2012-10-04 17:39:51

അന്താരാഷ്ട്ര അഭയാര്‍ത്ഥി സമൂഹത്തോട്
രാഷ്ട്രങ്ങള്‍ സഹാനുഭാവം കാണിക്കണമെന്ന് വത്തിക്കാന്‍


4 ഒക്ടോബര്‍ 2012, ജനീവ
വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര അഭയാര്‍ത്ഥി സമൂഹത്തോട് രാഷ്ട്രങ്ങള്‍ സഹാനുഭാവം കാണിക്കുകയും, അവര്‍ക്ക് സംരക്ഷണം നല്കുകയും വേണമെന്ന്, ഐക്യ രാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ഒക്ടോബര്‍ 2-ാം തിയതി യുഎന്നിന്‍റെ ജനീവാ ആസ്ഥാനത്തുചേര്‍ന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 63-ാമത് സമ്മേളനത്തിലാണ്
ആര്‍ച്ചുബിഷപ്പ് തൊമാസി വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്.

രക്ഷപ്പെട്ടോടുന്ന, സ്ത്രീകളും കുട്ടികളും അടങ്ങുന്ന വന്‍ അഭയാര്‍ത്ഥി പ്രവാഹത്തെയാണ് ആഗോളതലത്തില്‍ സൃഷ്ടിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ പുതുതായി ഉയര്‍ന്നുവരുന്ന സാമൂഹ്യ-രാഷ്ട്രീയ കലാപങ്ങളുടെ കെടുതികള്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ രാഷ്ട്രത്തലവന്മാര്‍ എടുക്കുന്ന പരിഹാര മാര്‍ഗ്ഗങ്ങളുടെ വ്യര്‍ത്ഥതയും ഫലശൂന്യതയുമാണ്, ഈ വന്‍ അന്താരാഷ്ട്ര അഭയാര്‍ത്ഥി സമൂഹം ചൂണ്ടിക്കാണിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സഭയില്‍ പ്രസ്താവിച്ചു. രാജ്യാന്തരതലത്തില്‍ പടര്‍ന്നുപിടിക്കുന്ന രാഷ്ട്രീയ സാമൂഹ്യ കലാപങ്ങളെയും അവ സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി പ്രവാഹത്തെയും അന്തര്‍ദേശിയ സമൂഹത്തിന് ഇനിയും നിയന്ത്രിക്കാനാവാതെ പോകുന്നത് മനുഷ്യാവകാശത്തിന്‍റെ അവഗണനയാണെന്നും വത്തിക്കാന്‍റെ പ്രതിനിധി കുറ്റപ്പെടുത്തി.

സങ്കീര്‍ണ്ണവും വ്യതിരിക്തവുമായ ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും, ആഗോള സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുക്കുമ്പോള്‍, അഭയാര്‍ത്ഥികളും ആശ്രിതരുമായവരെ തുണയ്ക്കാനുള്ള സാദ്ധ്യതകള്‍ കുറഞ്ഞു വരുന്നതും ആശങ്കാജനകമാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.