2012-10-09 17:24:20

ദുര്‍ബല വിഭാഗങ്ങള്‍ക്ക് ശക്തിപകരുന്ന മാധ്യമ കരുത്ത് : സിഗ്നിസ് ഏഷ്യന്‍ സമ്മേളനം


09 ഒക്ടോബര്‍ 2012, മലേഷ്യ
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കു ശക്തിപകരാന്‍ മാധ്യമങ്ങള്‍ക്കു സാധിക്കണമെന്ന് കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ സംഘടന സിഗ്നിസിന്‍റെ ഏഷ്യന്‍ സമ്മേളനം. ഒക്ടോബര്‍ 1 മുതല്‍ 5 വരെ മലേഷ്യയിലെ പെത്താലിംഗ് ജായായില്‍ നടന്ന സിഗ്നിസ്‍ ഏഷ്യന്‍ സമ്മേളനം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, പ്രത്യേകിച്ച്, അന്തര്‍ദേശീയ, ദേശീയ കുടിയേറ്റ തൊഴിലാളികള്‍, അഭയാര്‍ത്ഥികള്‍, മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ എന്നിവരുടെ പ്രശ്നങ്ങളെക്കുറിച്ച് വിലയിരുത്തി. പലപ്പോഴും അവഗണിക്കപ്പെടുന്ന അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരും സാമൂഹ്യസമ്പര്‍ക്ക മാധ്യമവിദഗ്ദരും പരിശ്രമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദുര്‍ബല വിഭാഗങ്ങളെ മുന്‍വിധിയോടെ സമീപിക്കാതെ അവരെ അംഗീകരിച്ച് ആദരിക്കുന്ന മനോഭാവമാണ് സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത്. ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഉത്തരവാദിത്വം സഭയുടെ സാമൂഹ്യപ്രബോധനങ്ങളോടുള്ള പ്രതിബദ്ധതയുടെ അടയാളമാണെന്നും സിഗ്നിസ് ഏഷ്യ അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.