2012-10-09 17:23:20

രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സ്മരണയില്‍ വിശ്വാസ വര്‍ഷത്തിനു തിരിതെളിയുന്നു



09 ഒക്ടോബര്‍ 2012, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് ആരംഭിച്ചതിന്‍റെ സുവര്‍ണ്ണ ജൂബിലി ദിനമായ ഒക്ടോബര്‍ 11ന് വിശ്വാസ വര്‍ഷത്തിനു തിരിതെളിയും. ഒക്ടോബര്‍ 11ാം തിയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയോടെയാണ് വിശ്വാസ വത്സരത്തിന് ആരംഭം കുറിക്കുന്നത്.

വിശ്വാസ വര്‍ഷാചരണത്തിന്‍റെ ഉത്ഘാടന ചടങ്ങിന്‍റെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 9ാം തിയതി ചൊവ്വാഴ്ച വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പരിശുദ്ധ സിംഹാസനം പുറത്തിറക്കി. ഉത്ഘാടന കര്‍മ്മത്തിന്‍റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല, ജൂബിലിയാഘോഷം രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ അരൂപിയിലേക്ക് മടക്കയാത്ര നടത്താനുള്ള അസുലഭ അവസരമാണെന്ന് അഭിപ്രായപ്പെട്ടു.

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1962 ഒക്ടോബര്‍ 12ന്) രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനു പ്രാര്‍ത്ഥനയും പിന്തുണയുമേകാന്‍ വിശ്വാസ സമൂഹം നടത്തിയ ചരിത്രപ്രസിദ്ധമായ പ്രദിക്ഷിണത്തിന്‍റെ പുനഃരാവിഷ്ക്കരണം ആഘോഷപരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരിക്കും. സഭയുടെ സാര്‍വ്വലൗകികത വിളിച്ചോതുന്ന പ്രദിക്ഷണത്തില്‍ നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ചു നടക്കുന്ന സിനഡു സമ്മേളനത്തിലെ അംഗങ്ങളും ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമെത്തുന്ന സഭാമേലധ്യക്ഷന്‍മാരും പങ്കെടുക്കും.

രണ്ടാം വത്തിക്കാന്‍ സൂന്നഹദോസില്‍ പങ്കെടുത്ത, ഇന്നും ജീവിച്ചിരിക്കുന്ന 70 സിനഡുപിതാക്കന്‍മാരെ ജൂബിലി ആഘോഷങ്ങള്‍ക്കു ക്ഷണിച്ചിരുന്നെങ്കിലും വാര്‍ദ്ധക്യസഹജവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ അവരില്‍ ചിലര്‍ക്കുമാത്രമേ വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂവെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല വെളിപ്പെടുത്തി.








All the contents on this site are copyrighted ©.