2012-09-29 17:01:30

അതിരുകടന്നെത്തിയ വിശ്വാസ മാതൃക
30 സെപ്റ്റംമ്പര്‍, സീറോ മലബാര്‍ റീത്ത്


RealAudioMP3
മത്
തായി 15, 21-28 കാനാന്‍ കാരിയുടെ വിശ്വാസം
കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണമേ. നായ്ക്കളും യജമാനന്മാരുടെ മേശയില്‍നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ.

എന്നും പെരുമഴക്കാലത്തെന്നപോലെ ജീവിതം തളളിനീക്കേണ്ടി വന്ന ഒരമ്മയുടേയും മകളുടെയും കഥ പറയുകയാണ് ഇന്നത്തെ സുവിശേഷ ഭാഗം. അന്ന് നിലവിലുള്ള സാമൂഹ്യ ചട്ടങ്ങള്‍ ഭേദിച്ച് ഇതാ, ഒരു വിജാതീയ സ്ത്രീ, കാനാന്‍കാരി സ്ത്രീ അന്യസമുദായത്തില്‍പ്പെട്ട, യഹൂദനായ ക്രിസ്തുവിനെ കാണാനെത്തുന്നു. ചരിത്രപരമായി ദത്ത ശത്രുക്കളാണവര്‍! യഹൂദന്മാരും കാനാന്യരും തമ്മില്‍ ഉണ്ടായിട്ടുള്ള അനേകം യുദ്ധങ്ങളെപ്പറ്റി പഴയനിയമം സാക്ഷൃപ്പെടുത്തുന്നുണ്ട്. എന്നിട്ടും തന്‍റെ മകളുടെ, ഏതോ ബാധയുള്ള തന്‍റെ മകളുടെ ജീവിത ദുഃഖത്തിന്‍റെ പെരുമഴയില്‍ ക്രിസ്തുവെന്ന വിമോചകനെ സമീപിക്കാന്‍ അവള്‍ തയ്യാറാവുന്നു. ക്രിസ്തു ശത്രുഗോത്രത്തില്‍ പെട്ടവനാണെന്ന് അവള്‍ ചിന്തിക്കുന്നതേയില്ല. മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ ദുരന്തങ്ങള്‍ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്നു. ദുരന്തത്തിനു മുന്നില്‍ ശത്രുവെന്നോ മിത്രമെന്നോ ഉള്ള വ്യത്യാസമില്ല.

“മക്കള്‍ക്കുള്ള അപ്പമെടുത്ത് നായ്ക്കള്‍ക്കു കൊടുക്കുന്നതു വിഹിതമല്ലല്ലോ.” മത്തായി 15, 26.
താന്‍ അയക്കപ്പെട്ടത് യഹൂദ വംശജരെ, തന്‍റെതന്നെ കുലത്തെ സംരക്ഷിക്കാനാണ് എന്നായിരുന്നു ക്രിസ്തുവിന്‍റെ സംഭാഷണം വെളിപ്പെടുത്തുന്നത്. ‘മക്കള്‍,’ എന്ന ക്രിസ്തുവിന്‍റെ പ്രയോഗം ഇവിടെ സ്വന്തം ജനമായ ഇസ്രായേല്‍ക്കാരെ, യഹൂദജനത്തെ ഉദ്ദേശിച്ചാണ്. അവര്‍ക്കു മാത്രമുള്ളതാണ് താന്‍ കൊടുക്കുന്ന രക്ഷയുടെ അപ്പം എന്ന് ക്രിസ്തു അവളെ ധരിപ്പിക്കുകയാണ്. അല്ലെങ്കില്‍ അതൊരു വിശ്വാസ പരീക്ഷണമായിരുന്നിരിക്കാം. അതുകൊണ്ടാണ്, ‘ഈ അപ്പം എങ്ങനെ പുറംജാതിക്കാര്‍ക്കു കൊടുക്കും,’ എന്ന ധ്വനി തന്‍റെ സംഭാഷണത്തില്‍ ക്രിസ്തു കൊണ്ടുവരുന്നത്. എന്നാല്‍ സ്ത്രീ ധിഷണാശാലിയായിരുന്നു. അവള്‍ പറഞ്ഞു, “ഞാന്‍ മക്കളുടെ അപ്പം ചോദിച്ചില്ലല്ലോ. ഞാന്‍ ചോദിച്ചത് നായ്ക്കളുടെ അപ്പമാണ്. മേശയ്ക്കടിയില്‍ വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്ന് നായ്ക്കള്‍ തൃപ്തിയടയുന്നുണ്ടല്ലോ,” എന്നായിരുന്നു അവളുടെ ബുദ്ധിപൂര്‍വ്വകമായ മറുപടി.

ക്രിസ്തുവിനെ ആശ്ചര്യപ്പെടുത്തിയ പ്രതികരണമായിരുന്നു അത്. മക്കളുടെ അപ്പം നായ്ക്കള്‍ക്ക് കൊടുക്കുന്നത് വിഹിതമല്ല, എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ അവിടുന്ന് നിര്‍ബന്ധിതനാവുകയാണ്. രക്ഷയുടെ കവാടം ഇതാ, അവിടുന്ന് ഇസ്രായേലിന്‍റെ അതിരുകള്‍ക്കപ്പുറവും ലഭ്യമാക്കുന്നു.
തുടര്‍ന്ന് ക്രിസ്തു ആ സ്ത്രീയുടെ മകളെ സുഖപ്പെടുത്തി. ദൈവം വാഗ്ദാനംചെയ്യുന്ന രക്ഷ സകല ജനതകള്‍ക്കുമുള്ളതാണ്, എന്നു ക്രിസ്തു പരസ്യമായി പ്രഖ്യാപിക്കുന്നു. വിജാതിയ സ്ത്രീയുടെ വിശ്വാസം വലുതാണെന്ന് ക്രിസ്തു അംഗീകരിക്കുകയും ഏറ്റു പറയുകയും ചെയ്യുന്നു. ദൈവം ഏക പിതാവെന്ന് ഇനിയും അറിയാത്തവരെ അംഗീകരിക്കുവാനും സ്വീകരിക്കാന്‍ നമുക്കും ഇതുതന്നെയാണ് മാര്‍ഗ്ഗം.

ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്നം മതത്തെയും മതചിന്തകളെയും കേന്ദ്രീകരിച്ചുള്ളതാണ്. എന്‍റെ മതമാണ് ശരിയെന്നും, ബാക്കി എല്ലാം തെറ്റാണ് എന്നൊരു മനോഭാവം ലോകവ്യാപകമായി വളര്‍ന്നു വന്നിട്ടുള്ളത് ശ്രദ്ധേയമാണ്. മതമൗലികവാദം മാനവരാശിയെ ശിഥിലമാക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ ആഗോളവത്ക്കരണത്തിന്‍റെ നവമായ പ്രതിഭാസത്തില്‍ നമ്മുടെ യുഗത്തില്‍ മനുഷ്യര്‍ പരസ്പരം കൂടുതല്‍ അടുത്തടുത്തു വരികയാണ്. ജനപദങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഇന്നു വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. സമ്പര്‍ക്ക മാധ്യമ സൗകര്യങ്ങള്‍ക്കും യാത്രാ സൗകര്യങ്ങള്‍ക്കുമൊപ്പം, മനുഷ്യന്‍റെ അന്വേഷണ പരതയും ഈ ആഗോളവത്കൃത സമൂഹ്യ പ്രതിഭാസത്തെ ത്വരിതപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് മതസൗഹാര്‍ദ്ദം മിഥ്യയായി കാണരുത്. മൗലികവാദം
ഏതു മതത്തിനും വിനാശകരമാണ്. അത് സമൂഹത്തെ ചിഹ്നഭിന്നമാക്കും. ഇസ്ലാമിക മൗലികവാദം മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും മാനവകുലത്തിനുതന്നെയും ഒരുപോലെ അനിയന്ത്രിതമായ വിനയാണ്. വളര്‍ത്തുന്നതിനും പകരം അത് എല്ലാം തളര്‍ത്തുകയും തകര്‍ക്കുകയുമാണ് ചെയ്യുന്നതെന്നോര്‍ക്കണം.

സഭയെ നവമായ കാഴ്ചപ്പാടിലേയ്ക്കു നയിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമാണിത്. ഒപ്പം വിശ്വാസവത്സരവും. സഭയ്ക്ക് ഇതര മതങ്ങളോടുള്ള ബന്ധം സംബന്ധിച്ച് വളരെ ഋജുവായ സമീപനം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജനങ്ങളും
ഒരേ മാനവകുലത്തില്‍ പെട്ടവരാണ്. അവരുടെ പ്രഭവസ്ഥാനവും ലക്ഷൃവും ഒന്നുതന്നെ. മനുഷ്യവംശത്തെ ഭൂമുഖം പരക്കെ നിവസിപ്പിച്ചത് ദൈവമാണ്. എല്ലാ മനുഷ്യരുടെയും ആത്യന്തിക ലക്ഷൃവും ദൈവം തന്നെ! അവിടത്തെ പരിപാലനയും, നന്മയുടെ ആവിഷ്ക്കാരങ്ങളും രക്ഷാകരപദ്ധതികളും എല്ലാവരെയും സമാശ്ലേഷിക്കുന്നു. ക്രിസ്തു വാഗ്ദാനംചെയ്യുന്ന രക്ഷ അതിനാല്‍ സകല ലോകത്തെയും സംബന്ധിക്കുന്നതാണ്, ഒരു സമൂഹത്തിന്‍റെയോ ഗോത്രത്തിന്‍റേയോ കുത്തകയല്ലത്.
ക്രിസ്തുവില്‍ വിശ്വസിക്കുകയും, അവിടുത്തെ സ്നേഹത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഏവര്‍ക്കും അവിടുന്ന് സമീപസ്ഥനാണ്. ദുരിതമനുഭവിക്കുന്നവര്‍ക്കും സമൂഹത്തില്‍ മ്ലേച്ഛരെന്നു കണക്കാക്കപ്പെടുന്നവര്‍ക്കുമെല്ലാം ക്രിസ്തു ആശ്വാസമരുളുന്നവനും അവരെ സ്നേഹിക്കുന്നവനുമാണ്. അവിടുത്തെ സ്നേഹത്തില്‍ സജാതിയരോ വിജാതിയരോ എന്ന വ്യത്യാസമില്ല. അവിടുത്തെ ജീവിതദൗത്യം തന്നെ ‘വിശ്വസിക്കുന്നവര്‍ക്ക് സമീപസ്ഥനാക്കുക’ എന്നതാണ്.

“നഷ്ടപ്പെട്ട ഇസ്രായേല്‍ മക്കളുടെ അടുത്തേയ്ക്കാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്.” ഇവിടെ ക്രിസ്തു അര്‍ത്ഥമാക്കുന്നത് തന്നില്‍നിന്നു അകന്നുപോകുന്ന ജനസമൂഹത്തെയാണ്. അവിടുന്ന് നഷ്ടപ്പെട്ട ആടുകളെ തേടിയെത്തുന്ന നല്ലിടയനാണ്. രാജ്യത്തിന്‍റേയോ, ഗോത്രത്തിന്‍റേയോ വ്യവസ്ഥിതികളില്ലാതെ എല്ലാവരും യേശുവിന്‍റെ മുമ്പില്‍ സമന്മാരാണ്. അവിടുത്തെ മക്കളാണ്. നമ്മള്‍ പാപികളെങ്കിലും അവിടുത്തെ മാര്‍ഗത്തിലേയ്ക്ക് മനസ്സുതിരിച്ചാല്‍ സ്നേഹപൂര്‍വ്വം അവിടുന്ന് നമ്മെ കൈക്കൊള്ളും. സ്നേഹസമ്പന്നനായ പിതാവിന് എല്ലാ മക്കളും ഒരുപോലെയാണ്. ആരേയും വിധിക്കാന്‍ നമുക്ക് അവകാശമില്ല.

വാക്കിനും പ്രവൃത്തിക്കുമിടയില്‍ ലാസറിനും ധനികനുമിടയില്‍ എന്നപോലെ, സമൂഹ്യാന്തരത്തിന്‍റെയും ഭിന്നതയുടെയും അഗാധ ഗര്‍ത്തങ്ങളില്‍ വര്‍ത്തിക്കുന്ന മനുഷ്യന്‍റെ പലതരം കാപട്യങ്ങളെയും ക്രിസ്തു കാണുന്നുണ്ട്. സെക്ടേറിയനിസം, വിഭാഗീയത സമൂഹത്തില്‍ പ്രോത്സാഹിക്കപ്പെടരുത്. സമറിയാ ഗ്രാമത്തിലൂടെ നിരന്തരം സഞ്ചരിക്കാനിഷ്ടപ്പെട്ട യഹൂദഗുരുവായിരുന്നു ക്രിസ്തു. തന്‍റെ കഥകളിലെ നന്മനിറഞ്ഞവന് ‘സമരിയാക്കാരന്‍’ എന്ന വിശേഷണം നല്‍കാന്‍ സന്മനസ്സു കാണിച്ചവനാണ് അവിടുന്ന്. ഓരോ നിമിഷവും നമുക്കുചുറ്റും പലതരം മതിലുകള്‍ ഉയരുകയാണ്. പാലങ്ങളൊക്കെ തകര്‍ക്കപ്പെടുകയാണ്, എന്നിട്ടാണ് പടയോട്ടങ്ങള്‍ അരങ്ങേറുന്നത്! സാമുദായികമായ സംഘം ചേരലുകള്‍ നമ്മുടെ കൊച്ചുകേരളത്തിന്‍റെ വ്യാസം പിന്നെയും ചുരുക്കുന്നുണ്ട്. ഇന്ന് എക്കാലത്തെയുംകാള്‍ ആവശ്യമായിരിക്കുന്ന മതാതീത മാനവികതയെ ആരു പ്രഘോഷിക്കും?

നീതിക്കുവേണ്ടിയുള്ള മനുഷ്യന്‍റെ വിശപ്പിനെയും ദാഹത്തെയും നാം കാണാതെ പോയോ? പ്രവാചകന്മാര്‍ രൂപപ്പെടാത്ത കാലമാണിത്. ശ്രീരാമന്‍റെ വനവാസംപോലെ ദീര്‍ഘമായ പരിശീലനങ്ങള്‍ക്കു ശേഷവും പ്രവാചക ദര്‍ശനമുള്ളവര്‍ സമൂഹത്തില്‍ ഇല്ലാതെ പോകുന്നല്ലേ?
ആരാധനയ്ക്ക് ഞങ്ങളുടെ ജനത്തെ സ്വതന്ത്രമാക്കണമെന്നാണ് മോശ ഏകാധിപതിയായ ഫറവോയോട് ഓരോ പ്രാവശ്യവും ആവശ്യപ്പെട്ടത്. സ്വാതന്ത്ര്യവും ആരാധനയും തമ്മില്‍ അത്രയും ബന്ധമുണ്ടെന്നിരിക്കെ നമ്മുടെ വിശ്വാസ സമൂഹങ്ങള്‍ക്ക് ആരാധിക്കാന്‍ ശരിക്കും അര്‍ഹതയുണ്ടോ?
സത്യത്തെയും നീതിയെയും സമാധാനത്തെയുംപ്രതി, വളരെ അപകടകരമായി അവസ്ഥയില്‍ ജീവിച്ച ഒരാളായിരുന്നു ക്രിസ്തു. കൊല്ലപ്പെടേണ്ട വിധത്തില്‍ അപകടകാരിയായവന്‍ മലാഖമാര്‍ ഇടയരോട് ‘ഭയപ്പെടേണ്ട’ എന്നു പറഞ്ഞ രാവിലെയാണ് അവന്‍റെ ജനനം.

ചരിത്രത്തിന്‍റെ അതിനിര്‍ണ്ണായകമായ ദശാസന്ധിയിലാണ് നാമെന്ന് അറിയാം. ക്രിസ്തുവിനോടു ചേര്‍ന്നു നില്ക്കാം. അവിടുന്ന് നിത്യജീവന്‍റെ മഹാനദിയാണ്. നമുക്കേവര്‍ക്കും ഈ നദിയിലെ ജീവജലം ആഗിരണം ചെയ്തു ജീവിക്കാം. അതിന്‍റെ ഓരത്തു നില്ക്കുന്ന ഓരോ വൃക്ഷവും എല്ലാ വൃക്ഷങ്ങളും ജീവജലമാര്‍ജ്ജിച്ച് ബലംപ്രാപിക്കുന്നു, അവ വളര്‍ന്നു പന്തലിച്ച് പുഷ്പിക്കുന്നു ഫലമണിയുന്നു.
RealAudioMP3







All the contents on this site are copyrighted ©.