2012-09-26 18:23:54

പ്രത്യുല്പാദന ആരോഗ്യ പരിരക്ഷയില്‍
വീഴ്ച ആഗോളതലത്തില്‍


26 സെപ്റ്റംമ്പര്‍ 2012, ജനീവ
വിവേചനത്തിന്‍റെ പ്രത്യാഘാതമാണ് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അമിതമായ രോഗാവസ്ഥയും മരണനിരക്കുമെന്ന്, ഐക്യ രാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥിരംനിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 24-ാം തിയതി ഐക്യരാഷ്ട്ര സംഘടനയുടെ വിയെന്ന ആസ്ഥാനത്തു സമ്മേളിച്ച മനുഷ്യാവകാശ കമ്മിഷന്‍റെ 21-ാമത് സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രബന്ധത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇപ്രകാരം പ്രസ്താവിച്ചത്.

ഗര്‍ഭധാരണത്തിലും പ്രസവത്തിലും സ്ത്രീകളും കുഞ്ഞുങ്ങളും ആഗോളതലത്തില്‍ നേരിടുന്ന അമിതമായ രോഗാവസ്ഥയുടെയും മരണനിരക്കിന്‍റെയും സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ നിരീക്ഷണം സമ്മേളനത്തെ അറിയിച്ചത്. ഗര്‍ഭധാരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലും പ്രസവസമയത്തും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ശരിയായ പരിചരണവും വൈദ്യസഹായവും ശുശ്രൂഷയും മരുന്നുകളും പോഷകാഹാരവും ലഭ്യമല്ലാതെ വരുന്നതുകൊണ്ടാണ് അവരുടെ രോഗാവസ്ഥയും മരണനിരക്കും ആഗോളതലത്തില്‍ ഉയര്‍ന്നു നില്ക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസ്സി കുറ്റപ്പെടുത്തി. പ്രത്യുല്പാദന ആരോഗ്യ പരിരക്ഷ (reproductive health care) അതിന്‍റെ എല്ലാ മേഖലകളെയും പരിപോഷിപ്പിച്ചുകൊണ്ടുവേണം ജീവനെ അതിന്‍റെ എല്ലാ ഘട്ടങ്ങളിലും സംരക്ഷിക്കേണ്ടതെന്നും, അതിനു വിരുദ്ധമായ സാഹചര്യങ്ങളും നയങ്ങളും മനുഷ്യാവകാശ വിരുദ്ധമാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ആരോപിച്ചു.









All the contents on this site are copyrighted ©.