2012-10-09 17:24:09

വിത്തുകോശ ഗവേഷണനേട്ടത്തിന് നൊബേല്‍ സമ്മാനം: യൂറോപ്യന്‍ മെത്രാന്‍സമിതി സ്വാഗതം ചെയ്യുന്നു


09 ഒക്ടോബര്‍ 2012, റോം

ശരീരത്തിലെ സാധാരണ കോശങ്ങളെ വിത്തുകോശമാക്കി പരിവര്‍ത്തനം ചെയ്യാമെന്നു കണ്ടെത്തിയ ഗവേഷകര്‍ ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്ക്കാരത്തിനര്‍ഹരായത് യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി സ്വാഗതം ചെയ്യുന്നു. ബ്രിട്ടനിലെ ജോണ്‍ ഗര്‍ഡനും ജപ്പാനിലെ ഷിനിയ യമനാകയുമാണ് ആറരക്കോടിരൂപ വരുന്ന സമ്മാനത്തുകയ്ക്ക് അര്‍ഹരായ ഗവേഷകര്‍. ഭ്രൂണേതര വിത്തുകോശ ചികിത്സയെ പിന്തുണയ്ക്കുന്ന ഇതര സാമൂഹ്യ സംഘടനകളും പുരസ്ക്കാര നിര്‍ണ്ണയം സ്വാഗതം ചെയ്തു. ജീവന്‍ നശിപ്പിച്ചുകൊണ്ടുള്ള വിത്തുകോശ ചികിത്സയ്ക്ക് വിരുദ്ധമായ നിലപാടു സ്വീകരിക്കുന്ന സംഘടനകളാണ് പുരസ്ക്കാര നിര്‍ണ്ണയ സമിതിക്ക് പിന്തുണയേകിയത്. വിത്തുകോശചികിത്സയ്ക്കും അതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്കും വേണ്ട കോശങ്ങള്‍ ഭ്രൂണത്തില്‍നിന്ന് നിന്നെടുത്ത് വികസിപ്പിക്കുമ്പോള്‍ ഭ്രൂണം നശിക്കും.

ഭ്രൂണത്തില്‍ നിന്നല്ലാതെ, പ്രായപൂര്‍ത്തിയായ സാധാരണ കോശങ്ങളില്‍നിന്നുതന്നെ വിത്തുകോശമുണ്ടാക്കാനുള്ള സങ്കേതമാണ് ഗര്‍ഡനും യമനാകയും ആവിഷ്‌കരിച്ചത്. സാധാരണ ചര്‍മകോശങ്ങളില്‍ ആവശ്യമുള്ള ജനിതകവിവരങ്ങളടങ്ങിയ ജീനുകള്‍ സന്നിവേശിപ്പിച്ച് അതിനെ വിത്തുകോശമാക്കി വളര്‍ത്തിയെടുക്കാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍

മാറാരോഗങ്ങളുടെ ചികിത്സയില്‍ നിര്‍ണ്ണായ പങ്കുവയ്ക്കുമെന്നു കരുതുന്ന വിത്തുകോശ ഗവേഷണത്തിലെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ് ഇരുവരും നടത്തിയതെന്ന് നൊബേല്‍ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.