവൈദികര്‍ പ്രത്യേകം പരിശ്രമിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഫെറോ ആവശ്യപ്പെട്ടു. അധികാരത്തിന്‍റെ അരോചകത്വം കൂടാതെ അന്യരെ പ്രോത്സാഹിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ നേതൃത്വശൈലിയാണ് വൈദികര്‍ സ്വായത്തമാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ ദൈവരാജ്യത്തിന്‍റെ മികച്ച സാക്ഷികളാകാന്‍ അല്‍മായ വിശ്വാസികള്‍ക്കു സാധിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ഫെറോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.