2012-09-25 15:42:35

കര്‍ദിനാള്‍ ബെര്‍ത്തോണയ്ക്ക് സ്പാനിഷ് ബഹുമതി


25 സെപ്തംബര്‍ 2012, ബാര്‍സലോണ
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണയ്ക്ക് സ്പെയിനിലെ രാജാവ് ഹ്വാന്‍ കാര്‍ലോസ് (Count of Barcelona) ‘ബാര്‍സെലോണയിലെ പ്രഭു’ എന്ന പുരസ്ക്കാരം നല്‍കി ആദരിച്ചു. സെപ്തംബര്‍ 25ാം തിയതി ചൊവ്വാഴ്ച ബാര്‍സലോണയില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദിനാള്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പെയിനില്‍ കത്തോലിക്കാ സഭ നല്‍കുന്ന സഹായത്തിനും സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് പുരസ്ക്കാരമെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നു വര്‍ഷത്തിലൊരിക്കലാണ് പുരസ്ക്കാരം നല്‍കപ്പെടുന്നത്.
സ്പെയിനിലെ ‘വാന്‍ഗ്വാര്‍ദിയ’ ദിനപത്രത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കൗണ്ട് ഓഫ് ബാര്‍സലോണ ഫൗണ്ടേഷനാണ് പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശകാര്യ ബന്ധങ്ങളില്‍ കര്‍ദിനാള്‍ നല്‍കുന്ന സംഭാവന, മാര്‍പാപ്പ ബാര്‍സലോണെയിലേക്കു നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിലുള്ള കൃതജ്ഞത, സാമ്പത്തീക പ്രതിസന്ധി നേരിടുന്ന സ്പെയിനില്‍ കത്തോലിക്കാസഭ നല്‍കുന്ന സേവനങ്ങള്‍ എന്നിങ്ങനെ മൂന്നൂ പ്രധാന കാര്യങ്ങള്‍ പുരസ്ക്കാരത്തില്‍ പ്രകടമാകുന്നുണ്ടെന്ന് വാന്‍ഗ്വാര്‍ദിയയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്റിക് ഹ്വാലിയാന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.