2012-10-13 14:37:08

സൂന്നഹദോസിന്‍റെ സ്മരണയില്‍ ദീപപ്രദക്ഷിണം


12 ഒക്ടോബര്‍ 2012, വത്തിക്കാന്‍
അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് ഉദ്ഘാടനം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് വിശ്വാസസമൂഹം നടത്തിയ ദീപാര്‍ച്ചനയുടെ പുനരാവിഷ്ക്കരണത്തിന് വത്തിക്കാന്‍ സാക്ഷൃം വഹിച്ചു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ സുവര്‍ണ്ണജൂബിലി വേളയില്‍ വിശ്വാസവര്‍ഷത്തിനു തിരിതെളിഞ്ഞ ഒക്ടോബര്‍ 11ാം തിയതി വ്യാഴാഴ്ച സന്ധ്യയ്ക്കാണ് ലോകമെമ്പാടും നിന്നെത്തിയ ആയിരക്കണക്കിനാളുകള്‍ കത്തിച്ച മെഴുകു തിരികളുമായി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയത്.
വര്‍ണ്ണ വര്‍ഗ ഭേദമന്യേ ഏകമനസോടെ പ്രാര്‍ത്ഥനാനിരതരായി അണിനിരന്ന വിശ്വാസസമൂഹത്തെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അഭിവാദ്യം ചെയ്തു.

ജോണ്‍ 23-മന്‍ പാപ്പ അന്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് നല്കിയ പ്രശസ്തമായ ‘നിലാവിന്‍റെ സന്ദേശം’ അനുസ്മരിച്ചുകൊണ്ടാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ചത്വരത്തില്‍ സമ്മേളിച്ചിരുന്നവര്‍ക്ക് സന്ദേശം നല്‍കിയത്. ഒരു നവവസന്തത്തിനും പുതിയ പന്തക്കുസ്തയ്ക്കും സഭ തുടക്കം കുറിക്കുകയാണെന്ന് ഉറച്ചബോധ്യമുണ്ടായിരുന്ന അന്നത്തെ ജനം ആനന്ദസാഗരത്തിലാറാടി.
ഇന്നും സഭയില്‍ അതേ ആനന്ദം കണ്ടെത്താന്‍ സാധിക്കും. എളിമയാര്‍ന്ന ആനന്ദമാണ് സഭയില്‍ ഇന്ന് പ്രകടമാകുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. സഭാതനയരുടേയും അജപാലകരുടേയും വീഴ്ച്ചകള്‍ സഭയെ കൂടുതല്‍ വിനീതയാക്കുന്നുണ്ട്. മാനുഷിക ബലഹീനത സഭയില്‍ ദൃശ്യമാണ്. കര്‍ത്താവിന്‍റെ വയലില്‍ കളകളുമുണ്ട്. എന്നാല്‍ ക്രിസ്തു സാന്നിദ്ധ്യത്തിന്‍റെ നൂതനമായ അനുഭവങ്ങള്‍ക്കും സഭ സാക്ഷിയാണെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. മാനുഷിക ബലഹീനതകള്‍ക്ക് അതീതമായ ദൈവിക സാന്നിദ്ധ്യത്തിന്‍റെ അനുഭവത്തിലൂടെ ആനന്ദകരമായ പ്രത്യാശയില്‍ പങ്കുചേരാന്‍ പാപ്പ വിശ്വാസമൂഹത്തെ ആഹ്വാനം ചെയ്തു.

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഉള്‍പ്പൊരുളോ ഉള്ളടക്കമോ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും, ജോണ്‍ 23-ാമന്‍ പാപ്പായുടെ ലാളിത്യമാര്‍ന്ന ആഹ്വാനം ശ്രവിച്ചുകൊണ്ട് സൂന്നഹദോസിന്‍റെ ഉത്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപങ്ങളുമായി വത്തിക്കാനില്‍ ഓടിയെത്തിയ ആയിരക്കണക്കിന് വിശ്വാസികളുടെ കൂട്ടായ്മയും സഭാസ്നേഹവും പ്രതിഫലിപ്പിക്കുകയെന്ന ലക്ഷൃത്തോടെ ഇറ്റലിയിലെ കത്തോലിക്കാ സര്‍ഗവേദിയാണ് (Catholic Action) ദീപപ്രദക്ഷിണത്തിനും പ്രാര്‍ത്ഥനാ സംഗമത്തിനും നേതൃത്വം നല്‍കിയത്.








All the contents on this site are copyrighted ©.