2012-10-16 18:11:57

കാര്‍ഷിക സഹകരണ സംഘങ്ങളെക്കുറിച്ച് മാര്‍പാപ്പ


16 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ആഗോളതലത്തില്‍ ഭക്ഷൃസുരക്ഷ ഉറപ്പുവരുത്താന്‍ മാനവസമൂഹത്തിന്‍റെ കൂട്ടായ പരിശ്രമം കൂടിയേതീരുവെന്ന് മാര്‍പാപ്പ. ലോക ഭക്ഷൃസുരക്ഷാദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃകാര്‍ഷിക സംഘടനയുടെ (F.A.O) ഡയറക്ടര്‍ ജനറല്‍ ഹോസെ ഗ്രാസിയാനോ സില്‍വയ്ക്കയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യം ഭക്ഷൃസുരക്ഷയ്ക്കും ആരോഗ്യപരിപാലന രംഗത്തും കഠിനമായ വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഇക്കൊല്ലം ലോക ഭക്ഷൃസുരക്ഷാദിനം ആചരിക്കുന്നത‍െന്നും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു.
ഒക്ടോബര്‍ പതിനാറാം തിയതിയാണ് ലോക ഭക്ഷൃസുരക്ഷാദിനം. ‘ലോകത്തിന്‍റെ വിശപ്പകറ്റുന്ന കാര്‍ഷിക സഹകരണ സംഘങ്ങള്‍’ (Agricultural cooperatives – key to feeding the world) എന്നതാണ് ഇക്കൊല്ലം ലോക ഭക്ഷ്യസുരക്ഷാദിനത്തിന്‍റെ പ്രമേയം.

കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്ന പ്രമേയം തിരഞ്ഞെടുത്തതില്‍ മാര്‍പാപ്പ സന്തുഷ്ടി പ്രകടിപ്പിച്ചു. ഭക്ഷൃ ഉല്‍പാദന – വിതരണ രംഗത്ത് മുഖ്യസ്ഥാനമുള്ള കാര്‍ഷിക സഹകരണ സംഘങ്ങള്‍ ഉള്‍നാടന്‍ പ്രദേശങ്ങളുടെ വികസനത്തിലും നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഒരു സാമൂഹ്യ സാമ്പത്തിക പ്രവര്‍ത്തന സംഘം എന്നതിനേക്കാളുപരി ജനപങ്കാളിത്തത്തോടെയുള്ള സമഗ്രവികസനത്തിന്‍റെ ഉപകരണങ്ങള്‍ കൂടിയാണ് സഹകരണ സംഘങ്ങള്‍. സമൂഹത്തിലെ വിഭാഗീയതകള്‍ മറികടന്ന് കൂട്ടായ്മയിലും ഐക്യത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് ഇടമൊരുക്കുന്ന വേദിയായാണ് സഹകരണ സംഘങ്ങളെ കത്തോലിക്കാ സഭ വിലയിരുത്തുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി.








All the contents on this site are copyrighted ©.