2012-09-25 15:42:27

ഇടവക സമൂഹത്തിന്‍റെ പ്രേഷിത ദൗത്യം


25 സെപ്തംബര്‍ 2012, റോം
സുവിശേഷ പ്രഘോഷണം ക്രൈസ്തവ വ്യക്തിത്വത്തിന്‍റെ ഭാഗമാണെന്ന് റോം രൂപതയ്ക്കുവേണ്ടിയുള്ള പേപ്പല്‍ വികാരി കര്‍ദിനാള്‍ അഗസ്തീനോ വല്ലീനി. സുവിശേഷവല്‍ക്കരണത്തിന്‍റെ അടിയന്തര പ്രാധാന്യം ഉള്‍ക്കൊള്ളാതിരിക്കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അജപാലന വര്‍ഷാരംഭത്തോടനുബന്ധിച്ച് സെപ്തംബര്‍ 24ാം തിയതി തിങ്കളാഴ്ച റോം രൂപതയിലെ വൈദീകരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍ വല്ലീനി. വിശ്വാസ കാര്യങ്ങളില്‍ അജ്ഞത പുലര്‍ത്തുന്ന നിരവധി സഭാംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാടിച്ച അദ്ദേഹം ഈ വിശ്വാസ നിരക്ഷരത നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇടവകവൈദികര്‍ക്കു പ്രോത്സാഹനം പകര്‍ന്നു. പ്രേഷിത ചൈതന്യത്തോടെ കര്‍മ്മനിരതമായ അജപാലന ശുശ്രൂഷ ഇടവക സമൂഹങ്ങളില്‍ അനിവാര്യമാണ്. ഇടവക ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കു പുറമേ, സുവിശേഷം പങ്കുവയ്ക്കുന്ന കുടുംബ സംഗമങ്ങളും അല്‍മായ സംഘങ്ങളും രൂപീകരിക്കേണ്ടതും സുപ്രധാനമാണ്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ മിഷനറിമാരായി ജീവിക്കാന്‍ ഇടവജനങ്ങള്‍ക്കു പരിശീലനം നല്‍കണമെന്ന് കര്‍ദിനാള്‍ വല്ലീനി വൈദികരെ ഉത്ബോധിപ്പിച്ചു.
All the contents on this site are copyrighted ©.