2012-10-12 17:21:57

ചരിത്രസ്മരണയില്‍ ഒരു കൂടിക്കാഴ്ച്ച


12 ഒക്ടോബര്‍ 2012, വത്തിക്കാന്‍
വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ച്ച കൂടാതെയാണ് സഭ കാലോചിതമായി സ്വയം നവീകരിക്കുന്നതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അംഗങ്ങളുമായി
നടത്തിയ ഒരു പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
രണ്ടാം വത്തിക്കാന്‍ ‍സൂന്നഹദോസ് സ്മരണകള്‍ അവരോട് പങ്കുവയ്ച്ച മാര്‍പാപ്പ സൂന്നഹദോസ് പ്രബോധനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും തദവസരത്തില്‍ പരാമര്‍ശിച്ചു. വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ സഭയുടെ നവീകരണ(update)ത്തിനായി നടത്തിയ ആഹ്വാനം ഇന്നും തുടരേണ്ട യാഥാര്‍ത്ഥ്യമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പിന്തിരിപ്പന്‍ മനോഭാവത്തോടെ സമീപിക്കേണ്ട കാലഹരണപ്പെട്ട ഒന്നല്ല ക്രൈസ്തവികത. യേശുക്രിസ്തു അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്. അതിനാല്‍ ക്രിസ്തുവിന്‍റെ സഭ എന്നും നൂതനമാണ്. കാലോചിതമായി സ്വയം നവീകരിക്കുന്ന സഭ അതേസമയം, വിശ്വാസകാര്യങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കോ സഭാപാരമ്പര്യം കൈവിട്ടുകളയാനോ തയ്യാറല്ല. മനുഷ്യനായി ഭൂമിയില്‍ അവതരിച്ച ദൈവത്തിന്‍റെ സാന്നിദ്ധ്യമാണ് സഭയിലൂടെ പ്രകടമാകുന്നത്. കാലത്തിന്‍റേയും സമയത്തിന്‍റേയും സ്രഷ്ടാവായ ദൈവം സഭയ്ക്ക് നൂതനമുഖം നല്‍കുന്നതിനാലാണ് സഭ എന്നും കാലോചിതമായിരിക്കുന്നത്.
ആധുനിക മനുഷ്യനോട് നിരന്തരം സംവദിച്ചുകൊണ്ട് കാലചരിത്രത്തിലൂടെ സഭ സഞ്ചരിക്കുന്നു. വിശ്വാസത്തില്‍ അടിയുറച്ച് ആഴമാര്‍ന്ന ദൈവികാനുഭവത്തില്‍ ജീവിക്കുന്നവര്‍ക്കു മാത്രം സാധ്യമായ ഒരു ദൗത്യമാണത്. ചഞ്ചലചിത്തര്‍ക്കും എളുപ്പവഴികള്‍ തേടുന്നവര്‍ക്കും ഈ ദൗത്യം നിറവേറ്റാന്‍ സാധിക്കില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

സൂന്നഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളിലും വിശ്വാസവര്‍ഷാചരണത്തിന്‍റെ ഉത്ഘാടന കര്‍മ്മത്തിലും പങ്കെടുക്കാനായി റോമിലെത്തിയ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പിതാക്കന്‍മാരോടും ഒക്ടോബര്‍ 12ാം തിയതി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയത്.
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അംഗങ്ങളെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ സമ്മേളനത്തില്‍ ആശംസാ സന്ദേശം നല്‍കി. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസില്‍ പങ്കെടുത്ത എഴുപതോളം പേരെ ജൂബിലി ആഘോഷങ്ങള്‍ക്കു ക്ഷണിച്ചിരുന്നെങ്കിലും വാര്‍ദ്ധക്യസഹജവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ അവരില്‍ പന്ത്രണ്ടുപേര്‍ മാത്രമാണ് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ സംബന്ധിച്ചത്.










All the contents on this site are copyrighted ©.