2012-10-16 18:00:27

ധനികനെ ദാനത്തിന്‍റെ യുക്തിയിലേക്കു നയിക്കുന്ന ദൈവം


(ഒക്ടോബര്‍ 14ാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)
ഈ ഞായറാഴ്ച നാം ശ്രവിച്ച സുവിശേഷഭാഗത്തിലെ മുഖ്യപ്രമേയം ധനമാണ്. ധനവാന് ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍ എളുപ്പമല്ലെന്ന് ധനികനായ ഒരു യുവാവിനോട് യേശു പറയുന്നു. എന്നാല്‍ അത് തീര്‍ത്തും അസാധ്യമായ കാര്യമല്ലെന്നും യേശു വ്യക്തമാക്കി. കാരണം ദൈവത്തിന് എല്ലാം സാധ്യമാണ്. ഒരു ധനവാന്‍റെ ഹൃദയം കീഴടക്കാനും, സ്വന്തം സമ്പത്ത് ആലംബഹീനരോടും ദരിദ്രരോടും പങ്കുവയ്ച്ചുകൊണ്ട് ദാനത്തിന്‍റെ യുക്തിയിലേക്ക് അയാളെ ആനയിക്കാനും ദൈവത്തിനു സാധിക്കും. യേശുക്രിസ്തുവിനെക്കുറിച്ച് വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. “അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍ വേണ്ടിത്തന്നെ”. (2 കൊറി.8,9)
മറ്റു പലപ്പോഴുമെന്നപോലെ യേശുവുമായുള്ള ഒരു കൂടിക്കാഴ്ച്ചയോടെയാണ് ഇവിടെയും സുവിശേഷകന്‍ തന്‍റെ വിവരണമാരംഭിക്കുന്നത്. ധനികനായ ഒരു യുവാവ് യേശുവിനെ കാണാനെത്തി. ചെറുപ്പം മുതലേ ദൈവകല്‍പനകള്‍ അനുസരിച്ചിരുന്ന ആ യുവാവിന് പക്ഷെ യഥാര്‍ത്ഥ സന്തോഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനാലാണ്, ‘നിത്യജീവന്‍ അവകാശമാക്കാന്‍’ എന്തു ചെയ്യണമെന്ന് അയാള്‍ യേശുവിനോടു ചോദിക്കുന്നത്. മറ്റാരേയും പോലെ തന്നെ നിത്യജീവന്‍ പ്രാപിക്കണമെന്ന് അയാളും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തന്‍റെ സമ്പത്തിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ പോലെ, നിത്യജീവന്‍ പ്രാപിക്കാനും ചില കണക്കുക്കൂട്ടലുകള്‍ നടത്തുകയായിരുന്നു അയാള്‍. ഏതെങ്കിലും പ്രത്യേക കല്‍പനകള്‍ പാലിച്ചാല്‍ നിത്യജീവന്‍ അവകാശമാക്കാമെന്ന് ഒരുപക്ഷേ അയാള്‍ കണക്കൂക്കൂട്ടിക്കാണും.
ധനികനായ ആ യുവാവിന്‍റെ അഭിലാഷം യേശുവിന് പ്രീതികരമായിരുന്നു. ‘യേശു സ്നേഹപൂര്‍വ്വം അവനെ കടാക്ഷിച്ചു’ എന്നാണല്ലോ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവസ്നേഹമാണ് യേശുവിന്‍റെ ആ നോട്ടത്തില്‍ തെളിഞ്ഞു നിന്നിരുന്നത്. അതേസമയം ആ വ്യക്തിയുടെ ബലഹീനതയും യേശു തിരിച്ചറിഞ്ഞു. സമ്പത്തിന്‍റെ ബന്ധനത്തിലായിരുന്നു അയാള്‍. അതുകൊണ്ടുതന്നെയാണ്, അയാള്‍ക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാന്‍ യേശു ആവശ്യപ്പെട്ടത്. അങ്ങനെ അയാള്‍ക്ക് സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകുമായിരുന്നു, അയാളുടെ മനസ് ഈ ലോകകാര്യങ്ങളില്‍ നിന്നു മുക്തമായി സ്വര്‍ഗ്ഗീയ കാര്യങ്ങളില്‍ വ്യാപരിക്കുമായിരുന്നു. ‘പിന്നെ വന്ന് എന്നെ അനുഗമിക്കുക’ എന്ന് ക്രിസ്തു അയാളോടു പറഞ്ഞു. യേശുവിന്‍റെ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നതിനു പകരം, അയാള്‍ വിഷാദിച്ച് സങ്കടത്തോടെ മടങ്ങി. കാരണം, യഥാര്‍ത്ഥ സന്തോഷമോ, നിത്യജീവനോ പ്രദാനം ചെയ്യാന്‍ കഴിയാത്ത സമ്പത്തിന്‍റെ ബന്ധനത്തില്‍ നിന്നു മോചനം നേടുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
ആ സാഹചര്യത്തില്‍ യേശു തന്‍റെ ശിഷ്യന്‍മാര്‍ക്കു നല്‍കിയ പ്രബോധനമാണ് അവിടുന്ന് ഇന്ന് നമുക്കും നല്‍കുന്നത്. “സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര പ്രയാസം!”. യേശുവിന്‍റെ ഈ വാക്കുകള്‍ ശ്രവിച്ച് വിസ്മയിച്ച ശിഷ്യന്‍മാരോട് അവിടുന്ന് തുടര്‍ന്നു പറയുന്നു, “ധനവാന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്”. അതുകേട്ട് അത്യന്തം വിസ്മയഭരിതരായ ശിഷ്യന്‍മാരോട് അവിടുന്ന് പറഞ്ഞു, “മനുഷ്യന് ഇത് അസാധ്യമാണ്, എന്നാല്‍ ദൈവത്തിന് അങ്ങനെയല്ല, അവിടുത്തേക്ക് എല്ലാം സാധിക്കും”.
ഈ സുവിശേഷഭാഗത്തിന് അലക്സാണ്ട്രിയായിലെ വിശുദ്ധ ക്ലെമന്‍റ് നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധിക്കുക, “ധനവാന്‍മാര്‍ തങ്ങള്‍ക്കു രക്ഷപ്രാപിക്കാന്‍ സാധിക്കില്ലെന്ന് കരുതി നിരാശപ്പെടേണ്ടതില്ലെന്ന പാഠമാണ് ഈ ഉപമ നല്‍കുന്നത്. സമ്പത്ത് ജീവിതത്തിനു പ്രതിബന്ധമാണെന്ന് കുറ്റപ്പെടുത്തി തങ്ങളുടെ സ്വത്തെല്ലാം അവര്‍ കടലില്‍ തള്ളേണ്ടതുമില്ല. മറിച്ച് ജീവന്‍ നല്‍കാന്‍ ഉപയുക്തമാകുന്ന വിധത്തില്‍ അതെങ്ങനെ വിനിയോഗിക്കണമെന്ന് തിരിച്ചറിയണം.”
സുവിശേഷത്തിന് അനുസൃതമായി തങ്ങളുടെ സമ്പത്ത് വിനിയോഗിച്ച നിരവധി പുണ്യാത്മാക്കളെ സഭാചരിത്രത്തില്‍ നാം ദര്‍ശിക്കുന്നുണ്ട്. അങ്ങനെയുള്ള വിശുദ്ധരില്‍ ചിലരാണ് വി.ഫ്രാന്‍സീസ്സ്, ഹംഗറിയിലെ വിശുദ്ധ എലിസബത്ത്, വി.ചാള്‍സ് ബൊറോമെയോ എന്നിവര്‍.
ക്രിസ്തുവിന്‍റെ ക്ഷണം ആനന്ദത്തോടെ സ്വീകരിച്ച് നിത്യജീവനില്‍ പ്രവേശിക്കാന്‍ ബോധജ്ഞാനത്തിന്റെ സിംഹാസനമായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥം നമുക്കു തേടാം.








All the contents on this site are copyrighted ©.