2012-10-11 20:12:01

നവസുവിശേഷവത്ക്കരണം -
ക്രിസ്തുവിന്‍റെ മാനുഷീകതയില്‍
പുനഃരാവിഷ്ക്കരിക്കപ്പെടേണ്ടതെന്ന്


11 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ക്രിസ്തുവിലുള്ള ആഴമായ ആത്മീയതയാണ് നവസുവിശേഷവത്ക്കരണത്തിന് നിദാനമെന്ന്, ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് പ്രസ്താവിച്ചു. വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ 4-ാം ദിവസം, ഒക്ടോബര്‍ 10-ാം തിയതി പൊതുസമ്മേളനത്തില്‍ സിനഡു അംഗങ്ങളെ അഭിസംബോധനചെയ്തുകൊണ്ടു നല്കിയ പ്രത്യേക പ്രഭാഷണത്തിലാണ് ആര്‍ച്ചുബിഷപ്പ് വില്യംസ് ഇപ്രകാരം പ്രസ്താവിച്ചത്.
ക്രിസ്തുവിന്‍റെ മാനുഷികതയില്‍ ജീവിതം പുനഃരാവിഷ്ക്കരിക്കുന്നതാണ് ക്രൈസ്തവ ജീവിതമെന്നും, അങ്ങനെ ക്രിസ്ത്വാനുകരണത്തില്‍ അത് അപരനായി ചിന്തപ്പെടുന്ന സ്നേഹത്തിന്‍റെ സ്വാര്‍പ്പണമായി മാറുന്നവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പിതൃഹിതത്തോടു ക്രിസ്തു പ്രകടമാക്കിയ തുറവിപോലൊരു മനപ്പൊരുപ്പം ഓരോ ക്രൈസ്തവനും വ്യക്തി ജീവിതത്തില്‍ ആര്‍ജ്ജിച്ചുകൊണ്ടാണ് ക്രിസ്തുവിന്‍റെ ആത്മീയതയില്‍ വളരേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് വ്യക്തമാക്കി. ‘വിശ്വാസം സ്വീകരിക്കുക’ എന്നാല്‍ കുറെ ആദര്‍ശങ്ങളും ആചാരങ്ങളും സ്വായത്തമാക്കുന്നതല്ല, മറിച്ച് അത് ദൈവത്തോടും മനുഷ്യരോടും ഒരുപോലെ സംവദിക്കുന്ന ക്രിസ്തുവിലുള്ള ജീവിത നവീകരണമാണെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് സിനഡു പിതാക്കന്മാരോട് ആഹ്വാനംചെയ്തു. ക്രിസ്തുവിന്‍റെ രക്ഷാദൗത്യത്തില്‍ പങ്കുചേരുന്നതുവഴിയാണ്
ക്രൈസ്തവ ജീവിതങ്ങള്‍ സുവിശേഷവത്ക്കരണത്തിന്‍റെ ആഴമായ ആത്മീയമാനം കൈവരിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് പ്രഭാഷണത്തിലൂടെ സമര്‍ത്ഥിച്ചു. ബനഡിക്ട് 16-ാമന്‍ പാപ്പായുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ആംഗ്ലിക്കന്‍ സഭയുടെ തലവനായ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് സിനഡില്‍ സന്നിഹിതനായിരിക്കുന്നത്.









All the contents on this site are copyrighted ©.