2012-10-03 19:12:48

സഭാ നിയോഗങ്ങളുമായി
പാപ്പ ലൊരേറ്റോയിലെ മാതൃസന്നിധിയില്‍


3 ഓക്ടോബര്‍ 2012, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പാ ഇറ്റലിയിലെ ലൊരേറ്റോയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നു. ഒക്ടോബര്‍ 4-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് ഇറ്റലിയുടെ ഏഡ്രിയാറ്റിക്ക് സമുദ്രതീരത്തുള്ള പ്രസിദ്ധമായ ലൊരേറ്റോ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം പാപ്പ സന്ദര്‍ശിക്കുന്നത്. ആഗോള സഭയിലെ ചരിത്രസംഭവങ്ങളായ വിശ്വാസവത്സരം, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണജൂബിലി, നവസുവിശേഷവത്ക്കരണം വിഷയമാക്കിക്കൊണ്ടുള്ള മെത്രാന്മാരുടെ സിനഡിന്‍റെ 12-ാമത് സമ്മേളനം എന്നിവ ദിവ്യജനനിയുടെ തിരുസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ്
പാപ്പാ ഈ തീര്‍ത്ഥാടനം നടത്തുന്നത്.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് വത്തിക്കാന്‍ തോട്ടത്തില്‍നിന്നും ഹെലിക്കോപ്റ്ററില്‍ യാത്രചെയ്യുന്ന പാപ്പ 10 മണിക്ക് ലൊരേറ്റോയില്‍ ഇറങ്ങും. പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ലൊരേറ്റോ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ വിശാലമായ ചത്വരത്തില്‍ രാവിലെ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയാണ് സന്ദര്‍ശനത്തിലെ പ്രധാന പരിപാടി. ലൊരേറ്റോയിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന പാപ്പ വിവിധ മേഖലകളിലുള്ള സ്ഥലത്തെ പ്രമുഖരുമായും ഹ്രസ്വകൂടിക്കാഴ്ചകള്‍ നടത്തും. വൈകുന്നേരും 5 മണിക്ക് പാപ്പ വത്തിക്കാനിലേയ്ക്കു മടങ്ങും.
പാരമ്പര്യമനുസരിച്ച്, മറിയത്തിന്‍റെ നസ്രത്തിലെ കൊച്ചുഭവനം, 1291-ലെ കുരിശു യുദ്ധകാലത്ത് വിശുദ്ധ നാട്ടില്‍നിന്നും ക്രൊയേഷ്യയിലേയ്ക്കും, ഇസ്ലാമിക ആക്രമണത്തില്‍നിന്നു രക്ഷിക്കാന്‍ 1294-ല്‍ ഇറ്റലിയിലെ ലൊരേറ്റോയിലേയ്ക്കും മാലാഖമാരാല്‍ സംവഹിക്കപ്പെട്ടു എന്നാണ് വിശ്വാസം.
പവിത്രമായ നസ്രത്തിലെ കൊച്ചുവീടിന്‍റെ അത്ഭുതകരവും സുരക്ഷിതവുമായ ആകാശയാത്ര കണക്കിലെടുത്തുകൊണ്ട് അന്താരാഷ്ട്ര വൈമാനിക സംഘടന International Aeronautical Society 1910-ല്‍ ലൊരേത്തോയിലെ കന്യകാനാഥയെ ‘വൈമാനികരുടെ മദ്ധ്യസ്ഥയായി’
The Patroness of Pilots പ്രഖ്യാപിക്കുകയുണ്ടായി.








All the contents on this site are copyrighted ©.