2012-10-08 11:04:00

ആഗോളസഭയ്ക്ക്
രണ്ടു പുതിയ വേദപാരംഗതര്‍


8 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
ആഗോള സഭയിലെ രണ്ടു വിശുദ്ധാത്മാക്കളെ ബനഡിക്ട് 16-ാമന്‍ പാപ്പ വേദപാരംഗതരുടെ (Doctors of the Church) പദവിയിലേയ്ക്ക് ഉയര്‍ത്തി.
ഒക്ടോബര്‍ 7-ാം തിയതി ഞായറാഴ്ച രാവിലെ വത്തിക്കാനില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹ ദിവ്യബലിയര്‍പ്പണമദ്ധ്യേയാണ് നിലവിലുള്ള രണ്ടു വിശുദ്ധാത്മാക്കളെ പാപ്പ വേദപാരംഗതരായി ഉയര്‍ത്തിയത്. കാലത്തെ അതിജീവിക്കുന്ന ആത്മീയതയുടെയും ദൈവശാസ്ത്ര ചിന്തകളുടെയും ഉടമകളായ വിശുദ്ധാത്മാക്കളെയാണ് സഭ വേദപാരംഗതന്മാരുടെ പദവിയിലേയ്ക്ക് പാപ്പ ഉയര്‍ത്തിയത്.

ഹില്‍ഡേഗാര്‍ഡ് ബെങ്കന്‍ 1098-1179
12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍കാരി ബെനഡിക്റ്റൈന്‍ സന്യാസിനിയാണ് വിശുദ്ധ ഹില്‍ഡേഗാര്‍ഡ് ബെങ്കന്‍. തനിക്ക് ദൈവത്തില്‍നിന്നും ലഭിച്ച അപാരമായ ബുദ്ധിപ്രകാശവും സര്‍ഗ്ഗചേതനയുംകൊണ്ട് തന്‍റെ കാലഘട്ടത്തെ ധന്യമാക്കിയ വിശുദ്ധയാണ്. പ്രാപഞ്ചിക രഹസ്യങ്ങളോട് അപാര സ്നേഹമുണ്ടായിരുന്ന ഹില്‍ഡേഗാര്‍ഡ് തൊഴില്‍കൊണ്ട് ഡോക്ടറും, കഴിവില്‍ കവയിത്രിയും കലാകാരിയും സംഗീതജ്ഞയും പ്രകൃതി സ്നേഹിയുമായിരുന്നു. എന്നാല്‍ സര്‍വ്വോപരി ഹില്‍ഡേഗാര്‍ഡ് ക്രിസ്തുവിനെയും സഭയെയും അത്യധികം സ്നേഹിച്ച വ്യക്തിയായിരുന്നെന്ന് പാപ്പ പ്രഭാഷണമദ്ധ്യേ വിശേഷിപ്പിച്ചു.

ആവിലായിലെ ജോണ്‍ 1499-1569
16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്പാനിഷ് ഇടവക വൈദികനാണ് പിന്നീട് ആവിലായിലെ വിശുദ്ധ ജോണ്‍ എന്നറിയപ്പെട്ടത്. അതിതീക്ഷ്ണമായ പ്രേഷിതചൈതന്യവും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുളള അപാര പാണ്ഡിത്യവുമാണ് അദ്ദേഹത്തെ വേദപാരംഗതന്മാരുടെ കൂട്ടത്തിലെത്തിക്കുന്നത്. മനുഷ്യകുലത്തന്‍റെ രക്ഷയ്ക്കായി ക്രിസ്തുവില്‍ വിരിഞ്ഞ രക്ഷാരഹസ്യങ്ങളിലേയ്ക്ക് അനായാസേന ചൂഴ്ന്നിറങ്ങുവാനും
ഈ വിശുദ്ധാത്മാവിനു സാധിച്ചിരുന്നു. കൗദാശിക ജീവിതത്തില്‍ അടിയുറച്ച് സഭയുടെ നവീകരണം ലക്ഷൃമാക്കി വൈദികരുടേയും സന്ന്യസ്തരുടെയും അല്മായരുടെയും രൂപീകരണത്തിനായും അക്കലാഘട്ടത്തില്‍ അശ്രാന്തം പരിശ്രമിച്ച പ്രേഷിതധീരനെയാണ് പാപ്പാ വേദപാരംഗതരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

സഭാ പിതാവായ വിശുദ്ധ അത്തനാസ്സിയൂസ് +373 മുതല്‍ ആധുനിക യുഗത്തിലെ വിശുദ്ധ കൊച്ചുത്രേസ്സ്യ +1897 വരെയുള്ള
33 വേദപാരംഗതരുടെ പട്ടികയിലേയ്ക്കാണ് വിശുദ്ധ ഹില്‍ഡേഗാര്‍ഡ് ബെങ്കനെയും ആവിലായിലെ വിശുദ്ധ ജോണിനെയും പാപ്പ ബനഡിക്ട് ഉയര്‍ത്തിയത്. അതോടെ സഭയിലെ വേദപാരംഗതരുടെ എണ്ണം ഇപ്പോള്‍ മുപ്പത്തിയഞ്ചാണ്.









All the contents on this site are copyrighted ©.