2012-10-10 20:03:05

പെണ്‍കുഞ്ഞുങ്ങള്‍ക്കായ്
അന്തര്‍ദേശീയ ദിനം


ഒക്ടോബര്‍ 11 – പെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി യുഎന്‍ ആചരിക്കുന്നു. വിവേചനത്തില്‍നിന്നും ചൂഷണത്തില്‍നിന്നും പെണ്‍കുഞ്ഞുങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന്, ഐക്യ രാഷ്ട്ര സംഘടയുടെ ജനറല്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. പീഡനങ്ങള്‍ക്കും ചൂഷണത്തിനും അധിക്രമങ്ങള്‍ക്കും വിധേയരാകുന്ന പെണ്‍കുഞ്ഞുങ്ങളുടെ ഭീതിജനകമാകുന്ന എണ്ണവും യാഥാര്‍ത്ഥ്യവും ആഗോളതലത്തില്‍ നിരീക്ഷിച്ചുകൊണ്ടാണ് ആദ്യമായി ‘പെണ്‍കുഞ്ഞുങ്ങളുടെ അന്തര്‍ദേശിയ ദിനം’ International Day of Girl Child ലോക മനസാക്ഷിയുടെ മുന്നില്‍ ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതെന്ന് ബാന്‍ കീ മൂണ്‍ പ്രസ്താവിച്ചു.

പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷ ആഗോളതലത്തില്‍ ഉറപ്പുവരുത്താനും അവരെ ശാക്തീകരിച്ച് അധിക്രമങ്ങളില്‍നിന്ന് മോചിക്കുവാനുമുള്ള യുഎന്നിന്‍റെ ഉദ്യമത്തോട് സഹകരിക്കണമെന്ന് മൂണ്‍ സന്ദേശത്തിലൂടെ ലോക രാഷ്ട്രങ്ങളോടും സന്നദ്ധ സംഘടനകളോടും അഭ്യര്‍ത്ഥിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളുടെ വിവാഹ നിയന്ത്രണമാണ് ഐക്യ രാഷ്ട്ര സംഘടന ആദ്യഘട്ടത്തില്‍ ലക്ഷൃംവയ്ക്കുന്നതെന്ന് മൂണ്‍ സന്ദേശത്തില്‍ എടുത്തു പറഞ്ഞു.

ഇളംപ്രായത്തിലേ കുഞ്ഞുങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയും, പലപ്പോഴും വിധവകളാക്കപ്പെടുകയും, പിന്നെയും ചൂഷണത്തിനും പീഡനങ്ങള്‍ക്കും വിധേയരാക്കപ്പെടുകയും ചെയ്യുന്ന ‘ശിശു വിഹാഹ’മെന്ന സാമൂഹ്യ ദുരാചാരം ഇല്ലാതാക്കാന്‍ രാഷ്ട്രങ്ങള്‍ സംഘടിതമായി പ്രവര്‍ത്തിക്കണമെന്നും മൂണ്‍ സന്ദേശത്തിലൂടെ ആഹ്വാനംചെയ്തു. 2011 ഡിസംബര്‍ 19-ന് ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തു ചേര്‍ന്ന രാഷ്ട്ര പ്രതിനിധികളുടെ പൊതുസമ്മേളനമാണ് പെണ്‍കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ആഗോളതലത്തില്‍ സംരക്ഷിക്കപ്പെടണം എന്ന ലക്ഷൃവുമായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 11 ‘പെണ്‍കുഞ്ഞുങ്ങളുടെ അന്തര്‍ദേശിയ ദിന’മായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കിയത്.








All the contents on this site are copyrighted ©.