2012-10-08 10:16:54

മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് പൊതുസമ്മേളനം
ബനഡിക്ട് 16-ാമന്‍ പാപ്പ ഉത്ഘാടനം ചെയ്തു


8 ഒക്ടോബര്‍ 2012, വത്തിക്കാന്‍
ഒക്‍ടോബര്‍ 7-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ ബനഡിക്‍ട് 16-ാമന്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയോടെ മെത്രാന്മാരുടെ സിനഡു സമ്മേളനം ഉത്ഘാടനം ചെയ്യപ്പെട്ടു. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍നിന്നും എത്തിയ സിനഡു പിതാക്കന്മാരായ കര്‍ദ്ദിനാളന്മാരും മെത്രാപ്പോലീത്താമാരും മെത്രാന്മാരും, മറ്റ് സന്ന്യസ്തരും വൈദികരും അല്മായ പ്രതിനിധികളും പാപ്പായ്ക്കൊപ്പം ദിവ്യബലിയില്‍ പങ്കുചേര്‍ന്നു.

പാപ്പ ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ജനതകള്‍ക്കു പ്രകാശം (Ad Gentes) എന്ന പ്രമാണരേഖയോടു ചേര്‍ത്ത് നവസുവിശേഷവത്ക്കരണമെന്ന സഭയുടെ പുതിയ പ്രേഷിതപദ്ധതിയെ പാപ്പ വിശദീകരിച്ചു.

ലോകമെമ്പാടും സുവിശേഷം പ്രഘോഷിക്കുക, എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം ഉള്‍ക്കൊള്ളുന്ന
സഭയുടെ അസ്തിത്വം സുവിശേഷവത്ക്കരണമാണ്. ക്രിസ്തുവിന്‍റെ ആത്മാവ് കാലാകാലങ്ങളില്‍ സഭയ്ക്ക് നവമായ സുവിശേഷവത്ക്കരണ ചൈതന്യം നല്കിയിട്ടുണ്ട്. ആധുനിക യുഗത്തില്‍ സഭയ്ക്ക് സാര്‍വ്വലൗകികമായി ആത്മീയവും അജപാലനപരവുമായ നവദര്‍ശനം ഉണര്‍ത്തിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അതിനു തെളിവാണ്. ‘ജനതകള്‍ക്കു പ്രകാശ’മാകുക! ക്രിസ്തുവിനെ അറിയാത്തവരെ അവിടുത്തെ രക്ഷയുടെ സുവിശേഷം അറിയിക്കുക എന്നത് സഭാദൗത്യമാണ്, മാത്രമല്ല ജ്ഞാനസ്നാനംവഴി ക്രിസ്തുവിനെ അറിഞ്ഞവരും സ്വീകരിച്ചവരും ക്രിസ്തുവുമായും അവിടുത്തെ സുവിശേഷവുമായും യാതൊരു ബന്ധമില്ലാതെ ജീവിക്കുന്നുണ്ട്. അവരെ തിരികെ സഭയിലേയ്ക്ക് ആനയിക്കുവാനുള്ള നവസുവിശേഷവത്ക്കരണമെന്ന പദ്ധതിയും പരിശുദ്ധാത്മാവ് സഭയില്‍ ഇന്ന് ഉണര്‍ത്തുന്ന നൂതനമായ വെല്ലുവിളിയാണ്. ജീവിതത്തിന്‍റെ ആഴമായ അര്‍ത്ഥതലങ്ങളിലേയ്ക്കും ശാശ്വതമായ സമാധാനത്തിലേയ്ക്കും ഏവരെയും നയിക്കാന്‍ കഴിവുള്ള ക്രിസ്തുവിലേയ്ക്ക് സഭയില്‍നിന്നും അകന്നുപോയവരെ അടുപ്പിക്കുവാനുള്ള നവസുവിശേഷവത്ക്കരണ പദ്ധതി പ്രമേയമാക്കിയാണ് സിനഡു സമ്മേളനം ആരംഭിച്ചിരിക്കുന്നത്. സമൂഹത്തിലും കുടുംബത്തിലും വ്യക്തിജീവിതത്തിലും ആനന്ദവും പ്രത്യാശയും പുനരാവിഷ്ക്കരിക്കുന്ന കൃപാവരത്തിന്‍റെ സ്രോതസ്സായ ക്രിസ്തുവിനെ വീണ്ടും കണ്ടെത്തി, വിശ്വാസം നവീകരിക്കുവാനുള്ള പ്രായോഗിക പദ്ധതികള്‍ ഒരുക്കുകയാണ് ഇതിന്‍റെ പരമമായ ലക്ഷൃം.

ശാശ്വതമായ സ്നേഹത്തില്‍ സ്ത്രീയും പുരുഷനും ഒന്നിക്കുന്ന വിവാഹം ഇന്ന് ലോകത്തിന്,
വിശിഷ്യാ ക്രൈസ്തവികത നഷ്ടപ്പെട്ട ലോകത്തിന് സുവിശേഷമാകേണ്ടതാണ്, സദ്വാര്‍ത്തയാകേണ്ടതാണ്. ദൈവത്തെയും ദൈവസ്നേഹത്തെയും പ്രഘോഷിക്കാന്‍ കരുത്തുള്ള അഭേദ്യമായ സ്നേഹത്തിന്‍റെ അടയാളമാണ്, കൂദാശയാണ് വിവാഹം. എന്നാല്‍ ലോകത്ത് ഇന്ന് ആഴമായ പ്രതിസന്ധികള്‍ നേരിടുന്ന മേഖല ഇതുതന്നെയാണ്. അത് അകസ്മികമല്ലെന്നും മനസ്സിലാക്കണം. വിശ്വാസവുമായി വിവാഹം സവിശേഷമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്‍ നമ്മെ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ത്രിത്വൈക ദൈവത്തില്‍നിന്നും ഉതിരുന്ന അവികല സ്നേഹത്തിന്‍റെ പ്രതീകമാണ് വിവാഹം. ഈ പ്രസ്താവനയുടെ സ്വഭാവത്തിനും സത്യാവസ്ഥയ്ക്കും വിരുദ്ധമായിട്ടാണ് ഇന്ന് ലോകത്ത് നിരവധി വിവാഹബന്ധങ്ങള്‍ പൊട്ടിത്തകരുന്നതും ശിഥിലമാക്കപ്പെടുന്നതും. വിശ്വാസപ്രതിസന്ധിയും കുടുംബഛിദ്രവും പരസ്പരം ബന്ധപ്പെട്ടവയാണ്. ആകയാല്‍ സഭയെ സംബന്ധിച്ചിടത്തോളം വിവാഹം നവസുവിശേഷവത്ക്കരണ പദ്ധതിയുടെ വെറുമൊരു പഠനവിഷയമല്ല, മറിച്ച് അതിന്‍റെ നടുംതുണ്ടംതന്നെയാണ്. ആഗോളതലത്തിലുള്ള സഭാ സംരംഭങ്ങളും സമൂഹങ്ങളും രൂപതകളും പ്രസ്ഥാനങ്ങളും ഇന്ന് കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് നവീകരണ പദ്ധതികള്‍ ഒരുക്കുന്നത് എന്നതും
ഈ നോട്ടപ്പാടിലാണ്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസു സുവിശേഷവത്ക്കരണത്തിനു നല്കിയ നവമായ ഉള്‍പ്രേരണയായിരുന്നു, ഏവരും വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടിരിക്കുന്നു എന്നത് (LUMEN GENTIUM 39). സാമൂഹ്യ മത രാഷ്ട്രീയ പരിധികള്‍ക്കതീതമാണ് ഈ വിശുദ്ധി. നവജീവന്‍റെ
വറ്റാത്ത സ്രോതസ്സായ ക്രിസ്തുവില്‍ അവസാനം എത്തിച്ചേരുന്ന വിശുദ്ധിയുടെ സവിശേഷതയായ സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും ഭാഷ്യം സന്മനസ്സുളള ഏവര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ക്രൈസ്തവ ജീവതത്തിന്‍റെ പരമ ലക്ഷൃമായ ജീവിതവിശുദ്ധി നമ്മുടെ മാനുഷിക ബലഹീനതകളെ എളിമയോടെ ഏറ്റുപറയാന്‍ അനുവദിക്കണം. നവസുവിശേഷവത്ക്കരണത്തില്‍ ദൈവിക ശക്തിയെ വിശ്വാസതലത്തില്‍ നേരിടുമ്പോള്‍, പ്രതിബന്ധമായി നില്ക്കുന്നത് നമ്മുടെ മാനുഷിക ബലഹീനതകളാണ്. എങ്കില്‍ മാനസാന്തരത്തിനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമില്ലാതെ നവസുവിശേഷവത്ക്കരണത്തെക്കുറിച്ച് പ്രതിപാദിക്കുകതന്നെ അസാദ്ധ്യമാണ്. ദൈവവും സഹോദരങ്ങളുമായി രമ്യതപ്പെടുകയെന്നതാണ് നവസുവിശേഷവത്ക്കരണത്തിനുള്ള ഉത്തമ മാര്‍ഗ്ഗം(2 കൊറി. 5, 20). പ്രതിജ്ഞാബദ്ധരായി നവീകൃതരായാല്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട്, ക്രിസ്തുവിന്‍റെ രക്തത്താല്‍ ശുദ്ധീകൃതരായ ഏവരും ദൈവമക്കളെന്ന സ്ഥാനത്തിന് ന്യായമായും അര്‍ഹരായിത്തീരുകയും, അതിന്‍റെ സന്തോഷം അടുത്തും അകലെയുമുള്ള ഏവരുമായി പങ്കുവയ്ക്കുകയും ചെയ്യും.
സുവിശേഷവത്ക്കരണ പാതയില്‍ ജീവിച്ച സഭിയിലെ വിശുദ്ധാത്മാക്കളുടെ മാദ്ധ്യസ്ഥ്യം തേടാം.
തന്‍റെ ദൈര്‍ഘ്യമുള്ള അപ്പസ്തോലിക കാലംകൊണ്ടും നീണ്ട പ്രേഷിത യാത്രകള്‍കൊണ്ടും സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയുടെ നാന്നിയായി തീര്‍ന്ന വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അനുഗ്രഹം ഈ അവസരത്തില്‍ പ്രത്യേകം യാചിക്കാം. നവസുവിശേഷവത്ക്കരണ പാതിയിലെ പ്രഭാതാരമായ പരിശുദ്ധ കന്യകാ നാഥ നമ്മുടെ മാനുഷിക പരിശ്രമങ്ങളെ പ്രകാശിപ്പിക്കുകയും ഫലമണിയിക്കുകയും ചെയ്യട്ടെ.

നവസുവിശേഷവത്ക്കരണം – വിശ്വാസ പ്രചരണത്തിന് എന്ന പ്രമേയവുമായിട്ടാണ് മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് പൊതുസമ്മേളനം വത്തിക്കാനില്‍ പാപ്പ വിളിച്ചു കൂട്ടിയിരിക്കുന്നത്.
ഒക്ടോബര്‍ 28-വരെ സിനഡ് നീണ്ടുനില്ക്കും. ആഗോളസഭ ഒക്ടോബര്‍ 11-ാന് ആരംഭിക്കുന്ന വിശ്വാസവത്സരം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികം, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിന്‍ 20-ാം വാര്‍ഷം എന്നീ ചരിത്ര മുഹൂര്‍ത്തങ്ങളും ഈ സിനഡു സമ്മേളനത്തിന്‍റെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിപ്പിക്കുന്നു. ആഗോള സഭയിലെ പ്രാതിനിധ്യം ഉള്ളവരും തിരഞ്ഞെടുക്കപ്പെട്ടവരുമായ 262 (Bishops) മെത്രാന്മാരാണ് സിനഡ് പിതാക്കന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന അംഗങ്ങള്‍. സഭാ ശുശ്രൂഷയില്‍ സജീവമായി വ്യാപൃതാരായിരക്കുന്ന 45 (Experts) വിവിധ മേഖലകളിലെ വിദഗ്ദ്ധരും 49 (Observers) നീരീക്ഷകരും, ഇതര ക്രൈസ്തവ സഭകളുടെ 15 പ്രതിനിധികളെക്കൂടാതെ പാപ്പാ തിരഞ്ഞെടുക്കുന്ന 3 (Invitees) ക്ഷണിതാക്കളും അല്മായ പ്രതിനിധികളും സിനഡു സമ്മേളനത്തില്‍ മെത്രാന്മാരെകൂടാതെ സന്നിഹിതരായിരിക്കും.









All the contents on this site are copyrighted ©.