2012-10-03 10:56:59

അന്യരുടെ നന്മയില്‍ ആനന്ദിക്കുക: മാര്‍പാപ്പ


(സെപ്തംബര്‍ 30ാം തിയതി ഞായറാഴ്ച മാര്‍പാപ്പ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)
ഈ ഞായറാഴ്ചയിലെ സുവിശേഷഭാഗത്ത് നാം ശ്രവിക്കുന്നത് ക്രിസ്തുവിന്‍റെ ജീവിതത്തില്‍ സംഭവിച്ച ആകസ്മികമായ ഒരു സംഭവമാണെന്നു തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ ആഴമാര്‍ന്ന അര്‍ത്ഥവ്യാപ്തിയുള്ള ഒന്നായിരുന്നു അത്. യേശുവിനെ അനുഗമിക്കാതിരുന്ന ഒരാള്‍ ക്രിസ്തുവിന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിച്ചതാണ് സംഭവം. യുവാവും തീക്ഷ്ണമതിയുമായിരുന്ന യോഹന്നാന്‍‍ അയാളെ തടയാന്‍ആഗ്രഹിച്ചെങ്കിലും ക്രിസ്തു അതിന് അനുവാദം നല്‍കിയില്ല. കൂടാതെ, തങ്ങളുടെ കൂട്ടത്തില്‍ ഇല്ലാത്തവരിലൂടെയും നല്ല കാര്യങ്ങളും അത്ഭുതപ്രവര്‍ത്തികളും പ്രവര്‍ത്തിക്കാന്‍ ദൈവത്തിനു സാധിക്കുമെന്ന് തന്‍റെ ശിഷ്യരെ പഠിപ്പിക്കാനും ക്രിസ്തു ഈ അവസരം വിനിയോഗിക്കുന്നു. ദൈവരാജ്യത്തിനുവേണ്ടി വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രവര്‍ത്തിക്കാവുന്നതാണെന്ന്, ഒരു പ്രേഷിതന് ഒരു പാത്രം വെള്ളം നല്‍കികൊണ്ടുപോലും, അതില്‍ പങ്കാളികളാകാമെന്ന് ക്രിസ്തു അവരെ ഉത്ബോധിപ്പിച്ചു.
വിശുദ്ധ അഗസ്തീനോസ് ഇക്കാര്യത്തെക്കുറിച്ചു വിശദീകരിക്കുന്നത് ഇപ്രകാരമാണ്. “കത്തോലിക്കാ സഭയ്ക്കുള്ളില്‍ കത്തോലിക്കമല്ലാത്ത കാര്യങ്ങള്‍ ദര്‍ശിക്കുന്നതുപോലെ, സഭയ്ക്കു പുറത്ത് കത്തോലിക്കമായിട്ടുള്ള കാര്യങ്ങളും കാണാവുന്നതാണ്”. (ദൊനാത്തിസ്തികള്‍ക്കെതിരേ, ജ്ഞാനസ്നാനത്തെക്കുറിച്ച്). സഭാംഗങ്ങള്‍ അതില്‍ അസൂയപ്പെടേണ്ടതില്ല. സഭാംഗമല്ലാത്ത ഒരാള്‍ ഉദ്ദേശശുദ്ധിയോടും ആദരവോടും കൂടി ക്രിസ്തുവിന്‍റെ നാമത്തില്‍പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ ആനന്ദിക്കുകയാണ് വേണ്ടത്. ചിലപ്പോഴൊക്കെ, സഭയ്ക്കുള്ളില്‍തന്നെ ചെറുസമൂഹങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍പോലും കൂട്ടായ്മയുടെ അരൂപിയില്‍ അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും പ്രയാസം നേരിടാറുണ്ട്. നേരെ മറിച്ച്, , സഭയിലും ലോകത്തിലും അനന്തമായ വൈഭവത്തോടെ പ്രവര്‍ത്തിക്കുന്ന ദൈവത്തിനു സ്തുതിയേകികൊണ്ട്, പരസ്പരം ആദരിച്ചും അംഗീകരിച്ചും ജീവിക്കേണ്ടവരാണ് നാം.
അന്യായമായി ധനം സമ്പാദിച്ചവര്‍ക്കെതിരേ വിശുദ്ധ യാക്കോബ് അപ്പസ്തോലന്‍ നല്‍കുന്ന കര്‍ക്കശമായ താക്കീതും ഈ ഞായറാഴ്ച ദിവ്യബലിമധ്യേ നാം ശ്രവിച്ചു. അന്യരെ ചൂഷണം ചെയ്ത് വാരിക്കൂട്ടിയ സമ്പത്തില്‍ ആശ്രയമര്‍പ്പിക്കുന്നവര്‍ക്കെതിരെ വിശുദ്ധ യാക്കോബ് ശ്ലീഹാ ശബ്ദമുയര്‍ത്തുന്നു. കേസറിയായിലെ ആര്‍ലെസ് ഒരു പ്രഭാഷണത്തില്‍ പറഞ്ഞതുപോലെ, “നല്ലവനായ ഒരു വ്യക്തിക്കെതിരേ തിന്മചെയ്യാന്‍ ധനത്തിനു സാധിക്കില്ല, കാരണം ദയാവായ്പ്പോടെ അവന്‍ അത് ദാനം ചെയ്യുന്നു. അതുപോലെ തന്നെ ദുര്‍വൃത്തനായ ഒരു വ്യക്തിയെ സഹായിക്കാനും ധനത്തിനാകില്ല, കാരണം അയാളത് അത്യാഗ്രഹത്തോടെ കാത്തുസൂക്ഷിക്കുകയോ, ദുര്‍വ്യയം ചെയ്ത് ധൂര്‍ത്തടിച്ചുകളയുകയോ ചെയ്യുന്നു.” ഭൗതിക സമ്പത്തിനായുള്ള അതിമോഹത്തിനെതിരെ മുന്നറിയിപ്പു നല്‍കുന്നതോടൊപ്പം, സാഹോദര്യ മനോഭാവത്തോടെ പൊതുനന്‍മ ലക്ഷൃമാക്കി എല്ലാമേഖലയിലും നീതിയുക്തവും ധാര്‍മ്മികവുമായ വിധത്തില്‍ അതുവിനിയോഗിക്കണമെന്നും വി. യാക്കോബ്ശ്ലീഹാ ആഹ്വാനം ചെയ്യുന്നു.
പ്രിയ സഹോദരരേ,
നന്മയ്ക്കുവേണ്ടിയുള്ള ഓരോ പദ്ധതിയിലും പ്രവര്‍ത്തനത്തിലും ആനന്ദിക്കാനും അനശ്വ സമ്പത്ത് ലക്ഷൃമാക്കി ഭൗതിക സമ്പത്ത് വിവേകപൂര്‍വ്വം വിനിയോഗിക്കാനും വേണ്ട അറിവു നല്‍കണമെയെന്ന് പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥതയിലൂടെ നമുക്കു പ്രാര്‍ത്ഥിക്കാം.








All the contents on this site are copyrighted ©.