2012-10-03 19:42:10

ദൈവം വസന്തകള്‍ അയയ്ക്കുന്നു (10)
കഠിനചിത്തനായ ഫറവോ


പഴയനിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ആദ്യത്തെ അഞ്ചെണ്ണം തന്നെയാണ്. അവയെ ‘പഞ്ചഗ്രന്ഥി’യെന്നു പണ്ഡിതന്മാര്‍ പേരിട്ടിരിക്കുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് രണ്ടാമത്തെ പുസ്തകമായ ‘പുറപ്പാടാ’ണെന്നും നിജപ്പെടുത്തിയിട്ടുമുണ്ട്. ദൈവജനത്തിന്‍റെ രൂപീകരണത്തിനും സീനായിലെ ഉടമ്പടിക്കും ഓരാമുഖമാണ് ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തി. അബ്രാഹത്തിന്‍റെ പുത്രനായ ഇസഹാക്കിന്‍റെ മകന്‍, യാക്കോബിന്‍റെ കുടുംബം ഈജിപ്തില്‍ ചെന്നു പാര്‍ത്തിട്ട് ജോസഫിനെ തുടര്‍ന്ന് അവസാനം മോശയുടെ നേതൃത്വത്തില്‍ കാനാന്‍ ദേശത്തേയ്ക്ക് പുറപ്പെടുന്നതാണ് പുറപ്പാടു ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം. ദൈവത്തിന്‍റെ ആജ്ഞ ഉള്‍ക്കൊണ്ട് മേദീയാന്‍ വിട്ട് തിരികെ ഈജിപ്തിലെത്തിയ മോശ ഫറവോയുടെ മുന്നില്‍ ഇസ്രാലിന്‍റെ മോചനത്തിനായി യാചിക്കുന്നു. എന്നാല്‍ ഫറവോ കഠിനചിത്തനായി ജനത്തെ പീഡിപ്പിക്കുന്നു. ദൈവം ഈജിപ്തിനെ പ്രഹരിക്കുന്നു.

ഇസ്രായേല്യരുടെ ഈജിപ്തിലെ ജീവിതം ദുഷ്ക്കരമായിരുന്നു. ഫറവോയുടെ കാര്യസ്ഥന്മാര്‍ അവര്‍ക്ക് ഇഷ്ടികയുണ്ടാക്കാനുള്ള വൈക്കോല്‍ നല്കാതായി.
എന്നാല്‍ ഇഷ്ടികയുടെ എണ്ണത്തില്‍ കുറവു വരുത്താന്‍ അവര്‍ സമ്മതിച്ചതുമില്ല.

ഇസ്രായേല്‍ക്കാരായ മേല്‍നോട്ടക്കാര്‍ അപ്പോള്‍ ഫറവോയെ സമീപിച്ച് പരാതിപ്പെട്ടു.
“പ്രഭോ, അങ്ങയുടെ ദാസന്മാരോട് എന്താണീ ചെയ്യുന്നത്? ഇഷ്ടിക നിര്‍മ്മിക്കാനാവശ്യമായ വൈക്കോല്‍ തരാതെയാണ് അതുണ്ടാക്കാന്‍ കാര്യസ്ഥന്മാര്‍ കല്പിക്കുന്നത്. കാര്‍ക്കശ്യത്തോടെയാണ് അവര്‍ ഞങ്ങളോടു പെരുമാറുന്നതും. ജോലിസ്ഥലങ്ങളില്‍ ജനം ഏല്ക്കുന്ന പ്രഹരത്തിനും പീഡനത്തിനും കയ്യും കണക്കുമില്ല. അങ്ങു ഞങ്ങളോടു കനിവുണ്ടാകണം.”

പക്ഷെ, ഫറവോയുടെ മറുപടി ക്രൂരമായിരുന്നു. “ഓ, നിങ്ങള്‍ അലസരാണ്. അതുകൊണ്ടാണ് കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ സീനായിലേയ്ക്കു പോകണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നത്.
നിങ്ങള്‍ പോയി ജോലി ചെയ്യുവിന്‍, നിങ്ങള്‍ക്കു വയ്ക്കോല്‍ തരേണ്ടെന്ന് കല്പിച്ചത് ഞാനാണു. എന്നാല്‍, ഇഷ്ടികയുടെ എണ്ണം കുറയ്ക്കാമെന്നു കരുതേണ്ട്.”വൈക്കോല്‍ ഇല്ലാതെ അനുദിനം ഉണ്ടാക്കുന്ന ഇഷ്ടികയുടെ എണ്ണത്തില്‍ കുറവുവരാന്‍ പാടില്ലെന്നു കേട്ടപ്പോള്‍ ഇസ്രായേല്‍ക്കാരായ മേലാളന്മാര്‍ ധര്‍മ്മ സങ്കടത്തിലായി. ജനപ്രതിനിധികള്‍ മോശയുടെ പക്കല്‍ചെന്ന് പരാതിപ്പെട്ടു.

“മോസസ്, ഈ ജനത്തെ വധിക്കാന്‍ നിങ്ങള്‍ ഫറവോയുടെ കാര്യസ്ഥന്മാരുടെ കൈയ്യില്‍ വാള്‍ കൊടുത്തിരിക്കുകയാണ്. നിങ്ങളുടെ വരവിനുശേഷമാണ് ഫറവോയുടെ പീഡനങ്ങള്‍ ഇത്രയേറെ വര്‍ദ്ധിച്ചത്. ഇനി എന്തുചെയ്യാന്‍!? നിങ്ങളുടെ പ്രവര്‍ത്തികള്‍ കാണുന്ന കര്‍ത്താവുതന്നെ നിങ്ങളെ വിധിക്കട്ടെ.”

തന്നെ വിളിച്ച ദൈവത്തോട് മോശ പരാതിപ്പെട്ടു.
“ദൈവമേ, എന്തിനാണ് അങ്ങ് എന്നെ ഈജിപ്തിലേയ്ക്കയച്ചത്? അങ്ങയുടെ നാമത്തില്‍ ഞാന്‍ സംസാരിക്കാന്‍ വന്നതു മുതല്‍ ഫറവോ ഈ ജനത്തെ കഷ്ടപ്പെടുത്തുകയാണ്. ഇനി എനിക്കാവില്ല.
അങ്ങുതന്നെ ജനത്തെ മോചിപ്പിക്കണമേ.”

അപ്പോള്‍ കര്‍ത്താവ് മോശയോടു പറഞ്ഞു. “ മോസസ്, മോസസ്, ഫറവോയോട് ഞാന്‍ എന്തു ചെയ്യുമെന്നു നീ ഉടനെ കാണും. എന്‍റെ കരം അവനെതിരെ ഉയര്‍ത്തപ്പെടും. അങ്ങനെ എന്‍റെ ജനത്തെ വിട്ടയക്കാന്‍ ഫറവോ നിര്‍ബന്ധിതനായിത്തീരും.” ദൈവം തുടര്‍ന്നു.
“ഞാന്‍ കര്‍ത്താവാണ്. അബ്രാഹത്തിനെയും ഇസഹാക്കിനെയും യാക്കോബിനെയും നയിച്ച സര്‍വ്വശക്തനായ ദൈവമാണു ഞാന്‍. പരദേശികളായി പാര്‍ത്തിരുന്ന അവര്‍ക്ക് കാനാന്‍ ദേശം നല്കുമെന്ന് ഉടമ്പടി ചെയ്തത് ഞാനാണ്.
ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍ മക്കളുടെ ദീനരോദനം ഞാന്‍ ശ്രവിച്ചിരിക്കുന്നു. എന്‍റെ ഉടമ്പടി ഞാന്‍ ഓര്‍മ്മിക്കുന്നു. അതു ഞാന്‍ പാലിക്കും!”

“ആകയാല്‍, മോസസ്, നീ ഇസ്രായേല്‍ മക്കളോടു പറയുക,
ഞാന്‍ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി ഞാന്‍ നിങ്ങളെ മോചിപ്പിക്കും. നിങ്ങളുടെ അടിമത്വത്തില്‍നിന്നും ഞാന്‍ നിങ്ങളെ സ്വതന്ത്രരാക്കും. കയ്യുയര്‍ത്തി ഈജിപ്റ്റിനെ കഠിനമിയി ശിക്ഷിച്ച്, നിങ്ങളെ ഞാന്‍ വീണ്ടെടുക്കും. എന്‍റെ ജനമായി നിങ്ങളെ ഞാന്‍ സ്വീകരിക്കും‍. നിങ്ങളുടെ ദൈവമായിരിക്കും ഞാന്‍. ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു ദൈവമായ കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്ത ദേശത്തേയ്ക്കു നിങ്ങളെ ഞാന്‍ ആനയിക്കും. ഞാന്‍ കര്‍ത്താവാണ്.”

ദൈവം വെളിപ്പെടുത്തിയതെല്ലാം ഇസ്രായേല്‍ മക്കളോടു മോശ പറഞ്ഞെങ്കിലും
അവര്‍ അനുഭവിച്ച ക്രൂരമായ അടിമത്വത്തിന്‍റെ മനോവ്യഥ നിമിത്തം അവര്‍ മോശയുടെ വാക്കുകള്‍ ശ്രവിച്ചില്ല. അപ്പോള്‍ കര്‍ത്താവു കല്പിച്ചു. “മോസ്സസ്, നീ പോയി ഈജിപതു രാജാവായ ഫറവോയോട് ഇസ്രായേല്‍ മക്കളെ വിട്ടയയ്ക്കാന്‍ പറയുക.”

മോശ കര്‍ത്താവിനോടു വീണ്ടും പറഞ്ഞു. “ഇസ്രായേല്‍ മക്കള്‍ പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ?
പോരെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ കഴിവില്ലാത്തവനല്ലേ.”

കര്‍ത്താവു മോശയോടും അഹറോനോടും കല്പിച്ചു.
“എന്‍റെ ജനത്തെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ മക്കളോടും ഫറവോയോടും വീണ്ടും പോയി പറയുക.”

കര്‍ത്താവു മോശയോടു പറഞ്ഞു. “ഇതാ, ഫറവോയ്ക്കു മുന്നില്‍ ഞാന്‍ നിന്നെ ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു. ഇസ്രായേല്‍ ജനത്തെ വിട്ടയ്ക്കാന്‍ നീ പോയി ഫറവോയോടു സംസാരിക്കുക. ഈജിപ്തു രാജ്യത്തു വളരെയേറെ അടയാളങ്ങളും അത്ഭുതങ്ങളും ഞാന്‍ പ്രവര്‍ത്തിക്കും. എങ്കിലും ഫറവോ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. ഞാന്‍ ഫറവോയുടെ ഹൃദയം കഠിനമാക്കും. എന്നാല്‍ ഈജിപ്തിനെ കഠിമായി ശിക്ഷിച്ച്, അവസാനം എന്‍റെ സൈന്യവും ജനവുമായ ഇസ്രായേലിനെ അവിടെനിന്നും ഞാന്‍ പുറത്തുകൊണ്ടുവരും. ഈജിപ്തിനെതിരെ കൈനീട്ടി ഇസ്രായേല്‍ മക്കളെ അവരുടെ ഇടയില്‍നിന്നും മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു കര്‍ത്താവെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും.”

മോശയും അഹറോനും കര്‍ത്താവു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവരെ ശ്രവിക്കാന്‍ ഫറവോ വിസ്സമ്മതിച്ചതുകൊണ്ടും ദൈവം കാണിച്ച അടയാളങ്ങള്‍ മനസ്സിലാക്കാതിരുന്നതുകൊണ്ടും
കര്‍ത്താവ് വസന്തകള്‍ അയച്ച് ഫറവോയെയും ഈജിപ്തുദേശം മുഴുവനെയും പീഡിപ്പിച്ചു. പത്തു വസന്തകളാണ് കര്‍ത്താവ് ഈജിപ്തിലേയ്ക്ക് അയച്ചത്.
മൂന്നു വിതമുള്ള മൂന്നുകൂട്ടമായിട്ട് ഒന്‍പതു വസന്തകള്‍കൊണ്ട് കര്‍ത്താവ് ഈജിപ്തിനെ പ്രഹരിച്ചു. പിന്നെ, പത്താമത്തേത് ഏറെ കഠിനമായിരുന്നു. അത് ഫറവോയുടെ ആദ്യജാതനെ വകവരുത്തിയതായിരുന്നു. വസന്തകളുടെ ഓരോ കൂട്ടത്തിലും ആദ്യത്തെ രണ്ടു വസന്തകള്‍ വരുന്നത് എപ്പോഴും ദൈവം നല്കുന്ന ശക്തമായ താക്കീതോടുകൂടെയാണ്. എന്നിട്ട് മൂന്നാമത്തേത് യാതൊരു മുന്നറിയിപ്പുമില്ലാതെയും. ഈ ഘടനയിലാണ് പുറപ്പാടു ഗ്രന്ഥകാരന്‍ ഈജിപ്റ്റില്‍ ദൈവം അയച്ച വസന്തകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഇവ്വിധം ദൈവം ഈജിപ്തുകാരോടു കഠിനമായി പെരുമാറിയിട്ടും ഫറവോ മനസ്സുമാറ്റിയില്ല. അയാള്‍ ഇസ്രായേല്യരെ വിട്ടയക്കാന്‍ കൂട്ടാക്കിയില്ല. ഈജിപ്തിലെ മന്ത്രവാദികളെ വിളിച്ചുകൂട്ടി ദൈവം അയച്ച കെടുതികളെ ചെറുത്തു നില്ക്കാന്‍ ഫറവോ പരിശ്രമിച്ചു. എന്നാല്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.
എങ്കിലും ഫറവോ കഠിനചിത്തനായിരുന്നു. അയാള്‍ ഇസ്രായേല്‍ക്കാരെ വിട്ടയച്ചില്ല.”

ഈജിപ്തിലുണ്ടായ വസന്തകള്‍ പ്രകൃതി ക്ഷോഭങ്ങളോ ദൈവം അത്ഭുതകരമായി സൃഷ്ടിച്ചവയോ
എന്ന് തെളിയിക്കുക നമുക്കിന്ന് സാദ്ധ്യമല്ല. എന്നാല്‍ തന്‍റെ ജനത്തിന്‍റെ മോചനത്തിനായുള്ള ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപെടല്‍ പുറപ്പാടിന്‍റെ ഗ്രന്ഥകാരന്‍ വിവരിക്കുന്നത് അടുത്ത പ്രക്ഷേപണത്തില്‍.

RealAudioMP3 RealAudioMP3







All the contents on this site are copyrighted ©.