2012-10-03 10:59:24

പകര്‍പ്പവകാശ നിയമത്തിന്‍റെ മനുഷ്യാവകാശ വശങ്ങള്‍


02 ഒക്ടോബര്‍ 2012, ജനീവ

പകര്‍പ്പവകാശ നിയമങ്ങള്‍ ആദരിക്കപ്പെടുന്നതോടൊപ്പം പകര്‍പ്പവകാശ നിയമത്തിന്‍റെ മനുഷ്യാവകാശ മാനവും അംഗീകരിക്കപ്പെടണമെന്ന്ഐക്യരാഷ്ട്ര സംഘടനയിലെ പരിശുദ്ധ സിംഹാസത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി. ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര പകര്‍പ്പവകാശ സംരക്ഷണ സംഘടനയുടെ (World Intellectual Property Organization-WIPO) സമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി പകര്‍പ്പവകാശ നിയമങ്ങളുടെ മനുഷ്യാവകാശ തലത്തെക്കുറിച്ചു പ്രതിപാദിച്ചത്. പകര്‍പ്പവകാശ നിയമങ്ങള്‍ സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ സംഘടന നടത്തുന്ന പരിശ്രമങ്ങള്‍ അനുമോദനാര്‍ഹമാണ്. എന്നാല്‍, പകര്‍പ്പവകാശ നിയമങ്ങള്‍ സാധാരണക്കാരുടെയോ അംഗവൈകല്യം സംഭവിച്ചവരുടേയോ വിവരാവകാശ സമത്വത്തിന് തിരിച്ചടിയാകരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വികസിതരാജ്യങ്ങളില്‍ അച്ചടിക്കപ്പെടുന്ന കൃതികളില്‍ 5 ശതമാനം മാത്രമേ കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കു ലഭ്യമാകുന്നുള്ളൂ. അവികസിത രാജ്യങ്ങളില്‍ അത് ഒരു ശതമാനത്തോളം മാത്രമാണ്. വികസിത രാജ്യങ്ങളില്‍ പോലും നൂതന സങ്കേതങ്ങളുടെ സഹായത്തോടെ കൈമാറപ്പെടുന്ന വിവരങ്ങളുടെ 5 ശതമാനത്തില്‍ താഴെ മാത്രമേ, അന്ധര്‍ക്കും കാഴ്ച്ചശക്തി കുറഞ്ഞവര്‍ക്കും അനുയോജ്യമായ ശ്രാവ്യരൂപത്തിലോ, വലിയ അക്ഷരങ്ങളിലോ, ബ്രയില്‍ ലിപിയിലോ ലഭ്യമാകുന്നുള്ളൂ എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് ആര്‍ച്ചുബിഷപ്പ് സില്‍വാനോ തോമാസി ചൂണ്ടിക്കാട്ടി. പകര്‍പ്പവകാശ നിയമങ്ങള്‍ സംരക്ഷിക്കപ്പെടുന്നതോടൊപ്പം അന്ധരുടേയോ, കാഴ്ച്ചശക്തി കുറഞ്ഞവരുടേയോ വിവരാവകാശം ആദരിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികളും രൂപീകരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തോമാസി ആവശ്യമുന്നയിച്ചു.








All the contents on this site are copyrighted ©.